
തിരുവനന്തപുരം: മൊബൈൽ ഇന്റർനെറ്റിന്റെയും കോളുകളുടെയും വേഗതയും കാര്യക്ഷമതയും കൂട്ടി ബി.എസ്.എൻ.എൽ. സംസ്ഥാനത്തെമ്പാടുമായി 5000 4ജി ടെക്നോളജി സംവിധാനത്തോടെയുള്ള ടവറുകൾ സ്ഥാപിച്ചതോടെയാണിത്. ഈ ടവറുകളുടെ മേഖലകളിൽ അതിവേഗതയിൽ ഇന്റർനെറ്റും കോളുകളും കിട്ടും. രാജ്യത്താകെ ഇതിനകം 65000 ടവറുകൾ സ്ഥാപിച്ചുകഴിഞ്ഞു. ഒരുലക്ഷം ടവറുകളാണ് ലക്ഷ്യം. കേരളത്തിൽ ഇനിയും കൂടുതൽ ടവറുകൾ വരും. ഈ വർഷം ജൂൺ മാസത്തോടെ 4ജി ടവറുകളുടെ വിന്യാസം പൂർത്തിയാകും. ജൂണിന് ശേഷം 5ജി ടവറുകളാക്കി രൂപമാറ്റത്തിനുള്ള നടപടികളും തുടങ്ങും. രാജ്യത്ത് കുറഞ്ഞ ചെലവിൽ 4ജി സേവനങ്ങൾ നൽകുന്ന ഏക സ്ഥാപനമാണ് ബി.എസ്.എൻ.എൽ.
കൂടുതൽ ടവറുകൾ വന്നതോടെ ബി.എസ്.എൻ.എല്ലിനെ കുറിച്ച് നെറ്റ് വർക്കില്ലെന്നതും നെറ്റ് സ്പീഡ് കുറവാണെന്നതുമൊക്കെയായ പരാതികൾക്കാണ് പരിഹാരമാകുന്നത്. നിരക്കും താരിഫ് പാക്കേജും താരതമ്യേന കുറവാണെന്നുള്ളത് സെക്കൻഡറി കണക്ഷൻ ബി.എസ്.എൻ.എല്ലിലേക്ക് മാറുന്ന പ്രവണത കൂടിവരികയാണെന്നാണ് റിപ്പോർട്ട്. അതേസമയം, മൊബൈൽ ഇന്റർനെറ്റ് മേഖലയിലെ ഇതര സ്ഥാപനങ്ങളുമായി മത്സരിക്കാൻ ബി.എസ്.എൻ.എൽ. ഇനിയും കരുത്ത് നേടേണ്ടതുണ്ട്. ഇത്തവണ ഏറെ വർഷത്തിന് ശേഷം ബി.എസ്.എൻ.എൽ.പ്രവർത്തന ലാഭം നേടി. രാജ്യത്ത് ബി.എസ്.എൻ.എല്ലിന് പിന്തുണ നൽകുന്ന സംസ്ഥാനമാണ് കേരളം. നഷ്ടത്തിലായിരുന്ന സമയത്തിലും ലാഭം കൈവരിച്ചിരുന്ന മേഖലകൾ കേരളവും മുംബയും ആയിരുന്നു. ഇവിടങ്ങളിൽ കൂടുതൽ വികസനം നടത്താനാണ് തീരുമാനം.
സംസ്ഥാനത്തെ മൊബൈൽ, ഇന്റർനെറ്റ് ടവറുകളുടെ എണ്ണം
ബി.എസ്.എൻ.എൽ. 5000
ജിയോ 15000
എയർടെൽ 22000
വൊഡാഫോൺ 8000
മൊബൈൽ ഫോൺ കണക്ഷനുകളുടെ എണ്ണം
ബി.എസ്.എൻ.എൽ. - 97.19ലക്ഷം
ജിയോ - 1.01കോടി
വൊഡാഫോൺ - 1.42കോടി
എയർടെൽ - 80.45ലക്ഷം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |