
കോട്ടയം: കിലോയ്ക്ക് 300 കടന്നു കുതിച്ച റബറിന്റെ അന്താരാഷ്ട്ര വില ഇടിഞ്ഞത് ആഭ്യന്തര റബർ വിപണിയിലും പ്രതിഫലിച്ചു. ആർ.എസ്.എസ് 4 ബാങ്കോക്ക് വില കിലോയ്ക്ക് 13 രൂപ കുറഞ്ഞതോടെ റബർ ബോർഡ് വില 272ൽനിന്ന് 264ലേക്ക് താഴ്ന്നു. ആഗോള റബർ ഉത്പാദനത്തിലെ വർദ്ധനവും മറ്റ് റബർ ഉത്പാദക രാജ്യങ്ങളിൽ നിന്ന് ചൈനയിലേക്ക് കൂടുതൽ റബർ എത്തിയതും വില ഇടിവിനു കാരണമായി. പശ്ചിമേഷ്യൻ യുദ്ധത്തിൽ വെടിനിറുത്തലായി ഹോർമൂസ് കടലിടുക്ക് തുറന്നതോടെ സിന്തറ്റിക്ക് റബർ കൂടുതൽ എത്തിയതും ക്രൂഡോയിൽ വില ഇടിഞ്ഞതും അന്താരാഷ്ട്ര വില കുറയാൻ കാരണമായി.
കേരളത്തിൽ മഴ ശക്തമായതോടെ ടാപ്പിംഗ് സജീവമല്ല. ഉത്പാദന കുറവിൽ ആഭ്യന്തര വില കൂടേണ്ടതാണെങ്കിലും സംസ്ഥാന ബഡ്ജറ്റിൽ റബർ താങ്ങുവില കിലോയ്ക്ക് 250 ആക്കിയതോടെ വൻകിടവ്യവസായികൾ വിപണിയിൽ നിന്നു വിട്ടു നിന്നു കളിച്ചതാണ് വില ഉയരാതിരിക്കാൻ കാരണം. വില കുറഞ്ഞു തുടങ്ങിയതോടെ താങ്ങുവില ഉയർത്തിയതിന്റെ പ്രയോജനം ചെറുകിട കർഷകർക്ക് ലഭിക്കില്ല.
അന്താരാഷ്ട്ര വില കിലോയ്ക്ക്
ബാങ്കോക്ക് -287
ടോക്കിയോ -251
ചൈന- 248
കുരുമുളകിനും ക്ഷീണം
ഉത്തരേന്ത്യ ഉത്സവ സീസണിന് തയ്യാറെടുക്കുന്നതിനാൽ ഹൈറേഞ്ച് കുരുമുളകിന് ആവശ്യകത കൂടുമെന്നു കരുതിയെങ്കിലും വില കുറവുള്ള ശ്രീലങ്കൻ കുരുമുളകിനോട് വ്യാപാരികൾ താത്പര്യം കാട്ടിയത് ക്ഷീണമായി.
മഴക്കാലമായതോടെ കുരുമുളകിൽ ജലാംശം കൂടിയതും വില കുറയാൻ ഇടയാക്കി. വെയിൽ ഇല്ലാത്തതിനാൽ കുരുമുളക് ഉണക്കാനും ചെറുകിട കർഷകർക്ക് കഴിയുന്നില്ല.
ആഭ്യന്തര വില കുറഞ്ഞെങ്കിലും കയറ്റുമതി നിരക്കിൽ വർദ്ധനവ് ഉണ്ടായി .ഇന്ത്യയുടെ കയറ്റുമതി നിരക്ക് ടണ്ണിന് 25 ഡോളർ കൂടി.
കയറ്റുമതി നിരക്ക് ടണ്ണിന്
ഇന്ത്യ -700 ഡോളർ
ശ്രീലങ്ക - 6500 ഡോളർ
ബ്രസീൽ -6000 ഡോളർ
വിയറ്റ് നാം -6300 ഡോളർ
ഇന്തോനേഷ്യ- 6700 ഡോളർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |