SignIn
Kerala Kaumudi Online
Sunday, 28 June 2026 4.26 AM IST

ഗാസയിലെ വെടിനിറുത്തൽ നാളെ മുതൽ പ്രാബല്യത്തിൽ, നീട്ടണമെന്ന് സൗദി ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങൾ

h

ദോഹ : ഇസ്രയേൽ ഹമാസ് യുദ്ധം തുടങ്ങി ഒന്നരമാസം പിന്നിടുമ്പോൾ ഗാസയിൽ ഏർപ്പെടുത്തിയ താത്കാലിക വെടിനിറുത്തൽ നാളെ പ്രാബല്യത്തിൽ വരും. ഹമാസുമായുണ്ടാക്കിയ ധാരണ പ്രകാരം നാല് ദിവസത്തെ വെടിനിറുത്തലിനാണ് നെതന്യാഹു മന്ത്രിസഭ അംഗീകരം നൽകിയത്. വ്യാഴാഴ്ച രാവിലെ പത്ത് മുതൽ വെടി നിറുത്തൽ പ്രാബല്യത്തിൽ വരുമെന്ന് ഹമാസ് പൊളിറ്റ് ബ്യൂറോ അദ്ധ്യക്ഷൻ മൂസ അബു മർസുക്ക് പ്രഖ്യാപിച്ചു. ഇസ്രയേലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്,

ഖത്തറിന്റെ മദ്ധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് വെടിനിറുത്തലിന് ധാരണയായത്.ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റങ്ങൾക്ക് അനുസരിച്ച് വെടിനിറുത്തൽ കരാർ കൂടുതൽ ദിവസങ്ങളിലേക്ക് നീട്ടാൻ സാദ്ധ്യതയുണ്ടെന്ന്ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വെടിനിറുത്തൽ നീട്ടണമെന്ന് സൗദി അറേബ്യ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.

കരാർ പ്രകാരം ഹമാസ് ഒക്‌ടോബർ ഏഴിന് പിടികൂടി തടവിലാക്കിയ 50 ബന്ദികളെ മോചിപ്പിക്കും. ഇക്കാര്യം വ്യക്തമാക്കി ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവന പുറത്തിറക്കി. എന്നാൽ യുദ്ധം പൂർണമായി അവസാനിപ്പിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കി. ഇസ്രയേൽ കസ്റ്റഡിയിലുള്ള 150 പാലസ്തീൻ തടവുകാരെ മോചിപ്പിക്കുമെന്നും വിവരമുണ്ട്. സ്ത്രീകളും കുട്ടികളും അടങ്ങിയ ബന്ദികളെയാണ് ഹമാസ് മോചിപ്പിക്കുന്നത്.ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിൽ രാത്രി മുഴുവൻ നീണ്ട കാബിനറ്റ് യോഗത്തിന് ശേഷമാണ് കരാറിന് അംഗീകാരം നൽകിയത്. 'ഇത് ബുദ്ധിമുട്ടുള്ള തീരുമാനമാണ്, പക്ഷേ ഇത് ശരിയായ തീരുമാനമാണ് എന്നാണ് യോഗത്തിനുശേഷം അദ്ദേഹം മന്ത്രിമാരോട് പറഞ്ഞത്.ഓരോ പത്ത് ബന്ദികളെ മോചിപ്പിക്കുമ്പോഴും വെടിനിർത്തൽ ഓരോ ദിവസം കൂടി നീട്ടാനാണ് തീരുമാനം. എല്ലാ ബന്ദികളെയും രാജ്യത്ത് തിരിച്ചെത്തിക്കും. ഹമാസിനെ പൂർണമായി ഉന്മൂലനം ചെയ്യാനും ഗാസയിൽ നിന്ന് ഇനി യാതൊരുവിധ ഭീഷണിയും ഉയരില്ലെന്ന് ഉറപ്പാക്കാനും ഇസ്രയേൽ സർക്കാരും സൈന്യവും പോരാട്ടം തുടരുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

വെടിനിർത്തൽ കരാർ സ്വാഗതം ചെയ്ത് ഹമാസും പ്രസ്താവനയിറക്കി. ഇസ്രയേൽ ജയിലുകളിൽ നിന്ന് 150 പാലസ്തീനികളെ മോചിപ്പിക്കുമെന്നും ഹമാസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, GULF, GULF NEWS, GAZA, HAMAS, ISRAEL, NETANYAHU, CEASEFIRE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360