
രാജ്യത്തെ കാർഷിക ഉത്പാദനം ഇടിഞ്ഞേക്കും
കൊച്ചി: എൽനിനോയുടെ ഭാഗമായി കാലവർഷത്തിന്റെ ലഭ്യത കുത്തനെ കുറഞ്ഞതോടെ രാജ്യത്തെ കാർഷിക, സാമ്പത്തിക മേഖലകൾ കടുത്ത വെല്ലുവിളിയിലേക്ക് നീങ്ങുന്നു. പശ്ചിമേഷ്യ സാധാരണ നിലയിലേക്ക് മടങ്ങിയെത്തുന്നതിനാൽ ആശ്വാസത്തിലായ ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് മഴ ലഭ്യതയിലെ ഇടിവ് കനത്ത തിരിച്ചടിയായേക്കും. ഇറാനും അമേരിക്കയും സമാധാന കരാർ ഒപ്പുവെച്ചതോടെ ഗൾഫിൽ നിന്നും ക്രൂഡോയിൽ, പ്രകൃതി വാതക ലഭ്യത ഉയർന്നുവെങ്കിലും പ്രതിസന്ധി ഒഴിയാൻ സമയമെടുക്കുമെന്നാണ് വിലയിരുത്തുന്നത്.
മൺസൂൺ ഇത്തവണ കൃത്യസമയത്ത് ഇന്ത്യയിലെത്തിയെങ്കിലും മഴലഭ്യത ഇത്തവണ കുത്തനെ കുറഞ്ഞതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകളനുസരിച്ച് 144 വർഷത്തിനിടെയിലെ ഏറ്റവും വരണ്ട ജൂൺ മാസമാണ് ഇത്തവണയുണ്ടായത്. മഴ ലഭ്യതയിൽ നടപ്പു മാസം 40 ശതമാനം കുറവാണുണ്ടായത്.
ഖരീഫ് കൃഷി അവതാളത്തിൽ
നെല്ല്, പരുത്തി, സോയാബീൻ, ചോളം തുടങ്ങിയ ഖരീഫ് വിളകൾ മൺസൂൺ മഴയെ ആശ്രയിച്ചാണ് കൃഷി ചെയ്യുന്നത്. മഴ കുറയുകയോ വൈകുകയോ ചെയ്താൽ വിത്തിടൽ മുതൽ വിളവെടുപ്പ് വരെ അവതാളത്തിലാകും. മഴ കുറഞ്ഞാൽ ഭൂഗർഭജലവും ജലസംഭരണികളും വരളുമെന്നതിനാൽ കൃഷിച്ചെലവ് കുത്തനെ കൂടും. രാജ്യത്ത് ഭക്ഷ്യ വിലക്കയറ്റം രൂക്ഷമാകുന്നതിന് കാർഷിക ഉത്പാദനത്തിലെ ഇടിവ് കാരണമാകും.
കാർഷിക മേഖലയിലെ പ്രതിസന്ധി രാജ്യത്തെ ഗ്രാമീണ ഉപഭോഗത്തെ പ്രതികൂലമായി ബാധിക്കും.
ഇന്ത്യയുടെ സാമ്പത്തിക വളർച്ച ഉയർന്ന തലത്തിൽ നിലനിറുത്തുന്ന പ്രധാന ഘടകം ഗ്രാമീണ ഉപഭോഗമാണ്.
വാഹന, കൺസ്യൂമർ ഗുഡ്സ്, കൺസ്യൂമർ ഇലക്ട്രോണിക്‌സ് തുടങ്ങിയ മേഖലകളെ നേരിട്ട് ബാധിക്കുന്ന ഘടകമാണിത്.
തയ്യാറെടുപ്പുകൾ
എൽ നിനോയുടെ ആഘാതം നേരിടാൻ 300ലധികം ജില്ലകൾക്കായി കേന്ദ്രസർക്കാർ പ്രത്യേക അടിയന്തര പദ്ധതികൾ തയ്യാറാക്കി. ജലസംരക്ഷണം, കുളങ്ങൾ നവീകരിക്കൽ, ഹ്രസ്വകാല വിളകൾ പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ നടപടികൾക്കാണ് മുൻഗണന നൽകുന്നത്.
മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ കാർഷിക, അനുബന്ധ മേഖലകളുടെ പങ്കാളിത്തം
18 ശതമാനം
കാർഷിക മേഖലയുടെ തൊഴിലുകൾ
42 ശതമാനം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |