
കൊച്ചി: സാമ്പത്തിക പ്രതിസന്ധിയിലും കേരളത്തിലെ എല്ലാ വിഭാഗങ്ങളെയും പരിഗണിച്ച് വിവിധ പദ്ധതികൾക്ക് തുടക്കമിടുന്ന സന്തുലിതമായ ബഡ്ജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. ധന, വിഭവ സമാഹരണത്തിന് ഊന്നൽ നൽകുന്ന ബഡ്ജറ്റ് സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷം നൽകും.
ഒരുപാട് പദ്ധതികൾക്കായി തുക നീക്കിവച്ചിട്ടുണ്ടെങ്കിലും അവ നടപ്പിലാക്കാനുള്ള പണം സർക്കാരിലേക്ക് എത്തുന്നുണ്ടോയെന്നാണ് സംശയം. പ്രഖ്യാപിക്കപ്പെട്ട പദ്ധതികൾ എത്രത്തോളം നടപ്പാക്കുന്നുവെന്നതും പ്രധാനമാണ്.
സ്വകാര്യ സംരംഭകരെ പ്രോത്സാഹിപ്പിക്കാനുള്ള സൂചനകളും സ്വാഗതാർഹമാണ്. അതേസമയം, വലിയ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിന് നയപരമായ മാറ്റങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. വ്യവസായ ഐ.ടി പാർക്കുകളുടെ വികസനത്തിന് പദ്ധതികൾ പ്രഖ്യാപിച്ചത് സംസ്ഥാനത്തിന് ഗുണകരമാണ്.
ബഡ്ജറ്റിൽ മൂന്ന് മേഖലകൾക്കാണ് പ്രാധാന്യം. കേരളത്തെ വൈജ്ഞാനിക സാമ്പത്തിക ശക്തിയായി മാറ്റി ജോലി സാദ്ധ്യത കേരളത്തിൽ സൃഷ്ടിച്ച് യുവാക്കളുടെ വിദേശ കുടിയേറ്റം കുറയ്ക്കാൻ ലക്ഷ്യമിടുന്നതും സ്വാഗതാർഹമാണ്. സ്റ്റാർട്ടപ്പിന് പ്രാമുഖ്യം നൽകുന്നുവെന്നതും ശ്രദ്ധേയം. ഐ.ടി മേഖലയുടെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള തീരുമാനവും ഏഴ് സർവകലാശാലകളിൽ സെന്റർ ഒഫ് എക്‌സലൻസ് പ്രഖ്യാപിക്കാനുള്ള തീരുമാനവും ടൂറിസം മേഖലയുടെ വിവിധോന്മുഖമായ വികസനത്തിനുള്ള പദ്ധതികളും ഗുണകരമാകും.
നഗര വികസനത്തിനുള്ള കമ്മീഷൻ, കൃഷി, ഉത്പാദനമേഖലകളെ പരിപോഷിപ്പിക്കൽ, വയനാടിനുള്ള 750 കോടി രൂപ യുടെ സഹായം, പ്രവാസികൾക്കായുള്ള പദ്ധതികൾ, വിഴിഞ്ഞത്തെ സാമ്പത്തിക സോണാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയ ബഡ്ജറ്റ് നിർദേശങ്ങളും സ്വാഗതാർഹമാണ്.
( ഡോ. എസ്. സന്തോഷ് കുമാർ, ഡയറക്‌ടർ, ഡി.ഡി.യു കൗശൽ കേന്ദ്ര, കുസാറ്റ്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |