
ചരിത്രത്തിലാദ്യമായി രാജ്യത്ത് ജനനനിരക്ക് (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) ജനസംഖ്യാ സ്ഥിരത നിലനിറുത്താൻ ആവശ്യമായ പരിധിക്കും താഴെയെത്തിയിരിക്കുകയാണ്. നിലവിൽ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. 2023ൽ ചൈനയെ പിന്തള്ളി ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറിയിരുന്നു.
ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുമ്പോൾ പല പ്രദേശങ്ങളിലും ജനനനിരക്കിൽ കുറവ് രേഖപ്പെടുത്താറുണ്ട്. കുട്ടികളെ വളർത്തുന്നതിലെ ചെലവും കുട്ടികളുടെ എണ്ണം കുറയുന്നതിലും ദമ്പതികൾ കുട്ടികൾ വേണ്ടെന്ന് തീരുമാനിക്കുന്നതിലും കാരണമാകുന്നു. നഗരവത്‌കരണത്തിനൊപ്പം കൂട്ടുകുടുംബ വ്യവസ്ഥയിൽ നിന്ന് 70 ശതമാനം ആളുകളും അണുകുടുംബങ്ങളിലേക്ക് മാറിയതോടെ കുട്ടികളെ വളർത്തൽ മാതാപിതാക്കൾക്ക് വലിയ സമ്മർദ്ദമാകുന്നു. ഈ കാരണങ്ങൾക്കൊപ്പം മറ്റൊരു അസാധാരണ പ്രതിഭാസവും ഗവേഷകരുടെ ശ്രദ്ധയിൽപ്പെടുന്നു. 2007 മുതൽ വ്യത്യസ്ത സാമ്പത്തിക സാമൂഹിക സാഹചര്യങ്ങൾക്കിടയിലും ആഗോള ജനനനിരക്കിൽ ഇടിവുണ്ടായതായാണ് ഗവേഷകർ കണ്ടെത്തിയത്. ഇതിനുകാരണം ഐഫോൺ ആകാമെന്ന നിഗമനത്തിലാണ് ഗവേഷകർ.
നാഷണൽ ബ്യൂറോ ഓഫ് ഇക്കണോമിക് റിസർച്ച് പ്രസിദ്ധീകരിച്ച പഠനം പ്രകാരം 1980 മുതൽ 2007 വരെ യുഎസിലെ പൊതുവായ ഫെർട്ടിലിറ്റി നിരക്ക് 1000 സ്ത്രീകൾക്ക് 65 മുതൽ 70 വരെ ജനനങ്ങൾ എന്ന നിലയിൽ സ്ഥിരമായി നിലനിന്നിരുന്നു. എന്നാൽ പിന്നീട് കുത്തനെയുള്ള ഇടിവ് തുടങ്ങി. 2024 ആയപ്പോഴേക്കും ഇത് 54 ആയി കുറഞ്ഞു. 17 വർഷത്തിനിടെ 22 ശതമാനമാണ് കുറവ് രേഖപ്പെടുത്തുന്നത്. 2007ലാണ് ഐഫോൺ ആദ്യമായി അവതരിപ്പിച്ചത്. ഇക്കാരണത്താലാണ് ജനനിരക്ക് ഇടിയുന്നതിന് കാരണം ഐഫോൺ ആകാമെന്ന് ഗവേഷകർ വിലയിരുത്തുന്നത്. എന്നാൽ ഐഫോൺ മാത്രമാകില്ല ഇതിനുകാരണമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയും ജനനനിരക്കിനെ പ്രതികൂലമായി ബാധിച്ചിരിക്കാമെന്നും ഇവർ പറയുന്നു.
2007 ജൂണിൽ പുറത്തിറങ്ങിയതുമുതൽ 2011 ഫെബ്രുവരി വരെ ഐഫോൺ യുഎസിൽ എടി ആന്റ് ടി (അമേരിക്കൻ ടെലിഫോൺ ആന്റ് ടെലിഗ്രാഫ് കമ്പനി) വഴി മാത്രമേ ലഭ്യമായിരുന്നുള്ളൂ. ആ വർഷങ്ങളിൽ ഒരു പ്രദേശത്തിന്റെ ഐഫോണിന്റെ എക്സ്പോഷർ എടി ആന്റ് ടിയുടെ മൊബൈൽ ബ്രോഡ്‌ബാൻഡ് നെറ്റ്‌വർക്കിന്റെ വ്യാപ്തിയെ അടിസ്ഥാനമാക്കിയായിരുന്നു.
ഗവേഷകർ എടി ആന്റ് ടി കവറേജുള്ള പ്രദേശങ്ങളെയും വളരെ കുറച്ച് അല്ലെങ്കിൽ ഇല്ലാത്തവയുമായിയും താരതമ്യം ചെയ്തു. 15 മുതൽ 19 വയസു വരെ പ്രായമുള്ള സ്ത്രീകളിൽ ഐഫോൺ ഉപയോഗം 4.5 മുതൽ എട്ട് ശതമാനം വരെ ജനനനിരക്ക് കുറച്ചതായും 20 മുതൽ 24 വയസു വരെ പ്രായമുള്ള സ്ത്രീകളിൽ 3.2 മുതൽ 6.6 ശതമാനം വരെ ജനനനിരക്ക് കുറച്ചതായും പഠനത്തിൽ കണ്ടെത്തി. 2007–2011 കാലയളവിൽ 15 മുതൽ 44 വയസ് വരെ പ്രായമുള്ള സ്ത്രീകളിൽ പൊതുവായ പ്രത്യുൽപാദന നിരക്കിലുണ്ടായ ഇടിവിന്റെ 33 മുതൽ 52 ശതമാനം വരെ ഐഫോൺ മൂലമാണെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു.
2007നും 2024നും ഇടയിൽ 15നും 19നും ഇടയിൽ പ്രായമുള്ളവരിൽ ജനനനിരക്ക് 70 ശതമാനവും 20നും 24നും ഇടയിൽ പ്രായമുള്ളവരിൽ 47ശതമാനവും കുറഞ്ഞു. എന്നാൽ 30നും 34നും ഇടയിൽ പ്രായമുള്ളവരിൽ ഏഴ് ശതമാനം മാത്രമേ കുറഞ്ഞുള്ളൂ. അതേസമയം 35നും 39നും ഇടയിൽ പ്രായമുള്ളവരിൽ നിരക്ക് 14 ശതമാനം വർദ്ധിച്ചു.
കൂടാതെ എടി ആന്റ് ടി കവറേജ് ഇല്ലാത്ത പ്രദേശങ്ങളിൽ കൗമാരക്കാരുടെ ജനനനിരക്ക് 13.8 ശതമാനം കുറഞ്ഞതെങ്കിൽ ഭാഗിക കവറേജ് ഉള്ള പ്രദേശങ്ങളിൽ ഇത് 18.9 ശതമാനവും സാർവത്രിക കവറേജിനോട് അടുത്ത പ്രദേശങ്ങളിൽ ഇത് 26 ശതമാനവുമാണ് രേഖപ്പെടുത്തിയത്.
അതേസമയം, ഐഫോൺ മാത്രമല്ല ജനനനിരക്ക് കുറയുന്നതിൽ പ്രധാന പങ്കു വഹിച്ചതെന്ന് ഗവേഷകർ പറയുന്നു. ഐഫോണും മറ്റ് ആധുനിക സ്മാർട്ട്‌ഫോണുകളും ജനപ്രീതി നേടിയതോടെ ആളുകൾ പങ്കാളികളുമായി സമയം ചെലവഴിക്കുന്നത് കുറഞ്ഞു. ലൈംഗിക ബന്ധങ്ങളിൽ കുറവുണ്ടാവുകയും അശ്ലീല കണ്ടന്റുകൾ കാണുന്നത് വർദ്ധിക്കുകയും ചെയ്തു. ഗർഭനിരോധന മാർഗങ്ങൾ, ഗർഭഛിദ്രം എന്നിവയുൾപ്പെടെ ഗർഭധാരണം ഒഴിവാക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ മികച്ച രീതിയിൽ ലഭ്യമാക്കാൻ ഐഫോണുകൾ സഹായിച്ചിരിക്കാമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
ഇത് അമേരിക്കയിൽ മാത്രം സംഭവിച്ച പ്രതിഭാസമല്ലെന്നും ആഗോളതലത്തിൽ സമാന രീതികൾ കാണപ്പെടുകയാണെന്നും ഗവേഷകർ വ്യക്തമാക്കുന്നു. ഇതൊരു ആഗോള സാങ്കേതിക ആഘാതമാണെന്നാണ് ലോകത്തുടനീളമുള്ള ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. മികച്ച ഹൈസ്പീഡ് ആക്‌സസ് ഉള്ള പ്രദേശങ്ങളിൽ കൗമാരക്കാരുടെ പ്രത്യുൽപാദനക്ഷമത ഏറ്റവും വേഗത്തിൽ കുറഞ്ഞതായും പഠനങ്ങളിൽ തെളിഞ്ഞു.
ഏഷ്യയിലെ സമ്പദ്‌വ്യവസ്ഥ ഉയർന്ന രാജ്യങ്ങളും ജനസംഖ്യാ ഇടിവിനെ അഭിമുഖീകരിക്കുന്നു. 2016ൽ ചൈന 'ഒരു കുഞ്ഞ്' നയം അവസാനിപ്പിച്ചു. ജപ്പാനും ദക്ഷിണ കൊറിയയും പ്രസവാനന്തര നയങ്ങൾക്കായി വൻതോതിൽ ചെലവഴിച്ചെങ്കിലും ഫലമുണ്ടായില്ല. സബ്-സഹാറൻ ആഫ്രിക്ക ഉൾപ്പെടെയുള്ള ലോകത്തിലെ ചില ദരിദ്ര രാജ്യങ്ങളിൽ ഇപ്പോഴും ഉയർന്ന ജനനനിരക്ക് ഉണ്ടെങ്കിലും, ഇന്ത്യ, ബ്രസീൽ തുടങ്ങിയ ഇടത്തരം സമ്പദ്‌വ്യവസ്ഥയുള്ള രാജ്യങ്ങളിലും അതിവേഗം ജനനനിരക്ക് കുറയുകയാണെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |