
അബുദാബി: ഏഴുവർഷമായി നാട്ടിലെത്താനാകാതെ യുഎഇയിൽ കഴിയുകയായിരുന്ന പ്രവാസിക്ക് ഒടുവിൽ വീടണയാൻ വഴിയൊരുക്കിയത് സോഷ്യൽ മീഡിയ. ഒഡീഷ സ്വദേശിനിയായ ഹസ്‌ത മഹാനന്ദ 2019ലാണ് യുഎഇയിൽ എത്തിയത്. തന്റെ മൂന്ന് മക്കളെ ഒറ്റയ്ക്ക് വളർത്തുന്ന ഹസ്‌തയ്ക്ക് ഗൾഫിലെ ജോലിയായിരുന്നു ജീവിതത്തിലെ ഏക പ്രതീക്ഷ.
ജോലിക്കിടെ 2022ൽ മാത്രമാണ് ഹസ്‌ത തിരികെ നാട്ടിലെത്തിയത്. പിന്നീട് തൊഴിൽദാതാവ് ഹസ്‌തയെ നാട്ടിൽ പോകാൻ അനുവദിച്ചില്ല. കയ്യിൽ പാസ്‌പോർട്ടില്ല, വീടുമായി ബന്ധമില്ല, പുറത്തുകടക്കാൻ വഴിയൊന്നുമില്ല. അവസാനം ഫേസ്‌ബുക്കിൽ തന്റെ ദുരിതം പങ്കുവച്ചതാണ് ഹസ്‌തയുടെ ജീവിതത്തിൽ വഴിത്തിരിവായത്. ഹസ്‌തയുടെ ഫേസ്‌ബുക്ക് വീഡിയോ യുഎഇയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടു. ഇത് മോചനത്തിനുള്ള വഴിത്തുറക്കുകയായിരുന്നു.
ഇതിനിടെ ഹസ്‌തയുടെ വിവരമില്ലാതായതോടെ കുടുംബം അവരെ ബന്ധപ്പെടാൻ പല വഴികളും തേടി. എല്ലാവഴികളുമടഞ്ഞപ്പോൾ കുടുംബം ഒഡീഷ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് കോടതി യുഎഇയിലെ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെടുകയും നയതന്ത്രപരമായ ഇടപെടൽ അഭ്യർത്ഥിക്കുകയും ചെയ്തു.
ഈ സമയത്താണ് ഹസ്‌തയുടെ ഫേസ്‌ബുക്ക് വീഡിയോ പുറത്തുവന്നത്. തുടർന്ന് ഔദ്യോഗിക സംവിധാനങ്ങളിലൂടെ ഹസ്‌തയെ കണ്ടെത്താൻ കോൺസുലേറ്റ് അധികൃതർ ശ്രമിച്ചു. പാസ്‌പോർട്ട് നമ്പർ, വിസ റെക്കോഡുകൾ, സ്‌പോൺസറുടെ വിവരങ്ങൾ എന്നിവ കണ്ടെത്തി. ഒടുവിൽ ഹസ്‌തയുടെ പ്രാദേശിക സ്‌പോൺസറെയും ഹസ്‌ത ജോലി ചെയ്യുകയായിരുന്ന കമ്പനിയുടെ മാനേജറെയും കണ്ടെത്താൻ സാധിച്ചു. ശ്രമങ്ങൾ എല്ലാം വിജയിച്ചതോടെ കഴിഞ്ഞ മേയ് 12ന് കമ്പനി മാനേജർ ഹസ്‌തയുമായി ദുബായിലെ കോൺസുലേറ്റ് ജനറൽ ഓഫീസിലെത്തി.
കോൺസുലേറ്റ് അധികൃതർ ഹസ്‌തയുടെ വിസയും എമിറേറ്റ്‌സ് ഐഡിയും റദ്ദാക്കി. കമ്പനിയിൽ നിന്നുള്ള ശമ്പള കുടിശ്ശികയും തീർപ്പാക്കി. ഇന്ത്യയിലേയ്ക്ക് പറക്കാനുള്ള ടിക്കറ്റും മറ്റ് താമസ സൗകര്യങ്ങളും അധികൃതർ തന്നെ ഒരുക്കി. താമസിയാതെ പത്തിലും ഏഴിലും അഞ്ചിലും പഠിക്കുന്ന തന്റെ പെൺമക്കളുടെ അരികിലേയ്ക്ക് എത്താനുള്ള ഒരുക്കത്തിലാണ് ഹസ്‌ത.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |