ബീജിംഗ്: തങ്ങളുടെ തിയാംഗോംഗ് ബഹിരാകാശ നിലയത്തിലേയ്ക്ക് ആദ്യ വിദേശ സഞ്ചാരിയെ അയക്കാനുള്ള തയ്യാറെടുപ്പിലാണ് ചൈന. ഇതിന്റെ ഭാഗമായി ചൈനീസ് തലസ്ഥാനമായ ബീജിംഗിൽ രണ്ട് പാകിസ്ഥാനി പൈലറ്റുമാർ കഠിനമായ പരിശീലനത്തിൽ ഏർപ്പെടുകയാണ്. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെ പുതിയ ഘട്ടത്തിന് ഇത് തുടക്കം കുറിക്കുന്നു.
സീഷൻ അലി, ഖുറം ദൗദും എന്നിവരാണ് ചൈനീസ് പരിശീലനം നേടുന്ന പാകിസ്ഥാനി പൈലറ്റുമാർ. ഇതിന്റെ ഭാഗമായി ചൈനീസ് ഭാഷയായ മാൻഡറിനും ഇവർ പഠിക്കുന്നുണ്ട്. അതിശക്തമായ ഗുരുത്വാകർഷണബലം അനുഭവിച്ചുകൊണ്ട് ഭാരമില്ലാത്ത അവസ്ഥയിൽ ഭക്ഷണം കഴിക്കാനും ഉറങ്ങാനും ഉപകരണങ്ങൾ അറ്റകുറ്റപ്പണി നടത്താനും പരിശീലിക്കുകയും ചെയ്യുന്നു. രണ്ടുപേരിൽ ആരെയായിരിക്കും അവസാനം തിരഞ്ഞെടുക്കുകയെന്നത് ഒക്‌ടോബർ പകുതിയോടെ അറിയിക്കുമെന്ന് പാകിസ്ഥാൻ ബഹിരാകാശ ഏജൻസിയായ സൂപർകോയിലെ ഉദ്യോഗസ്ഥനായ അമർ ഗിലാനി പറഞ്ഞു.
2019ലാണ് പദ്ധതിയിൽ ചൈനയും പാകിസ്ഥാനും ഒപ്പിട്ടത്. തിരഞ്ഞെടുക്കപ്പെടുന്ന പൈലറ്റ് പാകിസ്ഥാന്റെ ആദ്യ ബഹിരാകാശ സഞ്ചാരിയായി മാറും. കൂടാതെ ചൈനയുടെ തിയാംഗോംഗ് ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ വിദേശ പൗരനും ഇയാളായിരിക്കും. എന്നാൽ ചൈന ഇതുവരെ വിക്ഷേപണ തീയതി പ്രഖ്യാപിച്ചിട്ടില്ല. തിരഞ്ഞെടുക്കപ്പെടുന്ന പൈലറ്റ് ചൈനയിൽ നിന്ന് നേരിട്ടായിരിക്കും ബഹിരാകാശ നിലയത്തിലേയ്ക്ക് പോവുകയെന്നും മിഷനുശേഷം മാത്രമായിരിക്കും പാകിസ്ഥാനിലേയ്ക്ക് തിരികെ പോവുകയെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
20 പാകിസ്ഥാനി പൈലറ്റുമാരിൽ നിന്നും ശാസ്ത്രജ്ഞരിൽ നിന്നുമാണ് അലിയും ദൗദും തിരഞ്ഞെടുക്കപ്പെട്ടത്. വൈദ്യ പരിശോധന, മാനസികാരോഗ്യ വിശകലനങ്ങൾ, റോക്കറ്റ് വിക്ഷേപണ സമയത്ത് അനുഭവപ്പെടുന്നയത്രയും ശക്തമായ ഗുരുത്വാകർഷണ ശക്തിയെ നേരിടാനുള്ള കഴിവ് തുടങ്ങിയവ വിലയിരുത്തിയായിരുന്നു തിരഞ്ഞെടുപ്പ്.
ബീജിംഗിലെ ചൈന ആസ്‌ട്രോണട്ട് റിസർച്ച് ആന്റ് ട്രെയിനിംഗ് സെന്ററിലാണ് പരിശീലനം നടക്കുന്നത്. ബഹിരാകാശ പേടക സംവിധാനങ്ങൾ, സൂക്ഷ്മ ഗുരുത്വാകർഷണ സാഹചര്യങ്ങളുമായുള്ള പൊരുത്തപ്പെടൽ, തീവ്രമായ ചൈനീസ് ഭാഷാ പഠനം തുടങ്ങിയവ പരിശീലനത്തിൽ ഉൾപ്പെടുന്നു. തിരഞ്ഞെടുക്കപ്പെടുന്ന ബഹിരാകാശ സഞ്ചാരി 'പേലോഡ് സ്‌പെഷ്യലിസ്റ്റ്' ആയിട്ടായിരിക്കും പ്രവർത്തിക്കുക. ബഹിരാകാശ പേടകം കൈകാര്യം ചെയ്യുന്നതിലുപരി ബഹിരാകാശ നിലയത്തിൽ പാകിസ്ഥാന്റെ ശാസ്ത്ര പരീക്ഷണങ്ങൾ നടത്തുകയെന്നതായിരിക്കും പ്രധാന ചുമതല. ഒരാഴ്‌ച നീളുന്നതായിരിക്കും മിഷനെന്ന സൂചനയുമുണ്ട്.
ഭ്രമണപഥത്തിൽ നടത്തേണ്ടതായ മുന്നൂറിലധികം പരീക്ഷണങ്ങളുടെ പ്രൊപ്പോസലുകളാണ് സൂപർകോയ്ക്ക് ലഭിച്ചത്. ഇതിൽ കറാച്ചി, ലാഹോർ, ഇസ്‌ലാമാബാദ് സർവകലാശാലകളിൽ നിന്നുള്ളവ ഉൾപ്പെടുന്നു. ഇതിൽ നാല് ബയോടെക്‌നോളജി പരീക്ഷണങ്ങൾക്കാണ് ചൈന പച്ചക്കൊടി വീശിയത്. ഭക്ഷ്യ സുരക്ഷ, കാലാവസ്ഥാ വ്യതിയാനം എന്നിവയുമായി ബന്ധപ്പെട്ടിട്ടുള്ളവയാണിത്. ബഹിരാകാശ നിലയത്തിൽ പരീക്ഷിക്കുന്നതിന് ചൈനീസ് എഞ്ചിനീയർമാരുടെ അനുമതി ലഭിക്കുന്നതിന് മുൻപ് ഇവ പാകിസ്ഥാനിൽ പരീക്ഷണം നടത്തുകയും വികസിപ്പിക്കുകയും ചെയ്യും.
ടിയാൻഹെ, വെന്റിയാൻ, മെംഗ്‌ടിയാൻ എന്നീ മൂന്ന് മൊഡ്യൂളുകൾ ചേർന്നതാണ് തിയാംഗോംഗ് ബഹിരാകാശ നിലയം. ഇവയുടെ ആകെ ഭാരം ഏകദേശം 77 ടൺ ആണ്. ജീവശാസ്ത്രം, മെറ്റീരിയൽ സയൻസ്, ഫ്ലൂയിഡ് ഫിസിക്സ്, റേഡിയേഷൻ എക്സ്പോഷർ എന്നിവയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളാണ് ബഹിരാകാശ നിലയത്തിൽ നടക്കുന്നത്.
പാകിസ്ഥാന് സ്വതന്ത്രമായ ഭ്രമണപഥ വിക്ഷേപണ വാഹനമോ മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ബഹിരാകാശ പേടകമോ ഇല്ല. അതിലാണ് രാജ്യത്തിന് ഒരു ബഹിരാകാശ സഞ്ചാരി വേണമെന്ന ലക്ഷ്യത്തോടെ ബഹിരാകാശ യാത്രക്കായി ചൈനയെ ആശ്രയിക്കുന്നത്. ചൈന വിക്ഷേപിച്ച പാകിസ്ഥാൻ ഉപഗ്രഹങ്ങൾ, സംയുക്ത ഉപഗ്രഹ - നാവിഗേഷൻ സംവിധാനം, 2028ഓടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ചൈനയുടെ 'ചാംഗ്-ഇ 8' ചാന്ദ്ര ദൗത്യത്തിനായി പാകിസ്ഥാൻ നിർമ്മിക്കുന്ന റോവർ എന്നിവയും ഈ പങ്കാളിത്തത്തിൽ ഉൾപ്പെടുന്നു.
China is preparing to send its first foreign visitor to the Tiangong space station, with two Pakistani pilots undergoing intensive training in Beijing. Seeshan Ali and Khurram Dawood are competing for selection as Pakistan’s first astronaut. The chosen candidate will conduct Pakistani scientific experiments, including biotechnology research, during a mission expected to last about a week.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |