SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.05 AM IST

ക്രൂഡോയിൽ വില വീണ്ടും കത്തുന്നു

crude

ഹോർമുസ് ബ്ളോക്കേഡ് വിനയായി

കൊച്ചി: അമേരിക്കയും ഇറാനുമായി പാക്കിസ്ഥാനിൽ നടന്ന സമാധാന ചർച്ച പൊളിഞ്ഞതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില വീണ്ടും കത്തിക്കയറുന്നു. ഇറാനിൽ നിന്നും ഇറാനിലേക്കും പോകുന്ന കപ്പലുകൾ ഹോർമുസ് ഇടനാഴിയിൽ തടയാനുള്ള അമേരിക്കയുടെ തീരുമാനമാണ് വിപണിയെ ചൂടുപിടിപ്പിച്ചത്. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ വിപണിയിൽ വ്യാപാരം ആരംഭിച്ചപ്പോൾ ക്രൂഡോയിൽ വില എട്ട് ശതമാനം വർദ്ധനയോടെ വീണ്ടും ബാരലിന് 103 ഡോളർ കവിഞ്ഞു. ഇറാന്റെ എണ്ണ വിൽപ്പന പൂർണമായും നിലയ്ക്കാൻ ഉപരോധം കാരണമാകും. നിലവിൽ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 104 ഡോളറും ഡബ്‌ള്യു.ടി.ഐ ഓയിലിന്റെ വില 106 ഡോളറിലുമാണ്.

എണ്ണ വില കുതിച്ചുയർന്നതോടെ ആഗോള സാമ്പത്തിക മേഖല വീണ്ടും അനിശ്ചിതത്വത്തിലേക്ക് നീങ്ങി. യുദ്ധം ഒരു മാസം കൂടി നീണ്ടാൽ ഗൾഫ് മേഖലയ്ക്കൊപ്പം യൂറോപ്പും മറ്റ് ഏഷ്യൻ രാജ്യങ്ങളും അമേരിക്കയും കടുത്ത പ്രതിസന്ധിയിലാകും. നാണയപ്പെരുപ്പം ഗണ്യമായി ഉയരുന്നതോടെ പലിശ നിരക്ക് കുറയാൻ സാദ്ധ്യത മങ്ങുന്നതാണ് നിക്ഷേപകർക്ക് നെഞ്ചിടിപ്പ് ഉയർത്തുന്നത്.

ഓഹരി വിപണിയിൽ തകർച്ച

ഇറാനും അമേരിക്കയുമായി വീണ്ടും സംഘർഷം മൂർച്ഛിച്ചതോടെ ഇന്ത്യൻ ഓഹരി വിപണി കനത്ത തിരിച്ചടി നേരിട്ടു. സെൻസെക്‌സ് 703 പോയിന്റ് ഇടിഞ്ഞ് 76,847.57ൽ അവസാനിച്ചു. നിഫ്‌റ്റി 208 പോയിന്റ് നഷ്‌ടവുമായി 23,842.65ൽ എത്തി. ബാങ്കിംഗ്, വാഹന, ഐ.ടി മേഖലകളിലെ കമ്പനികളാണ് പ്രധാനമായും തിരിച്ചടി നേരിട്ടത്. ഹോർമുസ് ബ്ളോക്ക് ചെയ്യാനുള്ള അമേരിക്കൻ തീരുമാനം ആഗോള ഇന്ധന സുരക്ഷിതത്വത്തെ ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്. ഏഷ്യയിലെ മറ്റ് വിപണികളും യൂറാേപ്യൻ സൂചികയും നഷ്‌ടത്തിലായി.

രൂപയ്ക്കും തിരിച്ചടി

ക്രൂഡോയിൽ വിലയിലെ കുതിപ്പും ഓഹരി വിപണിയിലെ തകർച്ചയും രൂപയ്ക്കും സമ്മർദ്ദം വർദ്ധിപ്പിച്ചു. ഇന്നലെ ഡോളറിനെതിരെ രൂപ 56 പൈസ നഷ്‌ടവുമായി 93.39ൽ അവസാനിച്ചു. ആഗോള രംഗത്തെ ഡോളർ കരുത്താർജിച്ചതും തിരിച്ചടിയായി.

ബ്രെന്റ് ക്രൂഡോയിൽ വില

104 ഡോളർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360