
നിക്ഷേപകർ ബോണ്ടുകളിലേക്ക് പണമൊഴുകുന്നു
കൊച്ചി: അമേരിക്കയിലെ തൊഴിൽ മേഖല മികച്ച പ്രകടനം കാഴ്ചവെച്ചതോടെ പലിശ കൂടുമെന്ന ആശങ്കയിൽ കനത്ത വിൽപ്പന സമ്മർദ്ദത്തിലായി ആഗോള വിപണികൾ. പശ്ചിമേഷ്യൻ യുദ്ധത്തിൽ ക്രൂഡോയിൽ വില കുതിക്കുമ്പോഴും അമേരിക്കയിൽ തൊഴിലില്ലായ്‌മ നിരക്ക് കുത്തനെ കുറഞ്ഞതാണ് നിക്ഷേപകർക്ക് വെല്ലുവിളി സൃഷ്‌ടിക്കുന്നത്. സാമ്പത്തിക മേഖല കരുത്തോടെ നീങ്ങുന്നതിനാൽ നാണയപ്പെരുപ്പം നിയന്ത്രിക്കാൻ അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് അടുത്ത മാസം വർദ്ധിപ്പിക്കുമെന്നാണ് പ്രവചനം. ഇതോടെ യു.എസ് ബോണ്ടുകളുടെയും ഡോളറിന്റെയും മൂല്യം ഉയർന്നു. നോൺ ഫാം പേറോൾസിൽ മേയിൽ 1.72 തൊഴിലുകളുടെ വർദ്ധനയുണ്ടെന്നാണ് സർക്കാർ വെള്ളിയാഴ്ച വ്യക്തമാക്കിയത്. ഇതോടെ സ്വർണം, വെള്ളി എന്നിവയുടെ വില കുത്തനെ ഇടിഞ്ഞു. അമേരിക്കയിലെ പ്രധാന ഓഹരി സൂചികകളായ ഡൗ ജോൺസ്, എസ്.ആൻഡ് പി, നാസ്‌ദാക്ക് എന്നിവ മൂക്കുകുത്തി. രണ്ട് ദിവസത്തെ അവധിക്ക് ശേഷം തിങ്കളാഴ്ച വ്യാപാരം തുടങ്ങുമ്പോൾ ഏഷ്യൻ, യൂറോപ്യൻ വിപണികൾ വൻ ഇടിവ് നേരിട്ടേക്കും.
തകർന്നടിഞ്ഞ് അമേരിക്കൻ ഓഹരികൾ
പലിശ വർദ്ധന ഭീതിയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എ.ഐ) മേഖലയിലെ കുമിള ആശങ്കയും വെള്ളിയാഴ്ച അമേരിക്കൻ ഓഹരി വിപണിയെ കുരുതിക്കളമാക്കി. ഒൻപത് ആഴ്ചയായി തുടർച്ചയായി മുന്നേറിയ പ്രധാന ഓഹരി സൂചികകളെല്ലാം കനത്ത വിൽപ്പന സമ്മർദ്ദത്തിലായി. ടെക്നോളജി രംഗത്തെ ഓഹരികളാണ് തകർച്ചയ്ക്ക് നേതൃത്വം നൽകിയത്. ഡൗ ജോൺസ് 1.3 ശതമാനവും എസ് ആൻഡ് പി 2.64 ശതമാനവും നാസ്‌ദാക്ക് 4.16 ശതമാനവും ഇടിഞ്ഞു. ആഗോള വിപണിയുടെ ചുവടുപിടിച്ച് തിങ്കളാഴ്‌ച ഇന്ത്യൻ ഓഹരികൾ കനത്ത വിൽപ്പന സമ്മർദ്ദം നേരിട്ടേക്കും.
സ്വർണ വില മൂക്കുകുത്തി
നാണയപ്പെരുപ്പം നിയന്ത്രിക്കാൻ ഫെഡറൽ റിസർവ് പലിശ വർദ്ധിപ്പിച്ചേക്കുമെന്ന ആശങ്കയിൽ രാജ്യാന്തര വിപണിയിൽ സ്വർണ വില വാരാന്ത്യത്തിൽ തകർന്നടിഞ്ഞു. സിംഗപ്പൂർ വിപണിയിൽ സ്വർണ വില ഔൺസിന് 145 ഡോളർ ഇടിവോടെ 4,328 ഡോളറിലെത്തി. കേരളത്തിൽ ഇന്നലെ പവൻ വില 2,200 രൂപയുടെ ഇടിവോടെ 1,12,000 രൂപയിലെത്തി. ഗ്രാമിന്റെ വില 275 രൂപ കുറഞ്ഞ് 14,000 രൂപയായി. വെള്ളി വില ഇന്നലെ കിലോയ്ക്ക് 2.65 ലക്ഷം രൂപയിലേക്ക് ഇടിഞ്ഞു.
പവൻ വില 2,200 രൂപ കുറഞ്ഞ് 1,12,000 രൂപയിൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |