
ഇടുക്കി: സംഘർഷത്തെ തുടർന്ന് മൂന്ന് മാസമായി സ്തംഭനാവസ്ഥയിലായിരുന്ന പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി പുനരാരംഭിച്ചതോടെ ഏലയ്ക്ക വിപണിയിൽ വൻ വിലക്കയറ്റം. വിദേശ വിപണി സജീവമായതോടെ ആഭ്യന്തര വിപണിയിലും പച്ചപ്പൊന്നിന് റെക്കാഡ് വിലയാണ് ഇപ്പോൾ ലഭിക്കുന്നത്. ഈ വർഷം ആദ്യമായി കഴിഞ്ഞ ദിവസം ഒരു കിലോ ഏലയ്ക്കയുടെ ശരാശരി വില 3000 രൂപയും കടന്നു. 22ന് സ്‌പൈസസ് ബോർഡിന്റെ ആഭിമുഖ്യത്തിൽ നടന്ന ആർ.എൻ.എസ് സ്‌പൈസസിന്റെ ഇലേലത്തിൽ ശരാശരി വില 3001.04 രൂപയായി ഉയർന്നിരുന്നു. 2025 ഫെബ്രുവരി 12ന് രേഖപ്പെടുത്തിയ 3036 രൂപയ്ക്ക് ശേഷം ഇതാദ്യമായാണ് ശരാശരി വില വീണ്ടും മൂവായിരം തൊടുന്നത്.
ഗുണമേന്മയേറിയ ഏലക്കയ്ക്ക് ഓൺലൈൻ ലേലത്തിൽ 3500 രൂപ വരെ സ്ഥിരമായി ലഭിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ വിപണിയിൽ വില ഇനിയും വർദ്ധിക്കുമെന്ന സൂചനയുള്ളതിനാൽ കർഷകരും വ്യാപാരികളും വൻതോതിൽ ഏലയ്ക്ക സംഭരിച്ചു തുടങ്ങിയിട്ടുണ്ട്. കയറ്റുമതി പുനരാരംഭിച്ചതിന് പുറമെ ആഭ്യന്തര വിപണിയിലെ ഉത്പാദനക്കുറവും വിലക്കയറ്റത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. കടുത്ത വേനലിൽ ഹൈറേഞ്ചിലെ വിവിധ പ്രദേശങ്ങളിൽ ഏലച്ചെടികൾക്ക് വ്യാപകമായി ഉണക്ക് ബാധിച്ചിരുന്നു. നിലവിൽ മേഖലയിൽ മഴ ലഭിക്കുന്നുണ്ടെങ്കിലും ഉത്പാദനം പഴയപടിയായിട്ടില്ല.
ഏഴു വർഷം മുമ്പ് ഏഴായിരം
2019 ആഗസ്റ്റിലാണ് ഏലം വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. അന്ന് കിലോയ്ക്ക് 7000 രൂപ വരെ ലഭിച്ചിരുന്നു.
വിപണി വീണ്ടും സജീവമായതോടെ കർഷകർ വലിയ ആവേശത്തിലാണ്. മുൻപ് ഏക്കറിന് രണ്ടുലക്ഷം രൂപ വരെ നൽകി ഭൂമി പാട്ടത്തിനെടുത്തിരുന്ന കർഷകർ, വിപണിയിലെ പുതിയ അനുകൂല സാഹചര്യം കണക്കിലെടുത്ത് ഇപ്പോൾ അതിലും ഉയർന്ന തുക നൽകാനും തയ്യാറാകുന്നുണ്ട്.
രാജൻ മാധവൻ
ഏലം വ്യാപാരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |