ലണ്ടൻ: പെട്രോൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളെപ്പറ്റിയും നിയന്ത്രണങ്ങളെപ്പറ്റിയും ഓരോദിവസവും നിരവധി വാർത്തകൾ റിപ്പോർട്ട് ചെയ്യാറുണ്ട്. എന്നാൽ, മിക്ക രാജ്യങ്ങളിലും പെട്രോൾ വാങ്ങുന്നതിനും പെട്രോൾ സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനും പ്രായപരിധി സംബന്ധിച്ച് കർശന നിയമങ്ങളുണ്ടെന്ന കാര്യം പലർക്കും അറിയില്ല.
യുകെ പോലുള്ള രാജ്യങ്ങളിൽ പതിനാറു വയസിന് താഴെയുള്ളവർക്ക് പെട്രോൾ വാങ്ങുന്നതിനും പെട്രോൾ പമ്പ് പ്രവർത്തിപ്പിക്കുന്നതിനും നിയമം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അപകടസാദ്ധ്യത കൂടുതലുള്ള ഇന്ധനം കൈകാര്യം ചെയ്യുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാമുൻകരുതലുകളുടെ ഭാഗമായാണ് സർക്കാർ ഇത്തരത്തിലൊരു നിയമം നടപ്പിലാക്കിയത്. യുകെയിലെ 'പെട്രോളിയം റെഗുലേഷൻസ് 2014' പ്രകാരമാണ് നിയമം നടപ്പിലാക്കിയിരിക്കുന്നത്. ഈ നിയമം ലംഘിക്കുന്ന പമ്പ് ഉടമകൾക്കും ജീവനക്കാർക്കും പരമാവധി 5,000 പൗണ്ട് വരെയാണ് പിഴ ചുമത്തുന്നത്.
നിയമം പാലിക്കുന്നതിന്റെ ഭാഗമായി യുകെയിലെ മിക്ക പെട്രോൾ പമ്പുകളിലും 'ചലഞ്ച് 25' എന്ന നയം നടപ്പിലാക്കിയിട്ടുണ്ട്. ഇതുപ്രകാരം 25 വയസിൽ താഴെ പ്രായമുള്ളതായി തോന്നുന്നവർ പെട്രോൾ നിറയ്‌ക്കാനായി എത്തുമ്പോൾ ഫോട്ടോ പതിപ്പിച്ച സാധുവായ തിരിച്ചറിയൽ രേഖകൾ ജീവനക്കാർക്കുമുന്നിൽ ഹാജരാക്കാണം. അപകടങ്ങൾ, തീപിടിത്തങ്ങൾ, പെട്രോളിന്റെ ദുരുപയോഗം എന്നിവ തടയുന്നതിനും പൊതുസുരക്ഷ ഉറപ്പാക്കാനുമാണ് പ്രായപരിധിയിൽ ഉൾപ്പടെ ഇത്തരത്തിൽ കർശനമായ നിയമങ്ങൾ പല രാജ്യങ്ങളും നടപ്പിലാക്കിയിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |