
മാർജിൻ കുറയുന്നതിനാൽ ലാഭം ഇടിയുന്നു
കൊച്ചി: വിപണിയിലെ പണ ലഭ്യത കുറയുന്നതും വായ്പകളുടെ തിരിച്ചടവ് മുടങ്ങുന്നതും കേരളം ആസ്ഥാനമായ സ്വകാര്യ ബാങ്കുകൾക്ക് വെല്ലുവിളി വർദ്ധിപ്പിക്കുന്നു. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസത്തിൽ ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, സി.എസ്.ബി ബാങ്ക് എന്നിവയ്ക്കൊന്നും പ്രതീക്ഷിച്ച വളർച്ച നേടാനായില്ല. ധനലക്ഷ്മി ബാങ്കിന് മാത്രമാണ് അറ്റാദായത്തിൽ ഇക്കാലയളവിൽ മികച്ച മുന്നേറ്റം നേടാനായത്.
സംസ്ഥാനത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്കിന്റെ അറ്റാദായം മൂന്നാം ത്രൈമാസത്തിൽ മുൻവർഷത്തേക്കാൾ അഞ്ച് ശതമാനം ഇടിവോടെ 955 കോടി രൂപയിലെത്തി.
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അറ്റാദായം ഒക്‌ടോബർ മുതൽ ഡിസംബർ വരെയുള്ള ത്രൈമാസത്തിൽ 12 ശതമാനം വർദ്ധനയോടെ 342 കോടി രൂപയിലെത്തി. എന്നാൽ ജൂലായ്-സെപ്തംബർ കാലയളവിലെ 325 കോടി രൂപയേക്കാൾ നേരിയ വർദ്ധന മാത്രമാണ് നേടാനായത്. അറ്റ പലിശ വരുമാനം മുൻവർഷത്തേക്കാൾ ആറ് ശതമാനം ഉയർന്നെങ്കിലും സെപ്‌തംബർ പാദത്തേക്കാൾ 1.5 ശതമാനം കുറവാണ്. സി.എസ്.ബി ബാങ്കിന്റെ അറ്റാദായം രണ്ട് കോടി രൂപയുടെ വർദ്ധനയോടെ 152 കോടി രൂപയിലെത്തി. ധനലക്ഷ്മി ബാങ്കിന്റെ അറ്റാദായം 563.33 ശതമാനം ഉയർന്ന് 19.9 കോടി രൂപയിലെത്തി.
പ്രൊവിഷനിംഗ് കൂടുന്നു
വായ്പകളിലെ തിരിച്ചടവ് മുടക്കങ്ങാനുള്ള സാദ്ധ്യത മുൻനിർത്തി 292 കോടി രൂപ പ്രൊവിഷനിംഗിനായി മാറ്റിവച്ചതാണ് അറ്റാദായത്തിൽ ഇടിവുണ്ടാക്കിയത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രൊവിഷനിംഗ് തുകയാണിത്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെയും പ്രൊവിഷൻസ് 36 ശതമാനം വർദ്ധനയോടെ 66 കോടി രൂപയിലെത്തി. സി.എസ്.ബി ബാങ്കിന്റെയും പ്രൊവിഷനിംഗ് തുക മുൻവർഷത്തെ അഞ്ച് കോടി രൂപയിൽ നിന്നും 17 കോടി രൂപയായി ഉയർന്നു.
കേരളത്തിലെ സ്വകാര്യ ബാങ്കുകളുടെ മൊത്തം അറ്റാദായം
1,469 കോടി രൂപ
അനുകൂല ഘടകങ്ങൾ
1. പലിശ നിരക്ക് ഉയർന്നതോടെ വരുമാന മാർജിൻ മെച്ചപ്പെട്ടു
2. സാങ്കേതികവിദ്യ പ്രവർത്തന കാര്യക്ഷമത ഉയർത്തിയതോടെ ചെലവുകൾ കുറയുന്നു
3. വായ്പകളിലും നിക്ഷേപങ്ങളിലും മികച്ച വളർച്ച നേടാനാകുന്നു
4. പുതിയ സേവനങ്ങളും ഉത്പന്നങ്ങളും അവതരിപ്പിച്ച് ഫീ വരുമാനം നേടുന്നു
വെല്ലുവിളികൾ
1. റിസർവ് ബാങ്ക് പലിശ കുറച്ചതിനാൽ മാർജിൻ ഇടിയുന്നു
2. സാമ്പത്തിക മേഖലയിലെ തളർച്ച മൂലം കിട്ടാക്കടങ്ങൾ കൂടാനുള്ള സാദ്ധ്യത
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |