SignIn
Kerala Kaumudi Online
Tuesday, 19 May 2026 8.07 AM IST

കാർ വിപണിയിൽ ആവേശ മുന്നേറ്റം

cars

വിൽപ്പനയിൽ മികച്ച വർദ്ധനയുമായി കമ്പനികൾ

കൊച്ചി: രാജ്യത്തെ കാർ വിപണിയിലെ വിൽപ്പന മുന്നേറ്റം ഫെബ്രുവരിയിലും തുടരുന്നു. കഴിഞ്ഞ മാസം മുൻനിര കാർ കമ്പനികളെല്ലാം വിൽപ്പനയിൽ പത്ത് ശതമാനത്തിലധികം വളർച്ചയാണ് നേടിയത്. പെട്രോൾ, ഡീസൽ വാഹനങ്ങൾക്കൊപ്പം ഇലക്ട്രിക് വണ്ടികളുടെയും വിൽപ്പന മെച്ചപ്പെട്ടു. കിയ ഇന്ത്യ, റെനോൾട്ട്, എം.ജി ഹെക്‌ടർ, ടാറ്റ മോട്ടോർഴ്‌സ് പാസഞ്ചർ വെഹിക്കിൾക്ക്, ടൊയോട്ട എന്നിവ പത്ത് ശതമാനത്തിലധികം വർദ്ധനയാണ് വിൽപ്പനയിൽ നേടിയത്.

കിയ ഇന്ത്യ വിൽപ്പനയിൽ 10.3 ശതമാനം വളർച്ച

ഫെബ്രുവരിയിൽ കിയ ഇന്ത്യയുടെ വാഹന വിൽപ്പന 10.3 ശതമാനം ഉയർന്ന് 27,610 യൂണിറ്റുകളായി. മുൻവർഷം ഇക്കാലയളവിൽ വിൽപ്പന 25,026 വാഹനങ്ങളായിരുന്നു. എസ്.യു.വി, എം.പി.വി, ഇലക്ട്രിക് വാഹനങ്ങളുടെ നിരയിൽ മികച്ച വിൽപ്പനയാണ് ഇക്കാലയളവിൽ നേടിയത്. കുടുംബ ഉപഭോക്താക്കൾക്ക് ഇടയിൽ കിയ കാരൻസ് ഏറെ ആകർഷണം നേടുന്നു.

കുതിച്ച് റെനോൾട്ട് ഇന്ത്യ

റെനോൾട്ട് ഇന്ത്യയുടെ കാർ വിൽപ്പന ഫെബ്രുവരിയിൽ 31 ശതമാനം ഉയർന്ന് 3,495 യൂണിറ്റുകളായി. കഴിഞ്ഞ വർഷം ഇതേകാലയളവിൽ 2,675 വാഹനങ്ങളാണ് റെനോൾട്ട് വിറ്റഴിച്ചത്. കൈഗർ, ട്രൈബർ മോഡലുകളിലുണ്ടായ മികച്ച വിൽപ്പനയാണ് പ്രകടനം മെച്ചപ്പെടുത്താൻ റെനോൾട്ടിനെ സഹായിച്ചത്.

ജെ.എസ്.ഡബ്‌ള‌്യു എം.ജി മോട്ടോർ

ഫെബ്രുവരിയിൽ വിൽപ്പനയിൽ 24 ശതമാനം വളർച്ചയുമായി ജെ.എസ്.ഡബ്‌ള‌്യു എം.ജി മോട്ടോർ മികച്ച പ്രകടനം കാഴ്ചവെച്ചു. കഴിഞ്ഞ മാസം മൊത്തം 4,957 കാറുകളാണ് എം. ജി മോട്ടോർ വിറ്റഴിച്ചത്. ഇന്റേണൽ കംമ്പസ്റ്റൻ എൻജിൻ വാഹനങ്ങളിലും ഇലക്ട്രിക് കാറുകളുടെ വിൽപ്പനയിലും മികച്ച വളർച്ച നേടാനായെന്ന് കമ്പനി പത്രക്കുറിപ്പിൽ വ്യക്തമാക്കി. കഴിഞ്ഞ മാസം പ്രീമിയം എസ്.യു.വിയായ എം.ജി മജസ്‌റ്റർ കമ്പനി വിപണിയിൽ അവതരിപ്പിച്ചിരുന്നു.

ടാറ്റ മോട്ടോഴ്‌സ് പി.വി

ടാറ്റ മോട്ടോഴ്‌സ് യാത്രാ വാഹനങ്ങളുടെ വിൽപ്പന കഴിഞ്ഞ മാസം 35 ശതമാനം വർദ്ധനയോടെ 63,333 യൂണിറ്റുകളായി. കഴിഞ്ഞ വർഷം ഇക്കാലയളവിൽ 46,911 വാഹനങ്ങളാണ് കമ്പനി വിൽപ്പന നടത്തിയത്. കയറ്റുമതിയിലും മികച്ച വളർച്ച നേടാനായി. കയറ്റുമതി 376 യൂണിറ്റുകളിൽ നിന്ന് 1,002 വാഹനങ്ങളായി ഉയർന്നു. വൈദ്യുതി വാഹനങ്ങളുടെ വിൽപ്പനയിലും മികച്ച ഉണർവുണ്ടായി. മൊത്തം 8,385 ഇലക്ട്രിക് വാഹനങ്ങളാണ് ടാറ്റ മോട്ടോഴ്‌സ് വിൽപ്പന നടത്തിയത്.

ടൊയോട്ട കിർലോസ്കറിന് വിൽപ്പന മുന്നേറ്റം

ടൊയോട്ട കിർലോസ്‌കറിന്റെ വാഹന വിൽപ്പന ഫെബ്രുവരിയിൽ 20 ശതമാനം വർദ്ധനയോടെ 34,034 യൂണിറ്റുകളായി. മുൻവർഷം ഇതേകാലയളവിൽ 28,414 വാഹനങ്ങളാണ് വിറ്റഴിച്ചത്. കമ്പനിയുടെ കയറ്റുമതിയിൽ ഇക്കാലയളവിൽ 65 ശതമാനം വർദ്ധനയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360