SignIn
Kerala Kaumudi Online
Wednesday, 28 October 2026 5.22 PM IST

പേരിലെ ഗാംഭീര്യവും ഉള്ളിലെ പോഷകകലവറയും: നിസാരക്കാരനല്ല ഈ പുതിയ വയലറ്റ് ഉരുളക്കിഴങ്ങ്

kufri-jamunia
കുഫ്രി ജമുനിയ

എല്ലാവർക്കും ഇഷ്ടപ്പെട്ട കിഴങ്ങുവർഗമാണ് ഉരുളക്കിഴങ്ങ്. ഇതുകൊണ്ടുള്ള ഭക്ഷണവിഭവങ്ങൾക്കും ആരാധകരേറെയാണ്. സാധാരണ വെള്ള,​ ഇളം മഞ്ഞ നിറമാണ് ഉരുളക്കിഴങ്ങിന്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി വയലറ്റ് നിറത്തിലുള്ള ഉരുളക്കിഴങ്ങ് കണ്ടിട്ടുണ്ടോ?​കേൾക്കുമ്പോൾ അൽപ്പം അത്ഭുതമായി തോന്നുമെങ്കിലും വയലറ്റ് നിറത്തിലുള്ള ഉരുളക്കിഴങ്ങുണ്ട്. ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത പോഷകഗുണങ്ങളേറെയുള്ള ഈ ഉരുളക്കിഴങ്ങിന്റെ പേര് കുഫ്രി ജാമുനിയ എന്നാണ്. ഷിംലയിലെ ഐസിഎആർ സെൻട്രൽ പൊട്ടറ്റോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇത് വികസിപ്പിച്ചെടുത്തത്. എന്താണ് കുഫ്രി ജാമുനിയയെന്നും ഇതിന്റെ പ്രത്യേകത എന്താണെന്നും വിശദമായി പരിശോധിക്കാം.

എന്താണ് കുഫ്രി ജാമുനിയ

സാധാരണ ഉരുളക്കിഴങ്ങിൽ നിന്നും വ്യത്യസ്തമായി ഇതിന്റെ തൊലിയും ഉള്ളിലെ മാംസവും കടുംവയലറ്റ് നിറത്തിലാണ് കാണപ്പെടുന്നത്. ശരീരത്തിന് ആവശ്യമായ കലോറി ലഭിച്ചിട്ടും ഇരുമ്പ്,​ സിങ്ക്,​ വിറ്റാമിനുകൾ തുടങ്ങിയ സൂക്ഷ്മപോഷകങ്ങളുടെ അഭാവം നേരിടുന്നവരുടെ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നതിന്റെ തുടക്കമെന്നോണമാണ് ഈ ഇനത്തെ കാർഷിക ഗവേഷകർ കാണുന്നത്.

ഇന്ത്യൻ കാ‍‌ർഷിക ഗവേഷണ കൗൺസിലിന് കീഴിലുള്ള ഷിംലയിലെ ഐസിഎആർ സെൻട്രൽ പൊട്ടറ്റോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് ഈ ഇനം വികസിപ്പിച്ചത്. വയലറ്റ് നിറവും പോഷകസമ്പന്നമായ ഘടനയുമാണ് കുഫ്രി ജാമുനിയയെ സാധാരണ ഉരുളക്കിഴങ്ങിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

'ഒളിഞ്ഞിരിക്കുന്ന വിശപ്പിന്' പരിഹാരം

വയറുനിറയെ ഭക്ഷണം കഴിച്ചാലും ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കണമെന്നില്ല. ഭക്ഷണത്തിലൂടെ ആവശ്യമായ കലോറി ലഭിക്കുന്നുണ്ടെങ്കിലും നേരത്തെ പറഞ്ഞതുപോലെ ഇരുമ്പ് പോലെയുള്ള ആവശ്യപോഷകങ്ങളുടെ കുറവ് തുടരുന്ന അവസ്ഥയെയാണ് 'ഒളിഞ്ഞിരിക്കുന്ന വിശപ്പ്' എന്ന് പറയുന്നത്. വിളകളുടെ പോഷകമൂല്യം വർദ്ധിപ്പിക്കുന്ന ശാസ്ത്രീയ രീതികൾക്ക് ഈ പ്രശ്നം പരിഹരിക്കുന്നതിൽ നിർണായക പങ്കുവഹിക്കാനാകും. അത്തരമൊരു രീതിയാണ് ബയോഫോർട്ടിഫിക്കേഷൻ . സസ്യപ്രജനനത്തിലൂടെയും കാർഷിക ഗവേഷണത്തിലൂടെയും വിളകളിൽത്തന്നെ പോഷകങ്ങളുടെ അളവ് വർദ്ധിപ്പിക്കുന്നതാണ് ഇതിന്റെ ലക്ഷ്യം.

വയലറ്റ് നിറത്തിന് പിന്നിലെന്ത്?​

കുഫ്രി ജാമുനിയയുടെ വയലറ്റ് നിറത്തിന് കാരണം ആന്തോസയാനിൻ എന്ന പ്രകൃതിദത്ത വർണകമാണ്. ആന്റിഓക്സിഡന്റ് ,​ വിറ്റാമിൻ സി,​ ഇരുമ്പ്,​ സിങ്ക് തുടങ്ങിയ പോഷകങ്ങൾ ഈ ഉരുളക്കിഴങ്ങിലുണ്ട്. സാധാരണ ഉരുളക്കിഴങ്ങിനെ അപേക്ഷിച്ച് കുഫ്രി ജാമുനിയയിൽ ചില പ്രധാന പോഷകങ്ങളുടെ അളവ് കൂടുതലാണെന്നാണ് ഗവേഷകൾ പറയുന്നത്. സാധാരണ ഉരുളക്കിഴങ്ങിൽ 23.15 മില്ലിഗ്രാം വിറ്റാമിൻ സി ആണെങ്കിൽ ഇതിൽ ഏകദേശം 42.75 മില്ലിഗ്രാമാണ് അടങ്ങിയിട്ടുള്ളത്. സാധാരണ ഉരുളക്കിഴങ്ങിൽ 0.57 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ടെങ്കിൽ കുഫ്രി ജാമുനിയയിൽ ഇത് 3.22 ആണ്. സിങ്ക് സാധാരണ ഉരുളക്കിഴങ്ങിൽ 0.28 മില്ലിഗ്രാമാണെങ്കിൽ ഇതിൽ അത് 2.28 മില്ലിഗ്രാമാണ്.

കർഷകരുടെ പ്രതീക്ഷ

പോഷകമൂല്യത്തിന് പുറമെ ഉൽപ്പാദനക്ഷമതയും കുഫ്രി ജാമുനിയയുടെ പ്രത്യേകതയാണ്. ഹെക്ടറിന് ഏകദേശം 32-35 ടൺ വരെ വിളവ് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഓരോ ചെടിയിലും ശരാശരി 10-12 കിഴങ്ങുകൾ (ഇടത്തരം വലിപ്പമുള്ള) വരെ ഉണ്ടാകാം. വ്യത്യസ്തമായ നിറവും പോഷകഗുണങ്ങളും ഈ ഉരുളക്കിഴങ്ങിന് വിപണിയിൽ കൂടുതൽ സ്വീകാര്യത നേടിക്കൊടുക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. അപ്പോഴും കൃഷിക്കാവശ്യമായ വിത്തുകിഴങ്ങുകളുടെ ലഭ്യത,​ ഉൽപ്പാദനച്ചെലവ്,​ വിപണിയിലെ ആവശ്യകത,​ ഉപഭോക്താക്കളുടെ താൽപ്പര്യം തുടങ്ങിയ ഘടകങ്ങൾ ഒരു വെല്ലിവിളിയാണ്.

പോഷകക്കുറവ് പരിഹരിക്കാനാകുമോ?​

പോഷകസമ്പന്നമായ ഈ ഉരുളക്കിഴങ്ങ് രാജ്യത്ത് പോഷകസുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ചുവടുവയ്പ്പാണെന്നാണ് ഗവേഷകർ പറയുന്നത്. എന്നാൽ പോഷകക്കുറവ് പൂർണമായും പരിഹരിക്കാൻ ഈ വിളയ്ക്ക് സാധിക്കില്ലെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ധാന്യങ്ങൾ,​ പയർവർഗങ്ങൾ,​ പച്ചക്കറികൾ,​ പഴങ്ങൾ മറ്റ് പോഷകസമ്പന്നമായ ഭക്ഷണങ്ങൾ എന്നിവ ഉൾപ്പെട്ട വൈവിധ്യമാർന്ന ഭക്ഷണക്രമവും ആവശ്യമാണ്.

English Summary

The ICAR-Central Potato Research Institute in Shimla has developed 'Kufri Jamunia,' a violet-colored potato variety officially released in 2024. This new potato is significantly richer in essential micronutrients like Vitamin C, iron, and zinc, thanks to its anthocyanin content. Kufri Jamunia aims to combat "hidden hunger" and improve nutritional security, offering a high yield potential.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PURPLE POTATO, KUFRI JAMUNIA, KUFRI JAMUNIA NUTRITION, PURPLE POTATO HEALTH BENEFITS, PURPLE POTATO SUPER FOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360