ന്യൂഡൽഹി: ഇന്ത്യൻ കരസേനാ മേധാവി ജനറൽ ധീരജ് സേത്ത് കഴിഞ്ഞ ദിവസമാണ് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി നേപ്പാളിൽ എത്തിയത്. അദ്ദേഹത്തിന്റെ സന്ദർശനത്തിന് ദിവസങ്ങൾക്ക് മുമ്പ് നേപ്പാളിലെ ഗൂർഖകളും അവരെ പിന്തുണയ്ക്കുന്നവരും പൊഖാറയിൽ ഒരു പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അഗ്നിപഥ് പദ്ധതിയിലൂടെ നേപ്പാളി യുവാക്കളെ ഇന്ത്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നത് ഇന്ത്യ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അവർ പ്രതിഷേധിച്ചത്. കഴിഞ്ഞ ബുധനാഴ്ച നടന്ന പ്രതിഷേധം ഇന്ത്യൻ എക്സ്സർവീസ്‌മെൻ ഗൂർഖ ബ്രിഗേഡ് നേപ്പാൾ പൊഖാറയാണ് സംഘടിപ്പിച്ചത്. എന്തുകൊണ്ടായിരിക്കാം നേപ്പാളി ഗൂർഖകൾ ഈ പ്രതിഷേധം സംഘടിപ്പിക്കുന്നത്?
മുൻ ഗൂർഖ സൈനികരും അവരുടെ കുടുംബങ്ങളും പൊഖാറ സ്റ്റേഡിയത്തിൽ നിന്ന് കാസ്‌കി ജില്ലയിലെ ജില്ലാ ഭരണകൂട ഓഫീസിലേക്ക് ഒരു മാർച്ച് നടത്തിയിരുന്നു. അഗ്നിപഥിന് കീഴിൽ നേപ്പാളി യുവാക്കളെ ഇന്ത്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുക, ആഭ്യന്തര മന്ത്രാലയത്തിന്റെ കത്ത് പിൻവലിക്കുക തുടങ്ങിയ പ്ലക്കാർഡുകളും ബാനറുകളും വഹിച്ചുകൊണ്ടാണ് പ്രകടനക്കാരിൽ പലരും എത്തിയത്. പ്രതിഷേധത്തിൽ സംസാരിച്ച ബ്രിഗേഡ് ചെയർമാൻ കേണൽ കൃഷ്ണ ബഹാദൂർ ഖത്രി, സുഗൗളി ഉടമ്പടിയുമായി ബന്ധപ്പെട്ട 200 വർഷത്തിലേറെ പഴക്കമുള്ള ആചാരം ഇപ്പോൾ അഗ്നിപഥ് പദ്ധതി കാരണം അപകടത്തിലാണെന്ന് പറഞ്ഞു.
'സുഗൗളി ഉടമ്പടിക്ക് ശേഷമാണ് ഇന്ത്യയിൽ നേപ്പാളി യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന പ്രക്രിയ ആരംഭിച്ചത്. 207 വർഷമായി ഇത് തുടരുന്നു. എന്നാൽ ഇന്ത്യ അഗ്നിപഥ് പദ്ധതി ആരംഭിച്ചതിനുശേഷം, വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി നേപ്പാൾ സർക്കാർ നേപ്പാളി യുവാക്കളെ ഇന്ത്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ നിന്ന് തടഞ്ഞു,'- കൃഷ്ണ ബഹാദൂർ ഖത്രി പറഞ്ഞു.
നേപ്പാൾ ഗൂർഖ സൈനികരുടെ പ്രതിഷേധങ്ങളുടെ പ്രധാന കാരണം ഇന്ത്യൻ സൈന്യം നടപ്പാക്കിയ അഗ്നിപഥ് പദ്ധതിയാണ്. ഈ പദ്ധതിയെ നേപ്പാൾ എതിർക്കുന്നതിന് ചില കാരണങ്ങളുണ്ട്. സ്വാതന്ത്ര്യ സമയത്ത് നേപ്പാൾ, ഇന്ത്യ, ബ്രിട്ടൻ എന്നിവ തമ്മിൽ ഒപ്പുവച്ച ത്രികക്ഷി ഉടമ്പടി പ്രകാരം ഇന്ത്യൻ സൈന്യം നേപ്പാളിലെ സൈനികരെ സ്വീകരിച്ചിരുന്നു. ഈ ഉടമ്പടി പ്രകാരം, ഗൂർഖ സൈനികരുടെ നാല് റെജിമെന്റുകൾ 2, 6, 7, 10 ബ്രിട്ടീഷ് ആർമിയിലേക്ക് മാറ്റി. ബാക്കിയുള്ളവ 1, 3, 4, 5, 8, 9 ഇന്ത്യൻ ആർമിയിൽ തന്നെ തുടർന്നു.
സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യ 11ാമത് ഗൂർഖ റൈഫിൾസ് എന്ന പുതിയ ഗൂർഖ റെജിമെന്റ് രൂപീകരിച്ചു. നേപ്പാളിൽ സ്ഥിരതാമസമാക്കിയ ഗൂർഖ സൈനികർക്ക് ഇന്ത്യൻ ആർമിയിൽ വിരമിക്കലിനു ശേഷമുള്ള ആനുകൂല്യങ്ങളും പെൻഷനുകളും സംബന്ധിച്ച നിബന്ധനകളും ഈ കരാർ വ്യവസ്ഥ ചെയ്തു. വാസ്തവത്തിൽ, ഏകദേശം 32,000 മുതൽ 35,000 നേപ്പാൾ സൈനികർ ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേപ്പാളിലെ ഇന്ത്യൻ ആർമിയിലെ മുൻ സൈനികർ ഏകദേശം 1.32 ലക്ഷമാണെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ഇന്ത്യ അഗ്നിപഥ് പദ്ധതി അവതരിപ്പിച്ചപ്പോൾ, നേപ്പാൾ സർക്കാർ തങ്ങളുടെ യുവാക്കളെ ഇന്ത്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നത് താൽക്കാലികമായി നിർത്തിവച്ചു. ആ സമയത്ത്, ഇന്ത്യയും നേപ്പാളും ബ്രിട്ടനും തമ്മിലുള്ള ത്രികക്ഷി കരാറിലെ വ്യവസ്ഥകൾക്ക് ഈ പദ്ധതി പൊരുത്തപ്പെടുന്നില്ലെന്ന് നേപ്പാൾ സർക്കാർ വാദിച്ചു. ഇന്ത്യൻ സൈന്യത്തിലെ റിക്രൂട്ട്‌മെന്റ് മാനദണ്ഡങ്ങളിൽ വരുത്തുന്ന ഏതൊരു മാറ്റവും തങ്ങളുമായി ചർച്ച ചെയ്യേണ്ടതായിരുന്നുവെന്ന് സർക്കാരിലെ പലരും അഭിപ്രായപ്പെടുന്നത്. എന്നാൽ ഇന്ത്യൻ സൈന്യത്തിലേക്കുള്ള ജോലി നഷ്ടപ്പെട്ടതിന്റെ ഫലമായി നിരവധി നേപ്പാളി യുവാക്കൾ യുക്രെയ്നിനെതിരെ യുദ്ധം ചെയ്യാൻ റഷ്യൻ സൈന്യത്തിൽ ജോലി തേടി. 200ലധികം നേപ്പാളികൾ റഷ്യയിലേക്ക് പോയതായ റിപ്പോർട്ടും പുറത്തുവന്നിരുന്നു.
Gurkhas in Nepal protested, urging India to restart recruiting Nepali youth into its army via the Agnipath scheme. They contend Agnipath undermines a 200-year-old tradition of Gurkha recruitment established under the Sugauli Treaty. Nepal had suspended recruitment, citing Agnipath’s incompatibility with existing tripartite agreements regarding soldier benefits.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |