SignIn
Kerala Kaumudi Online
Saturday, 26 September 2026 11.28 AM IST

ഒരു സ്വർണമെഡലിൽ എത്രഗ്രാം സ്വർണമുണ്ടെന്ന് അറിയാമോ? മൂല്യം കണക്കാക്കുന്നത് നമ്മൾ കരുതുന്ന രീതിയിലല്ല

gold-medal
പ്രതീകാത്മക ചിത്രം

ഏഷ്യൻ ഗെയിംസിൽ മെഡൽനേട്ടവുമായി കുതിക്കുകയാണ് ഇന്ത്യ. ഇന്നലെയും ഇന്ത്യയ്ക്ക് സ്വർണമെഡൽ ലഭിച്ചിരുന്നു. സ്വർണത്തിന് റോക്കറ്റുപോലെ വില കുതിക്കുന്ന ഈസമയത്ത് കായികതാരങ്ങൾക്ക് എങ്ങനെയാണ് ഇത്രയും കട്ടിയിൽ സ്വർണമെഡൽ നൽകാൻ ഗെയിംസിന്റെ സംഘാടകർക്ക് കഴിയുന്നതെന്ന് ചിലർക്കെങ്കിലും സംശയം തോന്നാം. എന്നാൽ അറിയുക കായികതാരങ്ങൾക്ക് നൽകുന്ന സ്വർണത്തിളക്കമുള്ള മെഡൽ ശരിക്കും സ്വർണമല്ല. വെറും ആറുഗ്രാം സ്വർണംമാത്രമാണ് ഒരു സ്വർണമെഡലിൽ ഉണ്ടാവുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതായത് മെഡലിൽ അടങ്ങിയിരിക്കുന്ന സ്വർണത്തിന്റെ അളവല്ല ആ മെഡൽ നെഞ്ചേറ്റിയതിലൂടെ സ്വന്തം രാജ്യത്തിനുണ്ടാകുന്ന തലയെടുപ്പും അതിലൂടെ തനിക്കുണ്ടാകുന്ന ആത്മാഭിമാനവുമാണ് കായികതാരങ്ങൾക്ക് വലുത്. അക്കാരണത്താൽ അമൂല്യമാണ് ഓരോ മെഡലും എന്ന് പ്രത്യേകം പറയേണ്ടല്ലോ?.

കൂടുതൽ വെളളി

ഒളിമ്പിക്സ് അടക്കമുള്ള എല്ലാ മത്സരങ്ങളിലും നൽകുന്ന സ്വർണമെഡലുകളിൽ ഏറ്റവും കൂടുതലുള്ളത് വെള്ളിയാണ്. 99.52ശതമാനമാണ് മെഡലുകളിലെ വെള്ളിയുടെ അളവ്. ഇതിനുമുകളിൽ സ്വർണം പൂശുകയാണ് ചെയ്യുന്നത്. 24 കാരറ്റിന്റെ ആറുഗ്രാം സ്വർണമാണ് ഇതിന് ഉപയോഗിക്കുന്നതത്രേ.

റീ സൈക്കിൾ ചെയ്തെടുക്കുന്ന സ്വർണമാണ് ഇതിനായി കൂടുതൽ ഉപയോഗിക്കുന്നതെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. 2020ലെ ടോക്കിയോ ഒളിമ്പിക്സിൽ ഇലക്ട്രോണിക്സ് വേസ്റ്റിൽ നിന്ന് വേർതിരിച്ചെടുത്ത ലോഹങ്ങൾകൊണ്ടുനിർമ്മിച്ച മെഡലുകളാണ് നൽകിയത്.

എന്നാൽ വെള്ളി, വെങ്കല മെഡലുകൾ പൂർണമായും പേരുസൂചിപ്പിക്കുന്ന ലോഹങ്ങൾ കൊണ്ടാണ് നിർമ്മിക്കുന്നത്. വെങ്കലമെഡൽ നിർമ്മിക്കാൻ ടിൻപോലുളള ലോഹങ്ങളും ചേർക്കുന്നുണ്ട്. 1912ലെ സ്റ്റോക്ക്ഹോം ഒളിമ്പിക്സിലാണ് അവസാനമായി പൂർണമായും സ്വർണത്തിൽ തീർത്ത മെഡൽ നൽകിയത്. അതിനുശേഷമാണ് ഇന്നുകാണുന്നതുപോലുള്ള മെഡലുകൾ നൽകിത്തുടങ്ങിയത്. തുടർന്നുള്ള മറ്റ് ഗെയിമുകളിലും ഇത്തരംമെഡലുകൾ നൽകിത്തുടങ്ങി.

ചെലവ് താങ്ങാനാവുന്നതിനും അപ്പുറമാകും എന്നതിനാലാണ് സ്വർണമെഡലുകളിൽ സ്വർണം പേരിനുമാത്രം ചേർത്തുതുടങ്ങിയത്. ശുദ്ധമായ തനിത്തങ്കംകൊണ്ട് മെഡൽ നിർമിക്കുക എന്നത് ഇന്നത്തെ വിലവച്ചുനോക്കുമ്പോൾ തീർത്തും അസാദ്ധ്യമാണ്. മാത്രമല്ല മെഡലുകൾക്ക് രൂപമാറ്റം ഉണ്ടാവാനുള്ള സാദ്ധ്യതയും ഏറും. മോഷ്ടിക്കപ്പെടാനും ഏറെ സാദ്ധ്യതയുണ്ട്.

വില എത്രയാണെന്ന് അറിയാമോ?

കാര്യങ്ങൾ ഇങ്ങനെപോകുന്നസ്ഥിതിക്ക് ഒരു മെഡലിന്റെ വില എത്രയാണെന്ന് കണക്കാക്കിനോക്കാം. ഒരു സ്വർണമെഡലിന് അതിൽ അടങ്ങിയിരിക്കുന്ന വെളളിയുടെയും സ്വർണത്തിന്റെയും മൂല്യം കണക്കാക്കുമ്പോൾ ആകെ 85,000 രൂപവരെയാകും എന്നാണ് കരുതുന്നത്. ലോഹങ്ങളുടെ വില കണക്കാക്കുമ്പോൾ വില കുറവാണെങ്കിലും ആ മെഡലുകൾ കായികതാരങ്ങളെയും രാജ്യത്തെയും സംബന്ധിച്ച് അമൂല്യമാണെന്ന് നേരത്തേ പറഞ്ഞല്ലോ. അതുകൊണ്ടാണ് ലേലത്തിനും മറ്റും മെഡലുകൾക്ക് കോടികൾ ലഭിക്കുന്നത്.

English Summary

India is making steady strides at the Asian Games with its medal haul, including a gold medal won yesterday. At a time when gold prices are soaring like a rocket, some may wonder how the Games organisers can afford to award athletes such thick gold medals.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOLD MEDAL, സ്വർണമെഡൽ, GOLD MEDAL GOLD CONTENT, GOLD MEDAL VALUE, SWARNAMEDAL GOLD GRAMS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360