ടെക്സാസ്: പാരഗ്വായെ എതിരില്ലാത്ത ഒരു ഗോളിന് പ്രീക്വാർട്ടറിൽ കീഴടക്കി ഫ്രാൻസ് ലോകകപ്പ് ഫുട്ബോൾ ക്വാർട്ടറിൽ. കിലിയൻ എംബാപ്പെ പെനാൽറ്റിയിലൂടെയാണ് ഫ്രാൻസിന്റെ ഏകഗോൾ നേടിയത്. ലോകകപ്പിൽ ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളും ജയിച്ചാണ് ഫ്രാൻസ് ക്വാർട്ടറിലെത്തിയത്.
കളിതുടങ്ങി ആദ്യമിനിറ്റുകളിൽ ചടുല നീക്കങ്ങൾകൊണ്ട് ഇരുടീമുകളും ഒപ്പത്തിനൊപ്പം മുന്നേറി. എന്നാൽ 28ാം മിനിറ്റിൽ ഡീഗോ ഗോമസ് ഗോളിനടുത്തെത്തി.ആദ്യപകുതിയുടെ അവസാനം എംബാപ്പെയെ പാരഗ്വായ് താരങ്ങൾ നിരന്തരം ഫൗൾ ചെയ്തത് തർക്കത്തിന് വഴിവയ്ക്കുകയും ചെയ്തു.34ാം മിനിറ്റിൽ എംബാപ്പെയെ ഫൗൾ ചെയ്തതിന് പിന്നാലെ ഇരുടീമുകളുടെയും താരങ്ങൾ ഏറ്റുമുട്ടുകയും ചെയ്തു. റഫറി ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. 38ാം മിനിറ്റിലും എംബാപ്പെയെ പാരഗ്വായ് താരം ഫൗൾ ചെയ്തു. ഇതും തർക്കത്തിന് ഇടയാക്കി.
ആദ്യപകുതി ഗോൾരഹിതമായി അവസാനിച്ചതോടെ രണ്ടാം പകുതിയിൽ ഫ്രാൻസ് കടുത്ത ആക്രമണമാണ് നടത്തിയത്. എംബാപ്പെയും ഡെംബെലെയും കൂടുതൽ മുന്നേറ്റങ്ങൽ നടത്തി. പക്ഷേ പാരഗ്വായ് പ്രതിരോധത്തെ മറികടക്കാൻ ഇതിനായില്ല. എന്നാൽ പാരഗ്വായ്ക്ക് തിരിച്ചടി സമ്മാനിച്ച് 70ാം മിനിറ്റിൽ റഫറി പെനാൽറ്റി വിധിച്ചു. എംബാപ്പെയെ ബോക്സിൽ വീഴ്ത്തിയതിനാണ് പെനാൽറ്റി നൽകിയത്. വാർ പരിശോധനയ്ക്ക് ശേഷമാണ് റഫറി പെനാൽറ്റിക്ക് അനുമതി നൽകിയത്. എംബാപ്പെ പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചു. സ്‌കോർ 1-0.പിന്നീട് മത്സരം മുഴുവൻ നിയന്ത്രിച്ചത് ഫ്രാൻസായിരുന്നു.
ഈ ലോകകപ്പിലെ ഏഴാമത്തെയും ഇതുവരെയുള്ള ലോകകപ്പുകളിൽ 19ാമത്തെയും ഗോളാണ് എംബാപ്പെയുടേത്.ഗോൾഡൻ ബൂട്ട് റേസിൽ മെസിക്കൊപ്പമെത്താനും ഇതോടെ എംബാപ്പെയ്ക്കായി. രണ്ടുപേരും ഏഴുഗോളുകളാണുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |