പശ്ചിമേഷ്യൻ യുദ്ധം ലോകത്തെയാകെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. യുദ്ധത്തിന് അന്ത്യമില്ലാത്തത് വിവിധ രാജ്യങ്ങളുടെ സാമ്പത്തിക നിലനിൽപ്പിനെ കാര്യമായി ബാധിക്കുകയാണ്. ഇപ്പോഴിതാ വിവിധ ഗൾഫ് രാജ്യങ്ങളിൽ ലോകശ്രദ്ധയാകർഷിക്കുന്ന പരിപാടികൾ റദ്ദാക്കുന്നതോടെ സാമ്പത്തിക സ്ഥിതി താളം തെറ്റുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഫോർമുല വൺ മത്സരങ്ങൾ മുതൽ നിക്ഷേപ സംഗമങ്ങൾ വരെയാണ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് റദ്ദാക്കുന്നത്. പ്രവാസി മലയാളികൾ ഉൾപ്പടെയുള്ളവരുടെ ജോലിയെയും ഇതു കാര്യമായി ബാധിക്കുന്നുണ്ട്. എണ്ണയിതര സമ്പദ് വ്യവസ്ഥ വളർത്താനുള്ള സൗദി അടക്കമുള്ള രാജ്യങ്ങളുടെ ദീർഘകാല പദ്ധതികൾക്കും യുദ്ധം വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്.
സൗദി അറേബ്യയുടെ സാമ്പത്തിക പരിവർത്തന പദ്ധതിയായ വിഷൻ 2030ന്റെ ഭാഗമായി റിയാദിൽ നടക്കേണ്ടിയിരുന്ന 'ഡാവോസ് ഇൻ ദ ഡെസേർട്ട്' എന്നറിയപ്പെടുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് പത്താം പതിപ്പ് 2027ലേക്ക് മാറ്റിവച്ചു. ഒക്ടോബർ 26 മുതൽ 29 വരെ നടത്താനിരുന്ന ഈ പരിപാടി അന്താരാഷ്ട്ര നിക്ഷേപം ആകർഷിക്കുന്നതിനുള്ള പ്രധാന വേദിയായിരുന്നു.
വൻ ബിസിനസ് സാദ്ധ്യതകളും വിനോദസഞ്ചാര വരുമാനവും നൽകുന്ന പ്രമുഖ അന്താരാഷ്ട്ര കായിക മത്സരങ്ങളെയും സുരക്ഷാ ഭീഷണി പ്രതികൂലമായി ബാധിച്ചു. ഏപ്രിലിൽ നിശ്ചയിച്ചിരുന്ന ബഹ്‌റൈൻ (സഖീർ സർക്യൂട്ട്), സൗദി അറേബ്യ (ജിദ്ദ) ഫോർമുലാ വൺ ഗ്രാന്റ് പ്രീ മത്സരങ്ങൾ സുരക്ഷാ കാരണങ്ങളാൽ നടത്താനായില്ല. ഖത്തറിൽ നടത്താനിരുന്ന മോട്ടോ ജിപി മത്സരവും, സ്‌പെയിൻ അർജന്റീന ഫുട്‌ബോൾ പോരാട്ടമായ ഫൈനലിസിമയും റദ്ദാക്കേണ്ടി വന്നു.
വൻകിട പരിപാടികൾ മുടങ്ങുന്നത് ടൂറിസം, വിമാന സർവീസുകൾ, ഹോട്ടൽ മേഖല എന്നിവയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിന്റെ മാർച്ച് മാസത്തിലെ കണക്കനുസരിച്ച്, വിനോദസഞ്ചാരികളുടെ ചെലവഴിക്കലിൽ പശ്ചിമേഷ്യൻ മേഖലയിൽ പ്രതിദിനം കുറഞ്ഞത് 60 കോടി ഡോളറിന്റെ കുറവാണ് ഉണ്ടാകുന്നത്. ഹോട്ടലുകൾ, ടൂറിസം ഓപ്പറേറ്റർമാർ, കോൺഫറൻസ് സെന്ററുകൾ, പ്രാദേശിക വ്യാപാരങ്ങൾ എന്നിവയുടെ വരുമാനത്തെ ഇത് നേരിട്ട് ബാധിക്കുന്നു.
സമ്മേളനങ്ങൾ മാറ്റിവയ്ക്കുന്നത് സംഘാടകരെ മാത്രമല്ല, അനുബന്ധ സേവനങ്ങൾ നൽകുന്ന മലയാളി സംരംഭങ്ങളെയും കാര്യമായി ബാധിക്കുന്നു. ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് ഉൾപ്പെടെയുള്ള വൻകിട ഇവന്റുകളുടെ നടത്തിപ്പും പ്രമുഖ കരാറുകളും നിരവധി മലയാളി കമ്പനികൾക്ക് ലഭിച്ചിരുന്നു.
മുൻവർഷങ്ങളിൽ ഇത്തരം സമ്മേളനങ്ങൾക്കായി കേരളത്തിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ പഴംപച്ചക്കറി ഉൽപ്പന്നങ്ങൾ കയറ്റി അയച്ചിരുന്നു. ഇവന്റുകൾ റദ്ദാക്കപ്പെട്ടതോടെ ഈ വിപണി സാദ്ധ്യത പൂർണ്ണമായും തടസ്സപ്പെട്ടു.
ഗൾഫിലെ സർവീസ്, ടൂറിസം മേഖലകളിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് പ്രവാസി മലയാളികളുടെ തൊഴിൽ സുരക്ഷയെ ഈ പ്രതിസന്ധി ബാധിക്കാൻ സാദ്ധ്യതയുണ്ട്.
ഇവന്റ് മാനേജ്‌മെന്റ്, കാറ്ററിങ്, സ്റ്റേജ്‌ലൈറ്റിംഗ്, ഹോട്ടലുകൾ, ടൂർ ഓപ്പറേഷൻ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ വരുമാനക്കുറവ് തൊഴിലവസരങ്ങളിൽ സമ്മർദ്ദമുണ്ടാക്കും. ഡ്രൈവർമാർ, ക്ലീനിംഗ് സ്റ്റാഫുകൾ തുടങ്ങിയ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന മലയാളികൾക്ക് ഇത്തരം ഇവന്റുകൾ വഴി ലഭിച്ചിരുന്ന താൽക്കാലിക തൊഴിൽ സാദ്ധ്യതകളും വരുമാനവുമാണ് ഇതോടെ നഷ്ടമായത്.
The Middle East war severely impacts Gulf economies, prompting cancellation of major events like Formula 1 races and investment summits. This causes substantial financial losses for tourism and hospitality sectors. Thousands of expatriate workers, including Malayalis, face job insecurity, hindering Gulf nations' non-oil economic diversification efforts.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |