ലിസ്ബൺ: 2026-27 തന്റെ കരിയറിലെ അവസാന സീസണായേക്കുമെന്ന് വ്യക്തമാക്കി ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. വിവാഹത്തിന് മുന്നോടിയായി 'വോഗ്' മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് 41കാരനായ പോർച്ചുഗീസ് താരത്തിന്റെ വെളിപ്പെടുത്തൽ. ഫുട്‌ബോളിന് ശേഷം എന്തെല്ലാം ചെയ്യണമെന്ന കാര്യത്തിൽ വ്യക്തമായ പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യാത്ര ചെയ്യാനും ടെന്നിസ് കളി കാണാനും കളിക്കാനും കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹമുണ്ടെന്നും റൊണാൾഡോ പറഞ്ഞു.
'ഒരുപക്ഷെ ഫുട്‌ബോളിൽ ഇതെന്റെ അവസാന വർഷമായിരിക്കാനാണ് സാദ്ധ്യത. ഗംഭീരമായൊരു പാരമ്പര്യം അവശേഷിപ്പിച്ച് കളം വിടാനാണ് ആഗ്രഹിക്കുന്നത്. എന്റെ ഭാവിയെക്കുറിച്ച് ഞാൻ ആസൂത്രണം ചെയ്തിട്ടുണ്ട്. ഫുട്‌ബോൾ അവസാനിക്കുമ്പോൾ ജീവിതത്തിൽ വലിയൊരു ശൂന്യത ഉണ്ടാകാം. അതിനാൽ സമയം പല കാര്യങ്ങളിലായി ചിലവഴിക്കണം. കൂടുതൽ യാത്ര ചെയ്യണം, ടെന്നിസ് കളിക്കണം, ആസ്വദിക്കണം. 25 വർഷത്തെ കഠിനാധ്വാനത്തിനും ത്യാഗത്തിനും ശേഷം നേടിയതെല്ലാം ആസ്വദിക്കാനാണ് ഇനി ആഗ്രഹം,'- അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ സൗദി പ്രോ ലീഗ് ക്ലബ് അൽ നസ്രിനായാണ് റൊണാൾഡോ കളിക്കുന്നത്. 2026 ലോകകപ്പിലും പോർച്ചുഗലിനായി താരം ബൂട്ടണിഞ്ഞിരുന്നു. പ്രൊഫഷണൽ കരിയറിൽ 1,000 ഗോളെന്ന ചരിത്രനേട്ടം ലക്ഷ്യമിടുന്ന റൊണാൾഡോയ്ക്ക് നിലവിൽ 976 ഗോളുകളാണുള്ളത്. 24ാം സീനിയർ സീസണിലേക്ക് കടക്കുമ്പോഴാണ് വിരമിക്കൽ സൂചന പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ആഴ്‌ചയാണ് തന്റെ ദീർഘകാല പങ്കാളിയായ ജോർജിന റോഡ്രിഗസിനെ താരം വിവാഹം കഴിച്ചത്.
ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ റൊണാൾഡോ അഞ്ച് ബാലൺ ഡി ഓർ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിലൂടെ ലോകോത്തര താരമായി ഉയർന്ന അദ്ദേഹം പിന്നീട് റയൽ മാഡ്രിഡിലാണ് കരിയറിന്റെ ഏറ്റവും മികച്ച കാലഘട്ടം ആഘോഷിച്ചത്. റയലിനായി ഒമ്പത് സീസണുകളിൽ കളിച്ച റൊണാൾഡോ നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും നാല് ബാലൺ ഡി ഓർ പുരസ്‌കാരങ്ങളും സ്വന്തമാക്കി. പോർച്ചുഗലിന്റെ സുവർണകാലത്തിനും റൊണാൾഡോ നിർണായക നേതൃത്വം നൽകി. 2016ൽ യൂറോ കപ്പ് കിരീടം നേടി പോർച്ചുഗലിന് ആദ്യ അന്താരാഷ്ട്ര കിരീടം സമ്മാനിച്ച ടീമിന്റെ നായകനായിരുന്നു അദ്ദേഹം. പിന്നീട് രണ്ട് തവണ യുവേഫ നേഷൻസ് ലീഗ് കിരീടവും പോർച്ചുഗലിനൊപ്പം സ്വന്തമാക്കി.
Football legend Cristiano Ronaldo has hinted that the 2026-27 season could be his last as a professional player. In an interview with 'Vogue' magazine, the Portuguese star revealed his post-football plans, including travel and playing tennis. Ronaldo, currently with Al Nassr, expressed a desire to leave a lasting legacy before retiring from the sport.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |