SignIn
Kerala Kaumudi Online
Wednesday, 08 July 2026 3.44 PM IST

സഞ്ജുവിന് വിശ്രമം, പുതുമുഖങ്ങൾക്ക് അവസരം, എന്നിട്ടും തുടർച്ചയായ തോൽവികൾ; ഇന്ത്യൻ ടീമിന് പിഴച്ചതെവിടെ?​

indian-cricket-team
ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് ഗൗതം ഗംഭീർ,​ ട്വന്റി20 ക്യാപ്റ്റൻ ശ്രേയസ് അയ്യർ,​ സഞ്ജു സാംസൺ

മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് ടീം നേരിടുന്ന തുടർച്ചയായ തോൽവികൾ വലിയ ചർച്ചയ്ക്കാണ് വഴിവച്ചിരിക്കുന്നത്. പ്രതീക്ഷിച്ച നിലവാരത്തിലുള്ള പ്രകടനം പുറത്തെടുക്കാൻ കഴിയാത്തതിനെത്തുടർന്ന് കടുത്ത വിമർശനമാണ് ഇന്ത്യൻ ടീം നേരിടുന്നത്. ടീമിൽ സെലക്ഷൻ കമ്മിറ്റി വരുത്തിയ മാറ്റങ്ങൾ വ്യത്യസ്തതരത്തിലുള്ള അഭിപ്രായങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്. നിർണായക മത്സരങ്ങളിലെ തോൽവികളും ബാറ്റിംഗ് നിരയുടെ അസ്ഥിരതയും ടീമിന്റെ സെലക്ഷൻ തീരുമാനങ്ങളും ആരാധകർക്കിടയിൽ വലിയ ചർച്ചയാണ്. കൂട്ടത്തിൽ മലയാളി താരം സഞ്ജു സാംസണിനെ ഒഴിവാക്കിയതും സമൂഹമാദ്ധ്യമങ്ങളിൽ വലിയ വിവാദമാകുകയാണ്.

ഇന്ത്യൻ ടീമിലെ മാറ്റങ്ങളും തുടർച്ചയായ തോൽവികളും

സെലക്ഷൻ കമ്മിറ്റി നിർണായക മാറ്റങ്ങൾ വരുത്തിയതിന് ശേഷമുള്ള മത്സരങ്ങളിലെല്ലാം ഇന്ത്യൻ ടീമിന് ചുവടുപിഴയ്ക്കുകയായിരുന്നു. ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റൻ സൂര്യകുമാ‍ർ യാദവിനെ മോശം ഫോമിനെത്തുടർന്ന് ഒഴിവാക്കി. പകരം ആ സ്ഥാനത്തേക്ക് ശ്രേയസ് അയ്യരെ കൊണ്ടുവന്നു. പക്ഷെ ട്വന്റി20 ക്യാപ്റ്റനായുള്ള ശ്രേയസ് അയ്യരുടെ അരങ്ങേറ്റം തന്നെ നിരാശയുടേതായി. രണ്ട് മത്സരങ്ങളടങ്ങിയ അയർലൻഡിനെതിരായ പരമ്പരയിൽ 2-0 ന് ഇന്ത്യ തോൽവി വഴങ്ങി. അങ്ങനെ ചരിത്രത്തിലാദ്യമായി അയർലൻഡിനെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യ പരാജയം ഏറ്റുവാങ്ങി. തുടർന്ന് ഇംഗ്ളണ്ടിനെതിരായ ട്വന്റി20 പരമ്പരയുടെ രണ്ടാമത്തെയും മൂന്നാമത്തെയും മത്സരത്തിലും ഇന്ത്യ ദയനീയമായി പരാജയപ്പെട്ടു.

യുവതാരങ്ങൾ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നുണ്ടോ?​

യുവതാരങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകുന്നതിനായി ടീമിൽ വരുത്തിയ മാറ്റങ്ങൾ ടീമിന് അനുകൂലമാകുന്നതിന് പകരം കൂടുതൽ പ്രതികൂലമാകുന്ന സാഹചര്യമുണ്ടാക്കി. ഇംഗ്ലണ്ടിനെതിരെയുള്ള ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ വൈഭവ് സൂര്യവംശിയെ ഉൾപ്പെടുത്തിയെങ്കിലും താരം നിരാശപ്പെടുത്തി. അതേ മത്സരത്തിൽ രവി ബിഷ്നോയി എറിഞ്ഞ നിർണായകമായ 17-ാം ഓവറിൽ 29 റൺസാണ് ഇംഗ്ളണ്ട് നേടിയത്. ഇത് മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചു. വിജയത്തിലേക്ക് അടുക്കുകയായിരുന്ന ഇന്ത്യ നാല് വിക്കറ്റിന് തോറ്റു. കൂടാതെ, ഒരു ട്വന്റി20 അന്താരാഷ്ട്ര മത്സരത്തിൽ മൂന്ന് നോ ബോളുകൾ എറിയുന്ന ഐസിസി പൂർണ അംഗരാജ്യത്തിലെ ആദ്യത്തെ കളിക്കാരനായി അദ്ദേഹം മാറി.

സഞ്ജുവിന് നഷ്ടമാകുന്ന അവസരങ്ങൾ

ടീമിലുൾപ്പെടുത്തിയിട്ടും അന്തിമ ഇലവനിൽ സഞ്ജുവിന് സ്ഥാനം കൊടുക്കാത്തതും മികച്ച പ്രകടനം കാഴ്ചവച്ചിട്ടും അദ്ദേഹത്തിന് സ്ഥിരമായി അവസരം ലഭിക്കാത്തതും വലിയ രീതിയിലാണ് ചർച്ചയാകുന്നത്. മത്സരത്തിന്റെ ഗതി മാറ്റാൻ കഴിയുന്ന പ്രകടനങ്ങൾ ടീമിന് നൽകിയിട്ടും വേണ്ട പരിഗണന സഞ്ജുവിന് ലഭിക്കുന്നില്ലെന്നാണ് ആരാധകരുടെ വിമർശനം. മോശം ഫോമിൽ തുടരുന്ന തിലക് വർമയെയും പല തവണ തുടക്കത്തിൽ പുറത്തായ അഭിഷേക് ശ‌ർമയെയും ടീമിൽ തുടരാനനുവദിച്ചുകൊണ്ട് സഞ്ജുവിനെ പുറത്തിരുത്തുന്ന നിലപാടിനെതിരെ കടുത്ത രോഷമാണ് ഉയരുന്നത്.

കഴിഞ്ഞ ട്വന്റി20 ലോകകപ്പിലെ 'പ്ലെയർ ഓഫ് ദി ടൂർണമെന്റ്' ആയ സഞ്ജുവിന് അവസരങ്ങൾ നൽകുന്നതിന് പകരം വിശ്രമം അനുവദിക്കുകയാണ് സെലക്ഷൻ കമ്മിറ്റി ചെയ്തത്. വരാൻ പോകുന്ന സിബാംബ്‌വെ പര്യടനത്തിൽ നിന്നും സഞ്ജുവിനെ ഒഴിവാക്കിയതിന് പിന്നാലെ വിവാദങ്ങൾ രൂക്ഷമാകുകയാണ്. ചില താരങ്ങൾക്ക് മാത്രം ബിസിസിഐ തുടർച്ചയായി അവസരങ്ങൾ നൽകുന്നുവെന്ന വിമർശനമാണ് ഇപ്പോൾ ഉയരുന്നത്.

ടീം നേരിടുന്ന പ്രശ്നങ്ങൾ

മത്സരത്തിന്റെ തുടക്കത്തിൽ ഓപ്പണർമാരുടെ വിക്കറ്റ് നഷ്ടമായാൽ മദ്ധ്യനിരയിൽ നിന്ന് സ്ഥിരതയാർന്ന പ്രകടനം ലഭിക്കാത്തത് ഇന്ത്യൻ ടീമിന് പലപ്പോഴും തിരിച്ചടിയാകുന്നു. മത്സരത്തിന്റെ അവസാന ഓവറുകളിലെ ബാറ്റിംഗും ബൗളിംഗും പലപ്പോഴും പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. മാത്രമല്ല, ഓരോ പരമ്പരയിലും വ്യത്യസ്ത കോമ്പിനേഷനുകൾ പരീക്ഷിക്കുന്നത് സ്ഥിരതയെ ബാധിക്കുന്നതായും ഒരേ ടീമിന് കൂടുതൽ മത്സരങ്ങൾ ഒരുമിച്ച് കളിക്കാനുള്ള അവസരം കുറയുന്നതായുമാണ് മുൻ താരങ്ങളുടെ വിലയിരുത്തൽ.

English Summary

India's recent run of defeats in T20 cricket has sparked widespread criticism, with fans and experts questioning the team's selection policies and on-field performances. After major changes by the selection committee, including replacing World Cup-winning captain Suryakumar Yadav with Shreyas Iyer, India suffered historic series defeats against Ireland and consecutive losses to England.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIA T20 LOSSES, SANJU SAMSON, INDIA CRICKET TEAM, TEAM INDIA SELECTION, SANJU SAMSON REST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360