SignIn
Kerala Kaumudi Online
Monday, 08 June 2026 2.08 AM IST

സംശയമുനയിൽ ബാലൻസ് ഷീറ്റുകൾ

fraud

തട്ടിപ്പുപാതയിൽ കൂടുതൽ കമ്പനികൾ

കൊച്ചി: ഓഹരി വില കൃത്രിമമായി ഉയർത്തുന്നതിന് വരുമാനവും ലാഭവും പെരുപ്പിച്ച് കാണിക്കുന്നുവെന്ന പരാതികളേറിയതോടെ കമ്പനികളുടെ ബാലൻസ് ഷീറ്റുകൾ സംശയമുനയിലാകുന്നു. സാമ്പത്തിക മേഖല കടുത്ത അനിശ്ചിതത്വങ്ങളിലൂടെ നീങ്ങുമ്പോഴും രാജ്യത്തെ മുൻനിര കമ്പനികളേറെയും റെക്കാഡ് വിറ്റുവരവും അറ്റാദായവുമാണ് രേഖപ്പെടുത്തുന്നത്. കോർപ്പറേറ്റ് ഗവേണൻസ് ഉറപ്പുവരുത്തുന്നതിൽ പ്രധാന നിയന്ത്രണ ഏജൻസികളായ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ(സെബി), റിസർവ് ബാങ്ക്, സ്‌റ്റോക്ക് എക്‌സ്ചേഞ്ചുകൾ തുടങ്ങിയവയുടെ ഉദാസീനതയും അധികാര ദൗർബല്യവുമാണ് നിക്ഷേപകർക്ക് തിരിച്ചടിയാകുന്നത്.

രാജ്യത്തെ പ്രമുഖ സ്വർണ കയറ്റുമതി സ്ഥാപനമായ രാജേഷ് എക്‌സ്‌പോർട്ട്‌സ് അഞ്ച് വർഷത്തിനിടെ വരുമാനം 15 ലക്ഷം കോടി രൂപയിലധികം പെരുപ്പിച്ച് കാണിച്ച് നിക്ഷേപകരെ കബളിപ്പിച്ചുവെന്ന് കഴിഞ്ഞ ദിവസം സെബി കണ്ടെത്തിയിരുന്നു. പരാതി ലഭിച്ച് ഒരു വർഷത്തിന് ശേഷമാണ് ഇക്കാര്യം സെബി അന്വേഷണത്തിൽ വെളിപ്പെട്ടത്. രാജേഷ് എക്‌സ്‌പോർട്ട്‌സിന്റെ സ്‌റ്റാറ്റ്യൂട്ടറി ഓഡിറ്റർമാർ പോലും തട്ടിപ്പിന് കൂട്ടുനിന്നു. ഒരവസരത്തിൽ ആയിരം രൂപയ്ക്ക് മുകളിലായിരുന്ന കമ്പനിയുടെ ഓഹരി വില 98 രൂപയിലേക്ക് മൂക്കുകുത്തിയതോടെ നിക്ഷേപകർക്ക് ആയിരക്കണക്കിന് കോടി രൂപയാണ് നഷ്‌ടമായത്. രാജേഷ് എക്‌സ്‌പോർട്ടിന്റെ വരുമാനം പെരുപ്പിച്ചുള്ള തട്ടിപ്പ് ഒറ്റപ്പെട്ടതല്ലെന്നും നിരവധി കമ്പനികൾ ഇത്തരത്തിൽ ബാലൻസ് ഷീറ്റുകളിൽ തിരിമറി നടത്തിയിട്ടുണ്ടെന്നും നിക്ഷേപകർ ആരോപിക്കുന്നു.

തട്ടിപ്പ് തുടർക്കഥ

വരുമാനവും ലാഭവും പെരുപ്പിച്ച് കാട്ടി നിരവധി പരാതികളാണ് ഇന്ത്യയിലെ വിവിധ കമ്പനികൾക്കെതിരെ ഉയർന്നിട്ടുള്ളത്. രാജേഷ് എക്‌സ്‌പോർട്ട്സിന് പുറമെ ഇൻഡസ് ഇൻഡ് ബാങ്ക്, ജെൻസോൾ എൻജിനിയറിംഗ് എന്നിവയ്ക്കെതിരെയുള്ള ആരോപണങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്. വർഷങ്ങൾക്ക് മുൻപ് സത്യം കംപ്യൂട്ടർ സർവീസിലും സമാനമായ തട്ടിപ്പ് കണ്ടെത്തിയിരുന്നു.

രാജേഷ് എക്‌സ്‌പോർട്ട്സ്

2021 മുതൽ 25 വരെയുള്ള സാമ്പത്തിക വർഷത്തിൽ രാജേഷ് എക്‌സ്‌പോർട്ട്സ് ബാലൻസ് ഷീറ്റിൽ 15.15 ലക്ഷം കോടി രൂപയുടെ വരുമാനം കൂടുതലായി കാണിച്ചുവെന്നാണ് കണ്ടെത്തൽ. വിദേശ സ്ഥാപനങ്ങളുടെ വരുമാനം പെരുപ്പിച്ച് കാട്ടിയെന്നും ഇടപാടുകളുടെ വ്യക്തമായ രേഖകൾ ഹാജരാക്കിയില്ലെന്നും സെബി പറയുന്നു. കമ്പനിയിൽ ഫോറൻസിക് ഓഡിറ്റ് നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇൻഡസ് ഇൻഡ് ബാങ്ക്

മുൻനിര സ്വകാര്യ ബാങ്കായ ഇൻഡസ് ഇൻഡ് ബാങ്കിന്റെ ഡെറിവേറ്റീവ് ഇടപാടുകളിലും അക്കൗണ്ടിംഗിലും 2,600 കോടി രൂപയുടെ പൊരുത്തക്കേടാണ് കണ്ടെത്തിയത്. ഫോറൻസിക് ഓഡിറ്റ് പൂർത്തിയായെങ്കിലും നടപടികൾ വൈകുകയാണ്. ഉയർന്ന ഉദ്യോഗസ്ഥർ തട്ടിപ്പിൽ പങ്കാളിയായെന്ന് ബാങ്കിന്റെ അന്വേഷണത്തിൽ വ്യക്തമായി.

ജെൻസോൾ എൻജിനിയറിംഗ്

ഫണ്ട് ദുരുപയോഗം, തെറ്റായ വെളിപ്പെടുത്തലുകൾ, കോർപ്പറേറ്റ് ഗവേണൻസിലെ വീഴ്‌ചകൾ എന്നീ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കമ്പനിക്കെതിരെ നടപടികൾ സ്വീകരിച്ചു. കമ്പനിയുടെ പ്രൊമോട്ടർമാരായ ആൻമോൾ സിംഗ് ജാഗി, പുനീത് സിംഗ് ജാഗി എന്നിവർ പണം വ്യക്തിഗത ആവശ്യങ്ങൾക്ക് വകമാറ്റി ഉപയോഗിച്ചെന്നും അന്വേഷണത്തിൽ വ്യക്തമായി.

കോർപ്പറേറ്റ് ഗവേണൻസിലെ വീഴ്ചകൾ

1. വരുമാനം പെരുപ്പിച്ച് കാട്ടുന്നു

2. ലാഭത്തിൽ കൃത്രിമം

3. പണം വകമാറ്റൽ

4. ഇൻസൈഡർ ഇടപാടുകൾ

5. ഡയറക്‌ടർ ബോർഡിൽ കുടുംബ ആധിപത്യം

6. സ്വതന്ത്ര ഡയറക്‌ടർമാരുടെ നിഷ്ക്രിയത്വം

7. ഉപകമ്പനികളുടെ സങ്കീർണ ഘടന

8. പ്രൊമോട്ടർമാരുടെ ഓഹരി പണയം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360