SignIn
Kerala Kaumudi Online
Tuesday, 14 July 2026 5.17 PM IST

സ്വർണം കൈവിട്ടുകളയരുത്!​ ആഡംബരത്തിനപ്പുറം സുരക്ഷിത നിക്ഷേപവും മികച്ച ആസ്തിയും?

gold-
പ്രതീകാത്മക ചിത്രം

​​ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് സ്വർണം വാങ്ങുന്നത് പരമാവധി ഒഴിവാക്കാനും മിതത്വം പാലിക്കാനും ആഹ്വാനം ചെയ്തിരുന്നു. ഇത് രാജ്യത്തെ സ്വർണത്തിന്റെ വിനിമയത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചതായാണ് വിദഗ്ധരുടെ വിലയിരുത്തൽ. രാജ്യത്ത് സ്വർണവായ്പകളിൽ വലിയ വർദ്ധനവ് ഉണ്ടായതായാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. സ്വർണത്തെ നിഷ്‌ക്രിയ ആസ്തിയിൽ നിന്ന് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന ഒരു സാമ്പത്തിക ആസ്തിയായി കണക്കാക്കാൻ ഇന്ത്യക്കാർ തുടങ്ങി.

സ്വർണം വാങ്ങരുത്?​

പശ്ചിമേഷ്യയിലെ സംഘർഷവും ഉയർന്ന ക്രൂഡ് ഓയിൽ വിലയും ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിന് സമ്മർദം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി സ്വർണം വാങ്ങുന്നത് നിയന്ത്രിക്കണമെന്ന ആഹ്വാനം നടത്തിയത്. ഇന്ത്യക്ക് ആവശ്യമായ സ്വർണത്തിന്റെ ഭൂരിഭാഗവും ഇറക്കുമതിയാണ് ചെയ്യുന്നത്. അതിനാൽ സ്വർണ ഇറക്കുമതി കുറയ്ക്കുന്നതിലൂടെ ഡോളർ ചെലവ് കുറയ്ക്കാനും വിദേശനാണ്യ ശേഖരത്തിനുണ്ടാകുന്ന സമ്മർദ്ദം കുറയ്ക്കാൻ സാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.

ജനങ്ങൾക്കിടയിൽ സാമ്പത്തികപരമായി കൂടുതൽ അവബോധം സൃഷ്ടിക്കാൻ ഈ പ്രഖ്യാപനത്തിന് കഴിഞ്ഞതായാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. കൈവശമുള്ള സ്വർണം സൂക്ഷിച്ചുവയ്ക്കുന്നതിൽ നിന്നും ഫലപ്രദമായി ആവശ്യങ്ങൾക്ക് എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ജനങ്ങൾ ചിന്തിച്ചുതുടങ്ങി.

സ്വർണം ആഡംബരത്തിനല്ല,​ നിക്ഷേപത്തിന്

gold-safe-investment-asse
പ്രതീകാത്മക ചിത്രം

​സമീപകാലങ്ങളിൽ ആഢംബരത്തിനല്ലാതെ സ്വർണം എങ്ങനെ ഉപയോഗിക്കാമെന്നതിൽ ജനങ്ങൾ കൂടുതൽ ശ്രദ്ധാലുക്കളായി. സ്വർണം പണ്ടുകാലം മുതൽ ആഭരണമായും സമ്പത്തിന്റെ അടയാളമായുമാണ് ഇന്ത്യയിൽ കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ സാമ്പത്തിക വിദഗ്ധരുടെ കാഴ്ചപ്പാടിൽ സ്വർണം ഒരു ആഡംബര വസ്തു എന്നതിനേക്കാൾ സുരക്ഷിത നിക്ഷേപമായാണ് വിലയിരുത്തുന്നത്.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനുശേഷം ഇന്ത്യയിലെ ജനങ്ങൾ ആഭരണങ്ങൾ വാങ്ങുന്നത് കുറയ്ക്കുകയും കൈവശമുള്ള സ്വർണം പണയംവച്ച് വായ്പയെടുക്കുന്നത് ഗണ്യമായി വർദ്ധിക്കുകയും ചെയ്തു. രാജ്യത്ത് സ്വർണത്തിന്റെ വില കുത്തനെ ഉയർന്ന സാഹചര്യത്തിൽ കയ്യിലുള്ള സ്വർണം വിറ്റഴിക്കുന്നതിന് പകരം പണയംവച്ച് വായ്പയെടുക്കാനാണ് പലരും താല്പര്യം കാണിക്കുന്നത്. സ്വർണത്തിനെ ഒരു സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സൂക്ഷിച്ചുകൊണ്ട് അടിയന്തര സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ തുടങ്ങിയതായാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ഇന്ത്യയിലെ കുടുംബങ്ങളിൽ സൂക്ഷിച്ചിരിക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണശേഖരമാണെന്നാണ് വിദഗ്ധ‍ർ ചൂണ്ടിക്കാണിക്കുന്നത്. ഏകദേശം 30,000 ടണ്ണിലധികം സ്വർണമാണ് ഇന്ത്യൻ വീടുകളിൽ സൂക്ഷിക്കുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ സ്വർണത്തിന്റെ മൂല്യം വർദ്ധിക്കുന്ന പ്രവണതയാണ് സാധാരണ കാണുന്നത്. അതുകൊണ്ടാണ് സമ്പത്ത് സംരക്ഷിക്കാനുള്ള മാർഗമായി പലരും സ്വർണം തിരഞ്ഞെടുക്കുന്നത്.

അത്യാവശ്യ ഘട്ടങ്ങളിൽ സ്വർണം നഷ്ടപ്പെടുത്താതെ വായ്പയെടുക്കുന്ന പ്രവണത ഗണ്യമായി വർദ്ധിച്ചു. കൃഷി, ചെറുകിട വ്യാപാരം, വിദ്യാഭ്യാസം, ചികിത്സ, മറ്റ് വ്യക്തിഗത ആവശ്യങ്ങൾ എന്നിവയ്ക്കായാണ് പ്രധാനമായും സ്വർണവായ്പകൾ ഉപയോഗിക്കുന്നത്. മദ്ധ്യവർഗ കുടുംബങ്ങളാണ് സ്വർണവായ്പയെന്ന ആശയം കൂടുതലായി ഉപയോഗിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്വർണവില തുടർച്ചയായി ഉയരുകയും സാമ്പത്തിക അനിശ്ചിതത്വം വർദ്ധിക്കുകയും ചെയ്തതോടെ നിക്ഷേപ ലക്ഷ്യത്തോടെ സ്വർണം വാങ്ങുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ആഭരണങ്ങൾ മാത്രമല്ല ഡിജിറ്റൽ ഗോൾഡ്,​ സ്വർണ നാണയങ്ങൾ,​ സ്വർണ ബാറുകൾ എന്നിവയും നിക്ഷേപത്തിനായി വാങ്ങിക്കുന്നവരുമുണ്ട്.

English Summary

Following heightened tensions in the Middle East, Prime Minister Narendra Modi urged Indians to reduce gold purchases and adopt austerity to help ease pressure on the country's foreign exchange reserves. According to experts, the appeal has changed the way Indians view gold. Instead of treating it merely as jewellery or a luxury item, many now see it as a valuable financial asset. Gold loan demand has risen sharply, with people preferring to pledge their gold rather than sell it to meet expenses such as education, healthcare, farming, and business needs. Experts estimate that Indian households hold over 30,000 tonnes of gold, one of the world's largest private gold reserves. At the same time, investment in digital gold, gold coins, and gold bars has also increased as people increasingly view gold as a safe long-term investment.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOLD INVESTMENT, SAFE HAVEN ASSET, GOLD AS INVESTMENT, GOLD SAVINGS INDIA, GOLD PRICE HIKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360