
കൊച്ചി: സംരംഭകർക്ക് മികച്ച ബാങ്കിംഗ് പിന്തുണ നൽകി ശാക്തീകരിക്കാൻ സൗത്ത് ഇന്ത്യൻ ബാങ്ക് ബിസിനസ്, കോർപ്പറേറ്റ് സ്റ്റാർട്ടപ്പ് കറണ്ട് അക്കൗണ്ടുകൾ അവതരിപ്പിച്ചു. സംരംഭം ആരംഭിച്ച് മൂന്ന് വർഷത്തിനുള്ളിൽ ഈ അക്കൗണ്ടുകൾ തുടങ്ങാം. പൊതു, സ്വകാര്യ കമ്പനികൾ, ഏകാംഗ കമ്പനികൾ, ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപുകൾ എന്നിങ്ങനെയുള്ള കമ്പനികൾക്ക് സേവനം ഉപയോഗപ്പെടുത്താം. ഈ അക്കൗണ്ടുകൾക്ക് മൂന്ന് വർഷംവരെ മിനിമം ബാലൻസ് ആവശ്യമില്ല. ഓൺലൈൻ ഇടപാടുകൾ പരിധിയില്ലാതെ നടത്താം. എയർപോർട്ട് ലോഞ്ച് ആക്‌സസ് ഉൾപ്പടെയുള്ള പ്രീമിയം ഡെബിറ്റ് കാർഡും ലഭിക്കും.
കൊച്ചി എസ്.ഐ. ബി ടവറിൽ നടന്ന ചടങ്ങിൽ സൗത്ത് ഇന്ത്യൻ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ പി. ആർ ശേഷാദ്രിയും ഇൻഫോപാർക്ക് കേരള സി.ഇ.ഒ സുശാന്ത് കുരുന്തിലും ചേർന്ന് അക്കൗണ്ട് അവതരിപ്പിച്ചു. സംരംഭം തുടങ്ങാനും വിപുലപ്പെടുത്താനും ആളുകളെ ശാക്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പി .ആർ ശേഷാദ്രി പറഞ്ഞു.
സൗത്ത് ഇന്ത്യൻ ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോൾഫി ജോസ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആന്റോ ജോർജ് ടി, ചീഫ് ജനറൽ മാനേജർ സഞ്ചയ് കുമാർ സിൻഹ, ചീഫ് ഇൻഫർമേഷൻ ഓഫീസർ എ. സോണി , ബ്രാഞ്ച് ബാങ്കിംഗ് മേധാവിയും സീനിയർ ജനറൽ മാനേജറുമായ എസ്. എസ് ബിജി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |