
വാഡലാഹര: ലോകകപ്പിലെ ഗ്രൂപ്പ് എ പോരാട്ടത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ തകർത്ത് ദക്ഷിണ കൊറിയ. മൂന്ന് ഗോളുകൾ പിറന്ന മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിന്റെ ഒരു ഗോളിനെതിരെ രണ്ട് ഗോളുകൾക്കാണ് ദക്ഷിണ കൊറിയയുടെ വിജയം. ആദ്യ പകുതിയിൽ ഗോൾ ഒന്നും കണ്ടെത്താൻ സാധിച്ചില്ലെങ്കിലും രണ്ടാം പകുതിയിൽ നാടകീയമായാണ് മൂന്ന് ഗോളുകൾ പിറന്നത്. ലോകകപ്പിൽ ആദ്യമായാണ് ഈ ടീമുകൾ തമ്മിൽ ഏറ്റുമുട്ടുന്നത്.
മത്സരം ആരംഭിച്ചത് മുതൽ രണ്ട് ടീമുകളും ആക്രമണം പുറത്തെടുത്താണ് കളിച്ചത്. കൊറിയയുടെ മുന്നേറ്റം സ്റ്റേഡിയത്തെ അമ്പരപ്പിച്ചു. എന്നാൽ 59ാം മിനിറ്റിൽ കൊറിയയ്ക്ക് പ്രഹരമായി ചെക്കിന്റെ ആദ്യ ഗോൾ നായകൻ ലഡിസ്ലാവ് ക്രജ്കി പോസ്റ്റിലേക്ക് പായിച്ചു. ഇതോടെ തിരിച്ചടി വേഗത്തിലാക്കാനായിരുന്നു കൊറിയ ശ്രമിച്ചത്. 67ാം മിനിറ്റിൽ ബ്വാങ് ഇൻ ബ്യോമും 80ാം മിനിറ്റിൽ ഹ്യോൺ ഗ്യൂവും ഗോളടിച്ചതോടെ കൊറിയ വിജയം ഉറപ്പിക്കുകയായിരുന്നു. പിന്നീട് പ്രതിരോധം ശക്തമാക്കിയ കൊറിയ്ക്ക് മുമ്പിൽ ചെക്ക് റിപ്പബ്ലിക്ക് അടിയറവ് പറയുകയായിരുന്നു.
ഏറ്റവും കൂടുതൽ ലോകകപ്പുകൾ കളിച്ചിട്ടുള്ള ഏഷ്യൻ രാജ്യമാണ് ദക്ഷിണ കൊറിയ. 1986 മുതൽ ഇങ്ങോട്ടുള്ള 10 ലോകകപ്പുകളിലും പങ്കാളികളായ അവർ സഹആതിഥ്യം വഹിച്ച 2002 ലോകകപ്പിന്റെ സെമിഫൈനലിൽ എത്തിയതാണ് വലിയ നേട്ടം. 2018 ലോകകപ്പിൽ ഗ്രൂപ്പ് റൗണ്ടിൽ നിലവിലെ ചാമ്പ്യന്മാരായ ജർമ്മനിയെ 2-0ത്തിന് അട്ടിമറിച്ച ചരിത്രമുള്ള കൊറിയക്കാർ 2010ലും 2022ലും പ്രീ ക്വാർട്ടർവരെയെത്തിയവരാണ്. ഖത്തറിൽ നടന്ന കഴിഞ്ഞ ലോകകപ്പിൽ പോർച്ചുഗൽ ,ഉറുഗ്വേ,ഘാന എന്നിവരടങ്ങിയ ഗ്രൂപ്പിൽ നിന്നാണ് പ്രീ ക്വാർട്ടറിലേക്കെത്തിയത്.
ഹോംഗ് മിംഗ് ബോ പരിശീലിപ്പിക്കുന്ന കൊറിയൻ ടീം വ്യക്തിഗത ആക്രമണങ്ങളിലൂടെ ആഞ്ഞടിക്കുന്ന ശൈലിയാണ് പിന്തുടരുന്നത്. 3-4-3 ഫോർമേഷനിൽ മിഡ്ഫീൽഡിൽ കളിമെനഞ്ഞ് മുന്നേറുന്ന ടീമിന്റെ കുന്തമുന സൺ ഹ്യൂം മിന്നാണ്. ഇംഗ്ളീഷ് പ്രിമിയർ ലീഗിലെ സൂപ്പർ ക്ളബ് ടോട്ടൻഹാമിന്റെ താരമായിരുന്ന 33കാരനായ സണ്ണിന്റെ അവസാന ലോകകപ്പായേക്കാം ഇത്.സണ്ണാണ് കൊറിയൻ നായകനും. അമേരിക്കൻ ക്ളബ് ലോസാഞ്ചലസ് എഫ്.സിയിലാണ് സൺ ഇപ്പോൾ കളിക്കുന്നത്. യുവേഫ ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാരായ പാരീസ് എസ്.ജിയുടെ താരം ലീ കാംഗ് ഇന്നും കൊറിയൻനിരയിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |