SignIn
Kerala Kaumudi Online
Tuesday, 07 July 2026 12.13 AM IST

'അത് ഫൗളല്ല',​ യുഎസ് താരത്തിന്റെ വിലക്ക് നീക്കാൻ ഫിഫ പ്രസിഡന്റിനെ വിളിച്ചു',​ സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്ന് ട്രംപ്

infantino
ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുമായുള്ള കൂടിക്കാഴ്ചയിൽ ഡൊണാൾഡ് ട്രംപ് ചുവപ്പ് കാർഡ് പിടിച്ചുനിൽക്കുന്നു.

വാഷിംഗ്ടൺ: യുഎസ് സ്‌ട്രൈക്കർ ഫോളാരിൻ ബലോഗന് ലഭിച്ച ചുവപ്പ് കാർഡ് വിലക്കുമായി ബന്ധപ്പെട്ട വിവാദത്തിൽ നിർണായക വെളിപ്പെടുത്തലുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിഷയത്തിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയെ വിളിച്ചിരുന്നുവെന്ന് ട്രംപ് സമ്മതിച്ചു. എന്നാൽ, ശിക്ഷ റദ്ദാക്കാൻ താൻ ഫിഫയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്നും പുനഃപ്പരിശോധന മാത്രമാണ് ആവശ്യപ്പെട്ടതെന്നും ട്രംപ് വ്യക്തമാക്കി.

'ഞാൻ കളി കണ്ടതാണ്. അതൊരു ഫൗൾ അല്ലായിരുന്നു, അമിതവേഗത്തിൽ ഓടിയ രണ്ടു കളിക്കാർ തമ്മിൽ അറിയാതെ കൂട്ടിമുട്ടിയതാണ്. അവർ എതിരാളിയുടെ മുഖത്ത് ഇടിക്കുകയോ മറ്റോ ചെയ്തിരുന്നെങ്കിൽ ഞാൻ പിന്തുണയ്ക്കില്ലായിരുന്നു',​- ട്രംപ് പറഞ്ഞു. ലോകകപ്പ് പ്രീ ക്വാർട്ടറിൽ യുഎസ് ടീം ബെൽജിയത്തെ നേരിടാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ട്രംപിന്റെ പരസ്യ പ്രതികരണം.

ബലോഗന് ചുവപ്പ് കാർഡ് നൽകിയ റഫറിയുടെ തീരുമാനം തെറ്റായിരുന്നുവെന്നും ട്രംപ് ആവർത്തിച്ചു. ഫിഫയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണത്തോട് പ്രതികരിക്കവെ, ഫിഫയുടെ അപ്പീൽ കമ്മിറ്റിയാണ് അന്തിമ തീരുമാനമെടുത്തതെന്നും അതിൽ ഇൻഫാന്റിനോയ്ക്ക് പങ്കില്ലെന്നും ട്രംപ് പറഞ്ഞു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ബോസ്നിയയ്‌ക്കെതിരെയാണ് (2-0) യുഎസ് സ്‌ട്രൈക്കർ ബലോഗന് ചുവപ്പ് കാർഡ് ലഭിച്ചത്.

അതേസമയം, ട്രംപിന്റെ ഇടപെടലിനെയും ഫിഫയുടെ തീരുമാനത്തെയും കടുത്ത ഭാഷയിലാണ് ഫുട്‌ബോൾ ലോകം വിമർശിക്കുന്നത്. വിലക്ക് നിലനിന്നിരുന്നെങ്കിൽ ബെൽജിയത്തിനെതിരായ നിർണായക പ്രീക്വാർട്ടർ മത്സരം ബലോഗന് നഷ്ടമാകുമായിരുന്നു. എന്നാൽ ഫിഫ നടപടി റദ്ദാക്കിയതോടെ താരത്തിന് കളിക്കാനാകും. തീരുമാനം വിവാദമായതോടെ ഫിഫയ്‌ക്കെതിരെ ബെൽജിയം ഫുട്‌ബോൾ ഫെഡറേഷൻ രംഗത്തുവന്നു.

നേരിട്ട് ചുവപ്പ് കാർഡ് ലഭിക്കുന്ന കളിക്കാരന്റെ വിലക്ക് അപ്പീലിലൂടെ മാറ്റാൻ ഫിഫയുടെ നിയമപുസ്തകത്തിൽ ഒരിടത്തും വ്യവസ്ഥയില്ല. എന്നിട്ടും എന്ത് അടിസ്ഥാനത്തിലാണ് ബലോഗന്റെ വിലക്ക് നീക്കിയതെന്ന് വ്യക്തമാക്കാൻ ഫിഫയോ യുഎസ് സോക്കർ അസോസിയേഷനോ ഇതുവരെ തയ്യാറായിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIFA WORLDCUP, TRUMP LATEST NEWS, GIANNI INFANTINO, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360