ഫിഫ ലോകകപ്പ് പോരാട്ടങ്ങള്‍ പ്രീ ക്വാര്‍ട്ടര്‍ ഘട്ടത്തിലേക്ക് എത്തിരിയിരിക്കുകയാണ്. ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള പരാഗ്വയെ വീഴ്ത്തി ഫ്രാന്‍സ് ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. എതിരില്ലാത്ത ഒരു ഗോളിനാണ് ഫ്രഞ്ച് പടയുടെ വിജയം. മത്സരത്തില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ചത് നായകന്‍ കിലിയന്‍ എംബാപ്പെ ആയിരുന്നു. ലക്ഷ്യം കണ്ടതോടെ ഈ ലോകകപ്പിലെ തന്റെ ആകെ ഗോളുകളുടെ എണ്ണം ഏഴാക്കി ഉയര്‍ത്തി മെസിക്ക് ഒപ്പമെത്താനും എംബാപ്പെയ്ക്കായി.
കേപ് വെര്‍ദെയ്‌ക്കെതിരെ റൗണ്ട് ഓഫ് 32 മത്സരത്തില്‍ സ്‌കോര്‍ ചെയ്തതോടെ അര്‍ജന്റൈന്‍ നായകനും ഈ ലോകകപ്പില്‍ ഏഴ് ഗോളുകളായി. ഗോള്‍ഡന്‍ ബൂട്ടിനായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് ലയണല്‍ മെസിയും കിലിയന്‍ എംബാപ്പെയും. അടിച്ച ഗോളുകളുടെ എണ്ണത്തില്‍ തുല്യത പാലിക്കുന്നുണ്ടെങ്കിലും മെസിയെക്കാള്‍ മുന്നിലാണ് നിലവില്‍ എംബാപ്പെ. രണ്ട് താരങ്ങള്‍ അടിച്ച ഗോളുകള്‍ തുല്യമാണെങ്കില്‍ ഒന്നാം സ്ഥാനക്കാരെ നിശ്ചയിക്കാന്‍ ഫിഫയ്ക്ക് ചില നിയമങ്ങളുണ്ട്. എന്തൊക്കെയാണ് അതെന്ന് പരിശോധിക്കാം.
ഗോളുകളുടെ എണ്ണം തുല്യമാണെങ്കില്‍ അടുത്തതായി പരിശോധിക്കുക അസിസ്റ്റുകളുടെ എണ്ണമാണ്. ഈ ലോകകപ്പില്‍ ഇതുവരെ എംബാപ്പെയ്ക്ക് രണ്ട് അസിസ്റ്റുകളുണ്ട്. എന്നാല്‍ മെസിക്ക് അസിസ്റ്റുകളില്ല. ഇതാണ് എംബാപ്പെ ഒന്നാമത് എത്താനുള്ള കാരണം. ഇനി അസിസ്റ്റുകളും തുല്യമാണെങ്കില്‍ ആരാണ് കുറഞ്ഞ സമയം ഗ്രൗണ്ടില്‍ ചെലവഴിച്ച് ഗോളുകള്‍ നേടുകയും ഗോളിന് വഴിയൊരുക്കുകയും ചെയ്തത് എന്നാകും അടുത്തതായി പരിശോധിക്കുക.
ലോകകപ്പില്‍ ഇരുവര്‍ക്കും ഇനിയും മത്സരങ്ങളുള്ളതിനാല്‍ ആകെ ഗോളുകളുടെ എണ്ണത്തില്‍ തന്നെ ഗോള്‍ഡന്‍ ബൂട്ട് സമ്മാനിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. അതേസമയം ആകെ ലോകകപ്പ് ഗോളുകളുടെ എണ്ണത്തില്‍ മെസിയാണ് മുന്നില്‍. തന്റെ ആറാം ലോകകപ്പ് കളിക്കുന്ന മെസിക്ക് 20 ഗോളുകളാണ് സ്വന്തം പേരിലുള്ളത്. മൂന്നാമത്തെ മാത്രം ലോകകപ്പ് കളിക്കുന്ന എംബാപ്പെ 19 ഗോളുകളുമായി തൊട്ടുപിന്നിലുണ്ട്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡ് ഇത്തവണയാണ് മെസി സ്വന്തമാക്കിയത്. ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസ (16)യെ ആണ് മെസി പിന്നിലാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |