SignIn
Kerala Kaumudi Online
Thursday, 01 October 2026 2.45 PM IST

കോക്പിറ്റിൽ എന്താണ് സംഭവിച്ചത്? പൈലറ്റുമാർ മനഃപൂർവം ഉണ്ടാക്കിയ നാല് വിമാന ദുരന്തങ്ങൾ

flight
പ്രതീകാത്മകചിത്രം

ദുബായിൽനിന്ന് ഇസ്രയേലിന്റെ തലസ്ഥാനമായ ടെൽ അവീവിലേക്ക് പറക്കുകയായിരുന്ന ഫ്ലൈ ദുബായ് വിമാനം മനഃപൂർവം പൈലറ്റ് തകർക്കാൻ ശ്രമിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് ലോകം. വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ട പൈലറ്റ് അവരുടെ ജീവനെടുക്കാൻ ശ്രമിച്ചത് വലിയ ആശങ്കയ്ക്ക് കാരണമായി. ഇന്ത്യക്കാരനായ ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ സമയോചിതമായ ഇടപെടലാണ് 180 പേരുടെ ജീവൻ ഇന്നലെ രക്ഷിച്ചത്. എന്നാൽ ഇത് ആദ്യത്തെ സംഭവമല്ല. മുൻപും ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

flight
സിൽക്ക് എയർ വിമാനത്തിന്റെ അവശിഷ്ടങ്ങൾ

സിൽക്ക് എയർ വിമാനം 185 (1997)

1997 ഡിസംബർ 19ന് ജക്കാർത്തയിൽനിന്ന് സിംഗപ്പൂരിലേക്ക് പോയ വിമാനമാണ് ഇത്. സാധാരണ നിലയിൽ 35,000 അടി ഉയരത്തിൽ പറക്കുമ്പോൾ പെട്ടെന്ന് വിമാനം കുത്തനെ താഴേക്ക് പതിക്കുകയായിരുന്നു. 97 യാത്രക്കാരും ഏഴ് ജീവനക്കാരും ഉൾപ്പെടെ 104 പേർ മരണപ്പെട്ടു. അമേരിക്കയിലെ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻടിഎസ്ബി) നടത്തിയ അന്വേഷണത്തിൽ വിമാനത്തിന്റെ ക്യാപ്റ്റനായ സു വേ മിങിന് കടുത്ത സാമ്പത്തിക ബാദ്ധ്യതകൾ ഉണ്ടായിരുന്നുവെന്നും ഇതിനെതുടർന്ന് മനഃപൂർവം വിമാനം താഴേക്ക് പതിപ്പിച്ചതാണെന്നും കണ്ടെത്തിയിരുന്നു. എന്നാൽ ഇന്തോനേഷ്യൻ അന്വേഷണ ഏജൻസി ഈ വാദത്തെ തള്ളിയിരുന്നു. യന്ത്ര തകരാർ ആണെന്നാണ് അവരുടെ വാദം. സംഭവത്തിൽ ഇന്നും നിഗൂഢതകൾ ഏറെയാണ്.

flight
ഈജിപ്ത് എയർ വിമാനത്തിന്റെ അവശിഷ്ടങ്ങൾ

ഈജിപ്ത് എയർ വിമാനം 990 (1999)

1999 ഒക്‌ടോബർ 31ന് 217 യാത്രക്കാരുമായി പറന്ന വിമാനം മസാച്യുസെറ്റ്സിന് സമീപം അറ്റ്‌ലാന്റിക് സമുദ്രത്തിൽ തകർന്നുവീണിരുന്നു. വിമാനത്തിലുണ്ടായിരുന്ന 217 പേരും മരണപ്പെട്ടു. ന്യൂയോർക്കിൽ നിന്ന് കെയ്‌റോ ലക്ഷ്യമാക്കി പറക്കുകയായിരുന്നു വിമാനം. ഓട്ടോപൈലറ്റ് സംവിധാനം ഓഫാക്കിയും രണ്ട് എൻജിനുകളിലേക്കുമുള്ള ഇന്ധനപ്രവാഹം തടഞ്ഞും സഹ പൈലറ്റായ ജമീൽ അൽ ബത്തൂത്തിയാണ് അപകടം ഉണ്ടാക്കിയത്. വഴക്കുപറഞ്ഞ മേലുദ്യോഗസ്ഥനോടുള്ള സഹപൈലറ്റിന്റെ പ്രതികാരമായിരുന്നു അത്. ജമീലിനെ ശകാരിച്ച ഈജിപ്ത് എയറിന്റെ പൈലറ്റ് ഗ്രൂപ്പ് മേധാവി ഹാതെം റുഷ്ദിയും യാത്രക്കാരനായി വിമാനത്തിൽ ഉണ്ടായിരുന്നു. പ്രധാന ക്യാപ്റ്റൻ കോക്പിറ്റിൽ നിന്ന് പുറത്തിറങ്ങിയ സമയത്താണ് ജമീൽ ഈ കടുകൈ ചെയ്യുന്നത്. എന്നാൽ ഈജിപ്ഷ്യൻ അധികൃതർ ഈ വാദം തള്ളിയിരുന്നു. സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് വാദം.

flight
ആൽപ്സ് പർവതനിരകളിൽ ഇടിച്ചിറങ്ങിയ ജർമ്മൻ വിങ്സ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ

ജർമ്മൻ വിങ്സ് വിമാനം 9525 (2015)​

2015 മാർച്ച് 24ന് ഫ്രഞ്ച് ആൽപ്സ് പർവതനിരകളിൽ ഇടിച്ചിറങ്ങിയ വിമാനമാണിത്. യാത്രക്കാരായ 150 പേർ കൊല്ലപ്പെട്ടു. സ്‌പെയിനിലെ ബാഴ്സലോണയിൽനിന്ന് ജർമ്മനിയിലെ ഡസ്സൽഡോഫിലേക്ക് പറന്നതാണ് ഈ വിമാനം. വിമാനത്തിന്റെ സഹപൈലറ്റ് ആൻഡ്രിയാസ് ലുബിറ്റ്സ് വിമാനം മനഃപൂ‌ർവം മലനിരകളിലേക്ക് ഇടിച്ചിറക്കുകയായിരുന്നു. ആൻഡ്രിയാസ് കടുത്ത മാനസിക സമ്മർദ്ദവും വിഷാദരോഗവും അനുഭവിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. വിമാനം 38,​000 അടി ഉയരത്തിലെത്തിയപ്പോൾ പ്രധാന പൈലറ്റ് ടോയ്ലറ്റിൽ പോകാനായി കോക്പിറ്റിൽനിന്ന് പുറത്തിറങ്ങി. ഈ സമയം കോക്പിറ്റ് അകത്തുനിന്ന് പൂട്ടിയശേഷമാണ് ആൻഡ്രിയാസ് വിമാനം പർവതനിരകളിലേക്ക് ഇടിപ്പിച്ചത്.

flight
ചൈന ഈസ്റ്റേൺ എയർലൈൻസ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ

ചൈന ഈസ്റ്റേൺ എയർലൈൻസ് വിമാനം 5735 ( 2022)

2022 മാർച്ച് 21ന് ചൈനയിലെ ഗുവാങ്സി പ്രവിശ്യയിൽ തകർന്നുവീണ വിമാനമാണ് ഇത്.വിമാനത്തിലുണ്ടായിരുന്ന 132 പേരും അപകടത്തിൽ മരണപ്പെട്ടു. ചൈനയിലെ കുൻമിങ്ങിൽനിന്നും ഗ്വാങ്ഷൂവിലേക്ക് പറക്കുകയായിരുന്നു വിമാനം. ഏകദേശം 29,000 അടി ഉയരത്തിൽ സഞ്ചരിക്കുകയായിരുന്ന വിമാനം പെട്ടെന്ന് താഴേക്ക് പതിക്കുകയായിരുന്നു. എൻടിഎസ്ബി റിപ്പോർട്ട് പ്രകാരം വിമാനത്തിന്റെ രണ്ട് എൻജിനുകളുടെയും ഫ്യുവൽ കൺട്രോൾ സ്വിച്ചുകൾ കോക്പിറ്റിൽ നിന്ന് ഒരേ സമയം ഓഫ് ചെയ്തതായി പറയുന്നു. കോക്പിറ്റിൽ നിന്ന് മനഃപൂർവമായിരിക്കാം ഇത്തരത്തിൽ ഒരു പ്രവൃത്തി ചെയ്തതെന്നാണ് കരുതപ്പെടുന്നത്. എന്നാൽ കാരണം വ്യക്തമല്ല. വിമാനത്തിന്റെ സിസ്റ്റങ്ങളിലോ ഘടനയിലോ എൻജിനിലോ യാതൊരുവിധ തകരാറുകളും ഉണ്ടായിരുന്നില്ലെന്ന് ചൈനയിലെ സിവിൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കിയിരുന്നു.

English Summary

Several major aviation disasters have raised questions about the possibility of pilots deliberately causing crashes. From the SilkAir Flight 185 and EgyptAir Flight 990 crashes to Germanwings Flight 9525 and China Eastern Flight 5735, investigators examined whether actions inside the cockpit contributed to the tragedies.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PILOT SUICIDE, PLANE CRASH, AVIATION DISASTERS, PILOT CAUSED CRASH, AIR DISASTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360