ദുബായ്: സുപ്രധാന മാറ്റത്തിന് കളമൊരുങ്ങി യുഎഇയിലെ സാമ്പത്തിക സേവന മേഖല. 'ബൈ നൗ, പേ ലേറ്റർ' പ്ലാറ്റ്‌ഫോമുകളായ ടാബി, തമാര എന്നിവയിലൂടെ നടത്തുന്ന ഇടപാടുകൾ ഇനി മുതൽ ഉപഭോക്താക്കളുടെ ക്രെഡിറ്റ് റിപ്പോർട്ടുകളിൽ പ്രതിഫലിക്കും. രാജ്യത്തെ ഉപഭോക്താക്കളുടെ സാമ്പത്തിക ബാദ്ധ്യതകളെക്കുറിച്ച് വായ്പാദാതാക്കൾക്ക് കൂടുതൽ വ്യക്തത നൽകുന്നതിന്റെ ഭാഗമായാണ് ഫെഡറൽ ക്രെഡിറ്റ് ഇൻഫർമേഷൻ ഏജൻസിയായ ഇത്തിഹാദ് ക്രെഡിറ്റ് ബ്യൂറോയുടെ പുതിയ തീരുമാനം. 2026 ജൂലായ് മുതൽ ഈ സംവിധാനം നിലവിൽ വന്നതായി അധികൃതർ അറിയിച്ചു. നിലവിലുള്ള എല്ലാ ഉപഭോക്താക്കൾക്കും ഈ നിയമം ബാധകമായിരിക്കും. ഇതുവരെയുള്ള ഇടപാടുകളുടെ ഹിസ്റ്ററിയും ക്രെഡിറ്റ് റിപ്പോർട്ടിൽ ഉൾപ്പെടുത്തും.
ഉപഭോക്താക്കൾക്ക് ഇതിനകം വേറെ എന്തൊക്കെ സാമ്പത്തിക ബാദ്ധ്യതകളുണ്ടെന്ന് ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഇനി വളരെ എളുപ്പത്തിൽ മനസിലാക്കാം. ഇത് പരിശോധിച്ചുകൊണ്ട്, വായ്പ നൽകിയാൽ തിരിച്ചുകിട്ടുമോ ഇല്ലയോ എന്ന റിസ്‌ക് കൃത്യമായി വിലയിരുത്താനും മികച്ച തീരുമാനങ്ങൾ എടുക്കാനും ബാങ്കുകൾക്ക് കഴിയും.
ടാബി പണമിടപാടുകൾ കൃത്യസമയത്ത് അടച്ചുതീർക്കുന്നവർക്ക് നല്ലൊരു സാമ്പത്തിക ചരിത്രം ഉണ്ടാക്കിയെടുക്കാൻ സഹായകരമാകുമെന്ന് ടാബി സി.ഇ.ഒ ഹൊസാം അറബ് വ്യക്തമാക്കി. അതുപോലെ ധനകാര്യ മേഖലയിൽ കൂടുതൽ വ്യക്തതയും സുതാര്യതയും കൊണ്ടുവരാനും, സാധാരണക്കാരെ ഔദ്യോഗിക ബാങ്കിംഗ് സംവിധാനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കാനും ഈ തീരുമാനം സഹായിക്കുമെന്ന് തമാരയുടെ യു.എഇ മേധാവി സാഗർ ഷായും അഭിപ്രായപ്പെട്ടു.
അതേസമയം യുഎഇയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളി പ്രവാസികൾ ചെറിയ ഷോപ്പിംഗുകൾക്കും ഓൺലൈൻ പർച്ചേസുകൾക്കും ടാബി, തമാര പോലുള്ള ബി.എൻ.പി.എൽ സേവനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇതുവഴി വാങ്ങുന്ന സാധനങ്ങളുടെ തുക ഗഡുക്കളായി കൃത്യസമയത്ത് അടച്ചുതീർക്കുന്ന പ്രവാസികൾക്ക് മികച്ച ക്രെഡിറ്റ് സ്‌കോർ രൂപപ്പെടുത്താൻ സഹായിക്കും.
ഭാവിയിൽ യു.എഇയിൽ നിന്ന് വ്യക്തിഗത വായ്പകളായ കാർ ലോണുകൾ, ഭവന വായ്പകൾ എന്നിവയെടുക്കാൻ ശ്രമിക്കുമ്പോൾ ക്രെഡിറ്റ് ഹിസ്റ്ററി ആനുകൂല്യമാകും. ബാങ്കുകൾക്ക് പ്രവാസികളുടെ തിരിച്ചടവ് ശേഷിയിൽ കൂടുതൽ വിശ്വാസം ഉണ്ടാകാനും വഴിയൊരുക്കും. എന്നാൽ തിരിച്ചടവുകൾ മുടങ്ങിയാൽ ക്രെഡിറ്റ് സ്‌കോറിനെ ഗുരുതരമായി ബാധിക്കും. ചെറിയ തുകകളാണെങ്കിൽ പോലും ഇടപാടുകൾ കൃത്യസമയത്ത് അടച്ചു തീർത്തില്ലെങ്കിൽ ഭാവിയിൽ ബാങ്കുകളിൽ നിന്ന് മറ്റ് വായ്പകൾ ലഭിക്കുന്നതിന് തടസമായേക്കാം.
The UAE's financial sector has implemented a significant change. From July 2026, "Buy Now, Pay Later" (BNPL) transactions via platforms like Tabby and Tamara will be reflected in customer credit reports. This Etihad Credit Bureau decision provides lenders greater clarity on financial liabilities, aiding risk assessment. Timely payments build credit, while defaults negatively impact scores.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |