
മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പ് ആരംഭിച്ച് ഒരു ദിവസം പിന്നിടുന്നതിന് മുമ്പ് തന്നെ വേദികളിൽ കുടിവെള്ളത്തിനും ഭക്ഷണത്തിനും ഈടാക്കുന്ന പൊള്ളുന്ന വില വിവാദമാകുന്നു. സാധാരണ വെള്ളത്തിന് പോലും വളരെ ഉയർന്ന നിരക്കുകളാണ് വാങ്ങുന്നത്. ഫുട്ബോളിനെ വികാരമായി കണക്കാക്കുന്ന എല്ലാ വിഭാഗത്തിലെ ജനങ്ങൾക്കും ഫിഫ നടത്തുന്ന ഈ 'എക്സ്പെൻസീവ് കൊളള' താങ്ങാൻ പറ്റുന്നതല്ലെന്ന തരത്തിലാണ് ചർച്ചകൾ സജീവമാകുന്നത്.
ആരാധകർക്ക് താങ്ങാവുന്നതിലും അധികം ചെലവുകളാണ് ഫുട്ബോൾ ലോകകപ്പിന്റെ പേരിൽ ഫിഫ അടിച്ചേൽപ്പിക്കുന്നതെന്നാണ് പരാതി. യാത്ര, ടിക്കറ്റ്, താമസം, ഭക്ഷണം എന്നിവയ്ക്ക് പുറമെ സ്റ്റേഡിയത്തിൽ കുടിവെള്ളത്തിനും ബിയറിനും ഈടാക്കുന്ന തുക അമ്പരിപ്പിക്കുന്നതാണ്. മാത്രവുമല്ല, കർശനമായ നിയന്ത്രണങ്ങളാണ് ഫിഫ ഇത്തവണ കാണികൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
കളി കാണാനെത്തുന്നവർക്ക് പരമാവധി 20 ഔൺസ് (590 മില്ലി ലിറ്റർ) വരുന്ന മൃദുവായ പ്ലാസ്റ്റിക്കിലുള്ള, ഫാക്ടറിയിൽ നിർമിച്ച് സീൽ ചെയ്ത ഒരു കുപ്പി വെള്ളം മാത്രമേ സ്റ്റേഡിയത്തിലേക്ക് കൊണ്ടുപോകാൻ അനുവാദമുള്ളൂ. വേദിയിൽ നിന്ന് വെള്ളം വാങ്ങാമെന്ന് വിചാരിച്ചാലോ, ഒരു കുപ്പി വെള്ളത്തിന് ഈടാക്കുന്നത് 8.75 ഡോളറാണ് (840 രൂപ). ഒരു ലാർജ് ഡൊമസ്റ്റിക് ബിയറിന് 16.75 ഡോളറും (1,608 രൂപ) പ്രീമിയം ലാർജ് ബിയറിന് 18 ഡോളറും (1,728 രൂപ) ആണ് നൽകേണ്ടത്.
ഫുട്ബോൾ ആരാധന മുതലെടുത്ത് പണപ്പിരിവ് നടത്തുന്നതായാണ് ചിലർ ആരോപിക്കുന്നത്. അടുത്ത മാസം 19ന് ന്യൂജഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനലിന്റെ ഔദ്യോഗിക ടിക്കറ്റ് നിരക്കുകൾ ഏകദേശം 2,000 ഡോളർ മുതൽ 32,970 ഡോളർ വരെയാണ്. ഇന്ത്യൻ രൂപയിൽ കണക്കാക്കുമ്പോൾ ഇത് ഏകദേശം 1.6 ലക്ഷം മുതൽ 27.5 ലക്ഷം രൂപ വരെ വരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |