SignIn
Kerala Kaumudi Online
Monday, 28 September 2026 2.23 PM IST

ചൊവ്വയിലും ഭൂമിയിലെപ്പോലെ വെള്ളമുണ്ടോ? ധാരാളം ഉണ്ടായിരുന്നെന്ന് സൂചന നൽകി പഠനം

perseverence-rover
പെർസീവറൻസ് റോവർ ചൊവ്വയുടെ ഉപരിതലത്തിൽ

ന്യൂയോർക്ക്: ഭൂമിയിലല്ലാതെ സൗരയൂഥത്തിൽ എവിടെയെങ്കിലും ജീവന്റെ സാന്നിദ്ധ്യമുണ്ടോ എന്നത് ശാസ്‌ത്രലോകം ഏറെനാളായി ഗവേഷണം നടത്തുന്ന കാര്യമാണ്. ജീവൻ നിലനിൽക്കാനാവശ്യമായ വായു,​ ജലം തുടങ്ങിയവ ഉണ്ടോ എന്ന് മറ്റ് ഗ്രഹങ്ങളിലും അവയുടെ ഉപഗ്രഹങ്ങളിലുമെല്ലാം മനുഷ്യർ നിരന്തരമായി നിരീക്ഷിക്കുന്നുണ്ട്. നാസയുടെ 'പെഴ്‌സീവിയറൻസ്' എന്ന റോവർ ഭൂമിയുടെ തൊട്ടടുത്ത ഗ്രഹമായ ചൊവ്വയിൽ ഗവേഷണം നടത്തവെ അത്ഭുതമുളവാക്കുന്ന ഒരു കണ്ടെത്തൽ നടത്തിയിരിക്കുകയാണ്.

ആഗ്‌നേയ ശിലയിലെ ജല സൂചന

ചൊവ്വയിലെ പഴയൊരു തടാകമായിരുന്നെന്ന് കണക്കാക്കുന്ന ജെസേറോ ഗർത്തത്തിൽ ചുണ്ണാമ്പുകല്ലുകൾ പോലെയുള്ള അവസാദശിലകൾക്ക് വേണ്ടി ഗവേഷണം നടത്തിയ പെഴ്‌സീവിയറൻസിന് പക്ഷെ കിട്ടിയത് ആഗ്നേയ ശിലകളെയാണ്. ഇവയെ നിരീക്ഷിച്ചപ്പോഴാണ് ശാസ്‌ത്രലോകം അമ്പരന്നത്. മൂന്ന് വ്യത്യസ്‌ത കാലഘട്ടത്തിലെങ്കിലും ശക്തമായി വെള്ളവുമായി സമ്പർക്കം വന്നിരുന്നതാണ് ഈ ശിലകൾ എന്ന് മനസിലാക്കാനായി.

കമ്മ്യൂണിക്കേഷൻസ് എർത്ത് ആൻഡ് എൻവയോൺമെന്റ് എന്ന ശാസ്‌ത്ര പ്രസിദ്ധീകരണത്തിലാണ് ശ്രദ്ധേയമായ ഈ കണ്ടെത്തൽ പ്രസിദ്ധീകരിച്ചത്. 2023 സെപ്‌തംബറിലാണ് പെർസീവിയറൻസിനെ അവസാദശിലകൾ കണ്ടെത്താനാകുമോ എന്നറിയാൻ ജെസേറോ ഗ‌ർത്തത്തിൽ ഇറക്കിയത്. ഭൂമിയിൽ പണ്ടുകാലത്തുള്ള സൂക്ഷ്മ‌ജീവികളുടെയും മറ്റ് ജീവജാലങ്ങളുടെയും സാന്നിദ്ധ്യമുള്ള ഇടമാണ് അവസാദശിലകൾ. എന്നാൽ ചൊവ്വയിൽ കണ്ടെത്തിയ ആഗ്നേയശിലയാകട്ടെ ഭൂമിയിൽ രൂപപ്പെടുന്നത് അഗ്നിപർവക സ്‌ഫോടനം വഴിയോ മാഗ്ന കട്ടിയായശേഷമോ ഒക്കെയാണ്. ഇത്തരം പ്രക്രിയകൾ ചൊവ്വയുടെ ഉപരിതലത്തിലെ ഗർത്തത്തിൽ നടന്നു എന്നർത്ഥം. ആഗ്നേയശിലയിലെ മിനറൽ ക്രിസ്റ്റലുകൾ അവ എന്ന് രൂപംകൊണ്ടു എന്നത് മനസിലാക്കാൻ സഹായിക്കും.

പെർസീവിയറൻസിന്റെ മുന്നിലെ സൂപ്പർ ക്യാം ഉപയോഗിച്ചാണ് ഈ ശിലകളെക്കുറിച്ച് പഠിച്ചത്. അവയിൽ നിന്നുവരുന്ന പ്രകാശത്തിന്റെ പ്രതിഫലനം മനസ്സിലാക്കിയാണ് ഇതിൽ നിന്നും പ്രാഥമികമായ വിവരങ്ങൾ ശേഖരിച്ചത്. മാർജിൻ യൂണിറ്റിലെ 185ഓളം പാറകളെ പരീക്ഷിച്ചശേഷമാണ് വെള്ളവുമായി സമ്പർക്കം വന്നിട്ടുള്ള ശിലയാണ് ഇവയെന്ന് മനസിലാക്കിയത്. ജെസീറോ ഗർത്തത്തിലെ കാർബണേറ്റുകൾ പുരാതന തടാകത്തിലെ ജലംകാരണമാണ് ഉണ്ടായതെന്നാണ് ആദ്യം കരുതിയിരുന്നതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ കാന്റിസ് ബെഡ്‌ഫോർഡ് പറയുന്നു. എന്നാൽ പിന്നീട് ഇവിടം പലതരം ജലസംവിധാനങ്ങളുടെ സംഗമസ്ഥാനമാണെന്ന് മനസിലായി.

പെർസീവറൻസ് സഞ്ചരിച്ചത് ഏറെ ദൂരം

ചൊവ്വയിലെ കാർബൊണേറ്റുകൾ ധാരാളം കാണുന്ന ഭാഗത്തിനുള്ളിലാണ് ജെസെറോ ഗർത്തം എന്നതിനാൽ ഈ തിരിച്ചറിയൽ ഏറെ പ്രാധാന്യമർഹിക്കുന്നു. പെർസീവറൻസ് വിവരശേഖരണം നടത്താൻ ഏതാണ്ട് 870 അടി ഉയരവ്യത്യാസമുള്ളയിടങ്ങളിൽ സഞ്ചരിച്ചു. വലിയ തരികളടങ്ങിയ ജലസാന്നിദ്ധ്യം കുറഞ്ഞ ഒലിവൈൻ പാറകളാണ് ഉയരമുള്ള ഭാഗത്ത് കണ്ടത്. കാർബൊണേറ്റ്, സിലിക്ക എന്നിവ ഗ്രഹങ്ങളിൽ പുരാതനകാലത്ത് ജീവൻ നിലനിന്നിരുന്നോ എന്ന് മനസിലാക്കാൻ അത്യാവശ്യമാണ്. ഒലീവൈനുമായി ജലം പ്രതിപ്രവർത്തിച്ചപ്പോഴാണ് ഭൂമിയിൽ ഹൈഡ്രജനുണ്ടായത്. ഇത് ചില സൂക്ഷ്‌മജീവികൾക്ക് ആഹാരം നൽകാൻ സഹായിച്ചു. ഇതിന്റെ ബാക്കിപത്രമായി കാർബൊണേറ്റും സിലിക്കയും ഉണ്ടാകാറുണ്ട്. ഇവ പഴയകാല ജീവികളുടെ ഫോസിലിനെ സംരക്ഷിച്ച് നിർത്താറുമുണ്ട്.

മറ്റ്‌ ഗ്രഹങ്ങളിൽ വെള്ളമുണ്ടോ?

ചൊവ്വയ്‌ക്ക് പുറമേ സൗരയുഥത്തിൽ മറ്റ് ഗ്രഹങ്ങളിലും ചില ഉപഗ്രഹങ്ങളിലും ജലസാന്നിദ്ധ്യം പലതരത്തിലുണ്ട്. മഞ്ഞിന്റെ രൂപത്തിലോ അന്തരീക്ഷത്തിൽ ബാഷ്‌പ രൂപത്തിലോ ആണ് ഇവ കാണുക. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനിൽ സൂര്യപ്രകാശമെത്താത്ത ഗർത്തങ്ങളുണ്ട്. അവിടെ ഐസ് രൂപത്തിൽ വലിയ അളവിൽ ജലമുണ്ട്. അതേസമയം സൂര്യന് ഏറ്റവും അടുത്തുള്ള ഗ്രഹമായ ബുധനിലും ജലസാന്നിദ്ധ്യമുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ബുധനിലെ ധ്രുവഭാഗങ്ങളിൽ ഇരുട്ടേറിയ ദിക്കുകളിൽ ജലമുണ്ട്. സൗരയൂഥത്തിലെ അങ്ങറ്റമുള്ള ഗ്രഹങ്ങളായ യുറാനസിലും നെപ്ട്യൂണിലുമാകട്ടെ ജലവും പലതരം വാതകങ്ങളും ഉറഞ്ഞ് കട്ടിയായ രീതിയിലാണ്. എന്നാൽ ഇവയൊന്നും ഭൂമിയിലെ പോലെ ജീവൻ നിലനിൽക്കാൻ പ്രാപ്‌തമല്ല.

English Summary

Scientists are constantly searching other planets and their moons for essential conditions for life, such as air and water. NASA’s Perseverance rover has made a surprising discovery while exploring Mars, Earth’s closest planetary neighbor.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MARS, WATER, CRATER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360