SignIn
Kerala Kaumudi Online
Wednesday, 01 July 2026 9.25 PM IST

ബ്രസീല്‍ ഇതുവരെ തോല്‍പ്പിച്ചിട്ടില്ലാത്ത ഒരേ ഒരു ടീം, ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി ലോകകപ്പ് ഫിക്‌സ്ച്ചര്‍

brazil
ബ്രസീല്‍ ഫുട്‌ബോള്‍ ടീം

ന്യൂ ജേഴ്‌സി: ലോകകപ്പിലെ റൗണ്ട് ഓഫ് 32 മത്സരത്തില്‍ ജപ്പാന്റെ പോരാട്ടവീര്യത്തെ മറികടന്നാണ് ബ്രസീല്‍ പ്രീ ക്വാര്‍ട്ടറില്‍ ഇടം നേടിയത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു 2-1 എന്ന സ്‌കോറില്‍ ബ്രസീല്‍ വിജയിച്ചത്. അവസാന 16ലെ പോരാട്ടത്തില്‍ കാനറികളെ കാത്തിരിക്കുന്ന എര്‍ലിംഗ് ഹാളന്‍ഡിന്റെ നോര്‍വേ ആണ്. ഐവറി കോസ്റ്റിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നോര്‍വേ പ്രീ ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ചത്.

ഗ്രൂപ്പ് ഘട്ടത്തിലും ആദ്യ നോക്കൗട്ട് മത്സരത്തിലും വലിയ പരിക്കില്ലാതെ ബ്രസീല്‍ മുന്നേറിയെങ്കിലും അഞ്ച് തവണ കപ്പുയര്‍ത്തിയ പാരമ്പര്യമുള്ള ബ്രസീലിന്റെ കളത്തിലെ തന്ത്രങ്ങളില്‍ കടുത്ത ആരാധകര്‍ക്ക് പോലും ആശങ്കയുണ്ട്. എന്നാല്‍ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടിയുടെ വിസ്മയത്തിലാണ് ആരാധകര്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നത്. ഡോണ്‍ കാര്‍ലോ പരിഹാരം കാണും എന്ന് വിശ്വസിക്കുകയാണ് ആരാധകര്‍.

ചരിത്രത്തിനും ഇന്നലെകള്‍ക്കും കളിക്കളത്തിലെ പോരാട്ടങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല എന്ന് പറയുമ്പോഴും പ്രീ ക്വാര്‍ട്ടര്‍ പോരിന് തയ്യാറെടുക്കുന്ന ബ്രസീലിനും അവരുടെ ആരാധകര്‍ക്കും എതിരാളികളാര് എന്നത് നേരിയ ആശങ്ക സമ്മാനിക്കുന്നുണ്ട്. നോര്‍വേ ഒരു ചെറിയ ടീമല്ല. ലോകോത്തര സ്‌ട്രൈക്കറായ എര്‍ലിംഗ് ഹാളന്‍ഡിന്റെ തണലില്‍ മാത്രം അറിയപ്പെടുന്നവരുമല്ല. കളത്തിലെ അവരുടെ പ്രകടനം മികച്ചത് തന്നെയാണ്. അതുമാത്രമല്ല ബ്രസീലിനോട് ഒരിക്കലും തോല്‍വി വഴങ്ങിയിട്ടില്ല എന്ന റെക്കോഡും നോര്‍വേക്ക് സ്വന്തമാണ്.

മൂന്ന് തവണ സൗഹൃദ മത്സരങ്ങളിലും 1988 ലോകകപ്പിലുമായി നാല് തവണയാണ് ബ്രസീലും നോര്‍വേയും നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. 1998ലെ ആദ്യ സൗഹൃദ മത്സരം 1-1ന് സമനിലയില്‍ കലാശിച്ചു. ഒമ്പത് വര്‍ഷങ്ങള്‍ക്കപ്പുറം 1997ല്‍ വീണ്ടുമൊരു സൗഹൃദ മത്സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ 4-2ന് നോര്‍വേ ബ്രസീലിനെ തോല്‍പ്പിച്ചു. 2006ല്‍ ആണ് മറ്റൊരു സൗഹൃദ മത്സരത്തില്‍ ഇരുവരും ഏറ്റുമുട്ടിയത്. 1-1ന് സമനിലയില്‍ പിരിഞ്ഞു.

ലോകകപ്പ് പോരാട്ടങ്ങളില്‍ ഒരേ ഒരു തവണ മാത്രമാണ് ബ്രസീലും നോര്‍വേയും നേര്‍ക്കുനേര്‍ വന്നത്. 1998ലെ ഫ്രാന്‍സ് ലോകകപ്പിലായിരുന്നു ഇത്. അന്ന് ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു നോര്‍വേ 2-1ന് വിജയിച്ചത്. വീണ്ടും ഇരുവരും നേര്‍ക്കുനേര്‍ വരുമ്പോള്‍ ചരിത്രം തിരുത്തിക്കുറിക്കാമെന്ന പ്രതീക്ഷയിലാണ് ബ്രസീലും അവരുടെ ആരാധകരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BRAZIL, PRE QUARTER, NORWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360