SignIn
Kerala Kaumudi Online
Monday, 08 June 2026 4.47 PM IST

ആണവായുധശേഖരം വർദ്ധിപ്പിച്ച് ഇന്ത്യ: പാകിസ്ഥാനേക്കാൾ ഏറെ മുന്നിൽ

nuclear-war-head

ന്യൂഡൽഹി: ആണുവായുധങ്ങളുടെ എണ്ണത്തിൽ ഇന്ത്യ പാകിസ്ഥാനെക്കാൾ വളരെ മുന്നിലെത്തിയെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര പ്രതിരോധ ഗവേഷണ സ്ഥാപനമായ സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എസ്ഐപിആർഐ) ഏറ്റവും പുതിയ വിലയിരുത്തലിലാണ് ഈ വിവരമുള്ളത്. 'സിപ്രി ഇയർബുക്ക് 2026' ലാണ് ആണവായുധശേഖരം ഇന്ത്യ വർദ്ധിപ്പിച്ചതായി വ്യക്തമാക്കുന്നത്. വർദ്ധിച്ചുവരുന്ന ആണവ അപകടസാദ്ധ്യതകളെയും ആഗോള ആയുധശേഖര വ്യാപനത്തെയും കുറിച്ച് സിപ്രി മുന്നറിയിപ്പും നൽകുന്നുണ്ട്.


2025-ലെ റിപ്പോർട്ട് അനുസരിച്ച് 180 ആണവ പോർമുനകളായിരുന്നു ഇന്ത്യയ്ക്ക് ഉണ്ടായിരുന്നത്. 2026-ൽ അത് 190 ആയി ഉയർന്നു. ഒരു വർഷത്തിനിടെ ഇന്ത്യ 10 ആണവ പോർമുനകൾ കൂടി ആയുധശേഖരത്തിലേക്ക് കൂട്ടിച്ചേർത്തതായാണ് സിപ്രി വ്യക്തമാക്കുന്നത്. അയൽരാജ്യമായ പാകിസ്ഥാന്റെ ആണവായുധ പോർമുനകളേക്കാൾ 20 എണ്ണം ഇന്ത്യയ്ക്ക് അധികമായുണ്ട്. കഴിഞ്ഞ കാലയളവിൽ പാകിസ്ഥാൻ ആണവായുധ ശേഷിയിൽ കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ല. 170 ആണവ പോർമുനകളാണ് ഇപ്പോൾ പാകിസ്ഥാന്റെ കയ്യിലുള്ളത്.

ദീർഘകാലമായി ഇന്ത്യയും പാകിസ്ഥാനുമായി തുടരുന്ന തർക്കങ്ങൾ നിലനിൽക്കെ ചൈനയിലെ ഏത് ലക്ഷ്യസ്ഥാനത്തേക്കും എത്തിക്കാവുന്ന ആയുധങ്ങൾ ഇന്ത്യ വികസിപ്പിച്ചെടുക്കുകയാണ്. ഒരൊറ്റ മിസൈലിൽ ഒന്നിലധികം ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള അത്യാധുനിക സാങ്കേതികവിദ്യകളിലേക്കും ഇന്ത്യ എത്തിയിരിക്കുന്നു എന്നാണ് റിപ്പോർട്ട്. യുദ്ധമില്ലാത്ത സമയത്ത് പോലും മിസൈലുകളിൽ ഘടിപ്പിച്ച ചെറിയ അളവിലുള്ള ആണവായുധങ്ങൾ വിന്യസിക്കാൻ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇപ്പോൾ കഴിഞ്ഞേക്കുമെന്നുമാണ് ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിലയിരുത്തൽ.

അതേസമയം,​ പാകിസ്ഥാൻ പുതിയ വിതരണ സംവിധാനങ്ങൾ വികസിപ്പിക്കുകയും ഫിസൈൽ മെറ്റീരിയൽ ശേഖരിക്കുകയും ചെയ്തുകഴിഞ്ഞതായും ഉടനെ തന്നെ ആണവായുധ ശേഖരം വിപുലീകരിക്കുമെന്നും റിപ്പോർട്ടുണ്ട്.തെക്കൻ ഏഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെ സാഹചര്യത്തിലാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

ആഗോളതലത്തിൽ ഒമ്പത് രാജ്യങ്ങളിലായി 12,187 ആണവായുധങ്ങളാണുള്ളത്. ഇതിൽ 9,745 എണ്ണവും സജീവമായി പ്രയോഗിക്കാവുന്ന രീതിയിൽ സൂക്ഷിച്ചിരിക്കുന്നവയാണ്. ആഗോള ആണവശേഖരത്തിന്റെ ഭൂരിഭാഗവും റഷ്യയുടെയും (5,420) അമേരിക്കയുടെയും (5,042) പക്കലാണ്. മൂന്നാം സ്ഥാനം 600-ൽ നിന്ന് 620 ആയി ആണവായുധ ശേഖരം വർദ്ധിപ്പിച്ച ചൈനയ്ക്കാണ്. 2030-ഓടെ ചൈനയുടെ ആയുധശേഖരം ആയിരം കടക്കുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ബ്രിട്ടൻ (225), ഫ്രാൻസ് (290) എന്നീ രാജ്യങ്ങളും ആണാവായുധ ശേഖരത്തിൽ തൊട്ടുപിന്നിലുണ്ട്. പല രാജ്യങ്ങളും ആണവായുധങ്ങൾ കുറയ്ക്കുന്നതിനുള്ള അന്താരാഷ്ട്ര കരാറുകളിൽ നിന്നും സ്വയം ഒഴിവാകുന്നതായും തങ്ങളുടെ പ്രതിരോധത്തിനായി ആണവായുധങ്ങളെ കൂടുതൽ ആശ്രയിക്കുന്നതായും സിപ്രി റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഓരോ രാജ്യവും അവരുടെ പ്രതിരോധശക്തിയായി ആണവായുധങ്ങളെ കൂടുതലായി ആശ്രയിക്കുന്നത് ആഗോള സുരക്ഷയിൽ ആശങ്ക ജനിപ്പിക്കുന്നതാണെന്ന് സിപ്രി ഡയറക്ടർ കരിം ഹാഗാഗ് മുന്നറിയിപ്പ് നൽകി. ആണവായുധങ്ങളുടെ എണ്ണം കുറയക്കുന്നതിനായുള്ള ശ്രമങ്ങൾക്ക് വിപരീതമാണ് ഇത്തരം പ്രവർത്തികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ആയുധ സാങ്കേതികവിദ്യയിലെ പുരോഗതി, ആണവായുധ നിയന്ത്രണത്തിലെ തകർച്ച, വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ എന്നിവ ആണവായുധങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ വർദ്ധിപ്പിക്കുകയാണ്,"-അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: INDIA, NUCLEAR WAR HEAD, PAKISTHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360