
പ്രാദേശിക സാഹചര്യങ്ങളും മത്സരവും തിരിച്ചടി
കൊച്ചി: ഇന്ത്യയിലെ വിവിധ മേഖലകളിൽ വമ്പൻ നിക്ഷേപം നടത്തിയ വിദേശ കോർപ്പറേറ്റ് ഗ്രൂപ്പുകൾക്ക് കൈപൊള്ളുന്നു. രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ എയർ ഇന്ത്യയിൽ ടാറ്റ ഗ്രൂപ്പിനൊപ്പം നിക്ഷേപ പങ്കാളിയായ സിംഗപ്പൂർ എയർലൈൻസും പ്രമുഖ വാഹന നിർമ്മാതാക്കളായ വോക്‌സ്‌വാഗണുമാണ് ഇന്ത്യയിലെ നിക്ഷേപ തന്ത്രങ്ങൾ പുന:പരിശോധിക്കുന്നത്. നേരത്തെ രാജ്യത്തെ ടെലികോം മേഖലയിൽ വൻ നിക്ഷേപം നടത്തിയ യു.കെയിലെ വോഡഫോൺ ഗ്രൂപ്പും തിരിച്ചടി നേരിട്ടിരുന്നു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന എയർ ഇന്ത്യയിൽ ഭാവി നിക്ഷേപങ്ങളിൽ ജാഗ്രത പുലർത്തുമെന്ന് സിംഗപ്പൂർ എയർലൈൻസ് കഴിഞ്ഞ ദിവസം വ്യക്തമാക്കി. അതേസമയം എയർ ഇന്ത്യയെ ലാഭത്തിലേക്ക് മടക്കികൊണ്ടുവരുവാനുള്ള ടാറ്റ ഗ്രൂപ്പിന്റെ ദീർഘകാല ശ്രമങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും അവർ വ്യക്തമാക്കി. ഫ്ളീറ്റ് പുതുക്കാനും ശൃംഖല വികസിപ്പിക്കാനും പ്രവർത്തനം മെച്ചപ്പെടുത്താനും എയർ ഇന്ത്യയിലേക്ക് അധിക നിക്ഷേപത്തിന് ടാറ്റ ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നു.
രാജ്യത്ത് പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ജർമ്മനിയിലെ വോക്‌സ്‌വാഗൺ ഇന്ത്യൻ യൂണിറ്റിലെ ഓഹരികൾ വിൽക്കുന്നതിന് ചർച്ചകൾക്ക് തുടക്കമിട്ടു. രാജ്യത്തെ പ്രമുഖ സ്‌റ്റീൽ ഉത്പാദകരായ ജെ.എസ്.ഡബ്‌ള്യു ഗ്രൂപ്പിൽ നിന്ന് മൂലധന നിക്ഷേപം സ്വീകരിക്കുന്നതിനാണ് വോക്‌സ‌്‌വാഗണിന്റെ ശ്രമം. നീക്കം വിജയിച്ചാൽ സ്കോഡ ഓട്ടോ വോക്‌സ്‌വാഗൺ ലിമിറ്റഡിലെ പ്രധാന ഓഹരി പങ്കാളിയായി സജ്ജൻ ജിണ്ടാലിന്റെ ഉടമസ്ഥതയിലുള്ള ജെ.എസ്.ഡബ്‌ള്യു ഗ്രൂപ്പ് മാറും.
കടുപ്പമാകുന്നത്
അതിശക്തമായ മത്സരവും വിലയിലെ വിട്ടുവീഴ്ചകളും
ദീർഘകാല നിക്ഷേപത്തിന്റെയും ക്ഷമയുടെയും ആവശ്യകത
നികുതി, നിയന്ത്രണ സംവിധാനങ്ങളിലെ സങ്കീർണതകൾ
ഉപഭോക്താക്കളുടെ വ്യത്യസ്തമായ അഭിരുചികൾ
പ്രതിസന്ധി നേരിട്ടവർ
വോഡഫോൺ
ഫോർഡ്
ജനറൽ മോട്ടോർസ്
കെയ്‌ൻ
വിജയികളും നിരവധി
ഇന്ത്യയിൽ നിക്ഷേപിച്ച് മികച്ച വിജയം നേടുന്നവരും നിരവധിയാണ്. ജപ്പാനിലെ സുസുക്കി, ഹ്യുണ്ടായി, സാംസംഗ്, ആമസോൺ തുടങ്ങിയ കോർപ്പറേറ്റുകൾ ഇന്ത്യയിൽ വിജയ കഥയെഴുതി. പ്രാദേശിക വിപണിയുടെ സ്വഭാവം വ്യക്തമായി മനസിലാക്കിയതും മികച്ച പങ്കാളികളെ നേടാനായതും താങ്ങാനാകുന്ന വിലയിൽ ഉത്പന്നങ്ങൾ പുറത്തിറക്കിയതുമാണ് ഈ കമ്പനികൾക്ക് നേട്ടമായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |