
തിരുവനന്തപുരം: അർജന്റീനയുടെ ജെഴ്സി അണിഞ്ഞ് എം.എൽ.എമാർ ഒരു വശത്തും ബ്രസീൽ ജഴ്സി അണിഞ്ഞ് തലസ്ഥാനത്തെ മാദ്ധ്യമ പ്രവർത്തകർ എതിർ വശത്തും അണിനിരന്ന ശേഷം നടന്നത് ആവേശോജ്ജ്വലമായ ഫുട്ബാൾ പോരാട്ടം.
ഏകപക്ഷീയമായി മാദ്ധ്യമ പ്രവർത്തരുടെ മുന്നേറ്റം കണ്ട ആദ്യപകുതിക്കുശേഷം ഉഗ്രൻ തിരിച്ചുവരവിലൂടെ എം.എൽഎമാരുടെ അർജന്റീന സമനില പിടിച്ചെടുത്തു. സ്കോർ 4- 4. ലോകകപ്പ് ത്രില്ലറിൽ പങ്ക് ചേർന്ന്, തിരുവന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച ഓക്സിജൻ കപ്പ് ഫുട്ബാൾ പ്രദർശന മത്സരമാണ് കാണികളെ ആവേശത്തിലാക്കിയത്. എം.എൽ.എമാരുടെ ടീമിനു വേണ്ടി കെ.വി.സുമേഷ് രണ്ടു ഗോളുകളും അഷറഫ്അലി, വിജിൻ എന്നിവർ ഓരോ ഗോൾ വീതവും നേടി.
തുടക്കത്തിൽ ആക്രമിച്ചു കളിച്ച മാദ്ധ്യമ പ്രവർത്തരുടെ ടീമിനു വേണ്ടി കമലേഷ് ഇരട്ട ഗോൾ നേടി. ജയകുമാർ, രാജീവ് എന്നിവർ ഓരോ ഗോൾ വീതവും. ബൈപാസ് റോഡിലുള്ള കോവളം ഇൻഡോർ ടർഫിൽ നടന്ന മത്സത്തിനൊടുവിൽ എം.എൽ.എമാരുടെ ടീം ക്യാപ്റ്റൻ വി.ടി.ബലറാമിനും പ്രസ് ക്ലബ് ടീം ക്യാപ്റ്റൻ കോവളം സതീഷ്‌കുമാറിനുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ചാമ്പ്യൻസ് ട്രോഫി സമ്മാനിച്ചു. എം.എൽ.എമാരുടെ ടീമിന്റെ ഗോളി മനോജ് മൂത്തേടനാണ് കളിയിലെ താരം.
ആഭ്യന്തര വകുപ്പിന്റെ ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 'കിക്ക് ഔട്ട് ഡ്രഗ്സ് ' എന്ന സന്ദേശവുമായി നടന്ന മത്സരം മന്ത്രിമാരായ ഒ.ജെ.ജെനീഷ്, കെ.എ.തുളസി എന്നിവർ കിക്കോഫ് ചെയ്തതോടെയാണ് ആരംഭിച്ചത്. ജെനീഷിനെ കൂടാതെ മന്ത്രി ടി.സിദ്ദിക്ക്, ചീഫ് വിപ്പ് അപുജോൺ ജോസഫ് എന്നിവരും കളത്തിലിറങ്ങി. സന്തോഷ് ട്രോഫി ടീമിന്റെ സഹപരിശീലകൻ എബിൻ റോസാണ് കളി നിയന്ത്രിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |