ന്യൂഡൽഹി: ചൈന, പാകിസ്ഥാൻ, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളുടെ അതിർത്തികളിൽ അവശ്യഘട്ടങ്ങളിൽ മിന്നൽ വേഗത്തിൽ സൈനിക നീക്കം നടത്താനുള്ള പുത്തൻ പദ്ധതികളുമായി കേന്ദ്രസർക്കാർ. അതിർത്തികളിലെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ വൻ റെയിൽവേ വികസന പദ്ധതികളാണ് കേന്ദ്രസർക്കാർ നടപ്പാക്കാൻ പോകുന്നത്. ഇതിനായി അടുത്ത രണ്ടുവർഷത്തിനുള്ളിൽ ഏകദേശം 45,000 കോടിരൂപ ചെലവഴിക്കാനാണ് ലക്ഷ്യമിടുന്നത്.
പദ്ധതി പൂർത്തിയാകുന്നതോടെ അതിർത്തികളിലേക്കുള്ള സൈനികനീക്കം പതിന്മടങ്ങ് വേഗത്തിലാകും. ഇതാണ് കേന്ദ്രത്തിന്റെ ലക്ഷ്യവും. മൂന്നുരാജ്യങ്ങളുമായി അത്ര നല്ല ബന്ധത്തിലല്ല ഇന്ത്യ. ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തിതർക്ക പരിഹാര ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും അതിർത്തിയോട് ചേർന്ന തങ്ങളുടെ സ്ഥലത്ത് ചൈന വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യവികസനം വേഗത്തിലാക്കിയിട്ടുണ്ട്.
രാജസ്ഥാൻ, പഞ്ചാബ്, ഹിമാചൽപ്രദേശ്, പശ്ചിമ ബംഗാൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലാണ് പദ്ധതികൾ നടപ്പാക്കുക. അവശ്യഘട്ടങ്ങളിൽ സൈനിക നീക്കങ്ങൾക്കും ഉപയോഗിക്കാവുന്ന രീതിയിലായിരിക്കും പുതിയ റെയിവേ ലൈനുകൾ സ്ഥാപിക്കുക. സൈന്യത്തെയും പ്രതിരോധ ഉപകരണങ്ങളെയും വളരെ വേഗത്തിൽ അതിർത്തികളിൽ എത്തിക്കാൻ ഇതിലൂടെ കഴിയും.
സൈന്യത്തിനുവേണ്ട വിതരണശൃംഖല ശക്തിപ്പെടുത്തുന്നതിനൊപ്പം വികസനത്തിൽ ഏറെ പിന്നാക്കം നിൽക്കുന്ന അതിർത്തിഗ്രാമങ്ങൾക്ക് മികച്ച ഗതാഗത സംവിധാനങ്ങൾ നൽകുന്നതിനും പുതിയ പദ്ധതിയിലൂടെ കഴിയും. അടുത്ത രണ്ടുവർഷത്തിനിടെ റെയിൽവേ അടിസ്ഥാന സൗകര്യവിസനത്തിനായി മാറ്റിവയ്ക്കുന്ന ആകെ നിക്ഷേപത്തിന്റെ 22 ശതമാനവും അതിർത്തിയിലെ റെയിൽവേ ലൈനുകൾ വികസിപ്പിക്കാനായിരിക്കും എന്നാണ് റിപ്പോർട്ട്.
പത്തുവർഷത്തിനിടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 1,700 കിലോമീറ്റർ പുതിയ റെയിൽപാതകളാണ് നിർമ്മിച്ചത്. ഇതിനൊപ്പം പാക് അതിർത്തിയോടുചേർന്ന് 1,450 കിലോമീറ്റർ പുതിയ റോഡുകളും നിർമ്മിച്ചിട്ടുണ്ട്. ഇതെല്ലാം സൈനിക നീക്കങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുതന്നെയാണ് നിർമ്മിച്ചത്. റോഡ്, റെയിൽ പാതകളുടെ നിർമാണത്തിനൊപ്പം വടക്കുകിഴക്കൻ മേഖലയിൽ ഉപയോഗശൂന്യമായിരുന്ന അഡ്വാൻസ് ലാൻഡിംഗ് ഗ്രൗണ്ടുകൾ വീണ്ടും ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
The Central Government is planning major railway infrastructure projects to enable the rapid movement of Indian Armed Forces during emergencies along the borders with China, Pakistan, and Bangladesh. The initiative aims to strengthen border connectivity, improve logistics, and enhance India's overall defense preparedness by upgrading strategic transport infrastructure.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |