
പശ്ചിമേഷ്യൻ അനിശ്ചിതത്വം വെല്ലുവിളി
കൊച്ചി: ആഗോള തലത്തിൽ നാണയപ്പെരുപ്പം കുതിച്ചുയരുന്നതും പശ്ചിമേഷ്യയിലെ സംഘർഷവും ഓഹരി, കമ്പോള, നാണയ വിപണികളിൽ നിക്ഷേപകർക്ക് നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നു. കഴിഞ്ഞ വാരാന്ത്യത്തിൽ അമേരിക്കൻ ഓഹരി വിപണിയിലുണ്ടായ തകർച്ചയുടെ പ്രതിഫലനം ഇന്ന് ഇന്ത്യയിലും ദൃശ്യമായേക്കും. ഇറാനും അമേരിക്കയുമായി സമാധാന കരാർ ഒപ്പിടുന്നതിലെ അനിശ്ചിതത്വവും വലിയ വെല്ലുവിളിയാണ്. അമേരിക്കയിലെ തൊഴിൽ മേഖല കഴിഞ്ഞ മാസം മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ഫെഡറൽ റിസർവ് പലിശ വർദ്ധന നടപടികൾ ദ്രുതഗതിയാലാക്കുമെന്നാണ് വിലയിരുത്തുന്നത്. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വിലയിലെ മാറ്റങ്ങളും വിപണിയുടെ നീക്കത്തെ സ്വാധീനിക്കും. ഉത്പാദനം ഉയർത്താൻ ഒപ്പെക് പ്ളസ് രാജ്യങ്ങൾ തീരുമാനിച്ചുവെങ്കിലും എണ്ണ വില കാര്യമായി കുറയില്ലെന്നാണ് വിലയിരുത്തുന്നത്.
ആഗോള അനിശ്ചിതത്വങ്ങൾ ശക്തമായതോടെ യു.എസ് ബോണ്ടുകളും ഡോളറും കരുത്താർജിച്ചതാണ് ഓഹരി, സ്വർണ വിപണികൾക്ക് തിരിച്ചടി. വാരാന്ത്യത്തിൽ സ്വർണ വില മൂക്കുകുത്തിയിരുന്നു. യൂറോപ്യൻ കേന്ദ്ര ബാങ്കിന്റെ പലിശ വർദ്ധന തീരുമാനം ഈ വാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൈയാെഴിഞ്ഞ് വിദേശ നിക്ഷേപകർ
ജൂൺ മാസത്തിലും ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റം ശക്തമാണ്. എൻ.എസ്.ഡി.എല്ലിന്റെ കണക്കുകളനുസരിച്ച് ജൂണിൽ ഇതുവരെ വിദേശ ധനകാര്യ സ്ഥാപനങ്ങൾ 43,000 കോടി രൂപയുടെ ഓഹരികളാണ് വിറ്റുമാറിയത്. ടെക്നോളജി, എ.ഐ മേഖലകളിലെ കമ്പനികളിലേക്ക് ഫണ്ടുകൾ പണമൊഴുക്കുന്നതാണ് ഇന്ത്യൻ ഓഹരി വിപണിക്ക് തിരിച്ചടി. ഇതോടെ നടപ്പുവർഷം വിദേശ നിക്ഷേപകരുടെ മൊത്തം വിൽപ്പന 2.62 ലക്ഷം കോടി രൂപയായി ഉയർന്നു.
കമ്പനികളുടെ വിപണി മൂല്യം മൂക്കുകുത്തി
കഴിഞ്ഞ വാരം രാജ്യത്തെ ഏഴ് മുൻനിര കമ്പനികളുടെ വിപണി മൂല്യത്തിൽ 1.25 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായി. റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂല്യമാണ് ഏറ്റവും കൂടുതൽ ഇടിഞ്ഞത്. ഭാരതി എയർടെൽ, ടി.സി.എസ്, ബജാജ് ഫിനാൻസ്, എൽ ആൻഡ് ടി, എൽ.ഐ.സി, ഹിന്ദുസ്ഥാൻ യൂണിലിവർ എന്നിവയും കനത്ത തിരിച്ചടി നേരിട്ടു. കഴിഞ്ഞ വാരം സെൻസെക്‌സ് 532.4 പോയിന്റും നിഫ്‌റ്റി 181 പോയിന്റും ഇടിഞ്ഞു.
കമ്പനി : വിപണി മൂല്യത്തിലെ ഇടിവ്
റിലയൻസ് ഇൻഡസ്ട്രീസ് : 39,718 കോടി രൂപ
ടി.സി.എസ് : 20,134.66 കോടി രൂപ
ഭാരതി എയർടെൽ : 18,736.04 കോടി രൂപ
എൽ ആൻഡ് ടി : 16,880.2 കോടി രൂപ
എൽ.ഐ.സി : 14,610.74 കോടി രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |