SignIn
Kerala Kaumudi Online
Friday, 25 September 2026 12.58 PM IST

'പൗരന്മാരെ സംരക്ഷിക്കൂ, യുദ്ധത്തിലേയ്ക്ക് വലിച്ചിഴക്കാൻ പുടിനെ അനുവദിക്കരുത്': ഇന്ത്യയ്‌ക്കുൾപ്പെടെ മുന്നറിയിപ്പുമായി യുക്രെയിൻ പ്രസിഡന്റ്

volodymyr-zelensky
വൊളോഡിമിർ സെലെൻസ്കി

ന്യൂയോർക്ക്: യുക്രെയിനെതിരായ യുദ്ധത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പൗരന്മാരെ റഷ്യ ഉപയോഗിച്ചെന്ന ഗുരുതര ആരോപണവുമായി യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. ഈ യുദ്ധത്തിലേയ്ക്ക് നിങ്ങളെ വലിച്ചിഴയ്ക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ അനുവദിക്കരുതെന്നും അദ്ദേഹം രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി. യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സെലെൻസ്‌കി.

'ഇപ്പോൾ എനിക്ക് സംസാരിക്കാനുള്ളത് യൂറോപ്പിനോടല്ല. റഷ്യ തികച്ചും ക്രൂരമായ മറ്റൊരു പ്രചാരണത്തിൽ ഉപയോഗിക്കാൻ ശ്രമിക്കാൻ സാദ്ധ്യതയുള്ള ജനങ്ങളുള്ള രാജ്യങ്ങളോടാണ്. ഉത്തര കൊറിയയിൽ നിന്ന് മാത്രമല്ല നിരവധി രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ തടവുകാരായി യുക്രെയിനിലുണ്ട്'-അദ്ദേഹം പറഞ്ഞു.

യുദ്ധത്തിൽ ഉത്തരകൊറിയയ്ക്ക് പുറമെ ഇന്ത്യ, നേപ്പാൾ, ഘാന, താജിക്കിസ്ഥാൻ, യമൻ, കെനിയ, സിംബാബ്‌വെ, ക്യൂബ, സുഡാൻ, ദക്ഷിണാഫ്രിക്ക, ബെലാറൂസ് തുടങ്ങിയ 47 രാജ്യങ്ങളിലെ പൗരന്മാരുണ്ടെന്നും, വഞ്ചിക്കപ്പെട്ടും തട്ടിപ്പിനിരയായും റഷ്യയിലെത്തിയവരാണ് നിങ്ങളുടെ രാജ്യങ്ങളിലെ പൗരന്മാരെന്നും സെലെൻസ്‌കി കൂട്ടിച്ചേർത്തു. റഷ്യ എന്താണ് നിങ്ങളുടെ പൗരന്മാരോട് ചെയ്യുന്നതെന്ന് നിങ്ങൾക്കറിയാമെന്നും മറ്റൊരു മുന്നണിയിൽ ചെന്ന് പെടാതെ അവരെ സംരക്ഷിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം രാജ്യങ്ങളോട് ആവശ്യപ്പെട്ടു.

റഷ്യക്കെതിരായ യുദ്ധത്തിൽ യുക്രെയിനൊപ്പം നിൽക്കുകയും അവിടത്തെ ജനങ്ങളെ സഹായിക്കുകയും ചെയ്യുന്ന രാജ്യങ്ങളോട് നന്ദി രേഖപ്പെടുത്തുവെന്നും സെലെൻസ്കി പറഞ്ഞു. അതേസമയം, റഷ്യൻ സായുധ സേനയിലേയ്ക്ക് ഇന്ത്യൻ പൗരന്മാരെ റിക്രൂട്ട് ചെയ്യുന്ന വിഷയം ഇന്ത്യയും റഷ്യയും തമ്മിൽ ചർച്ച ചെയ്തിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു. ഒടുവിലത്തെ കണക്കനുസരിച്ച് റഷ്യൻ സൈന്യത്തിലേയ്ക്ക് റിക്രൂട്ട് ചെയ്ത 227 ഇന്ത്യൻ പൗരന്മാരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതായും അദ്ദേഹം അറിയിച്ചു. അതിൽ നിന്ന് 139 പേരെ റഷ്യ മടക്കി അയച്ചതായും എന്നാൽ 51 പേർ യുദ്ധത്തിൽ മരണപ്പെട്ടതായും വിക്രം മിസ്രി വ്യക്തമാക്കിയിരുന്നു.

English Summary

Ukrainian President Volodymyr Zelenskyy has accused Russia of using citizens from countries including India in its war against Ukraine. Addressing the UN General Assembly, Zelenskyy urged countries not to allow Russian President Vladimir Putin to drag their citizens into the conflict.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RUSSIA UKRAINE WAR, VOLODYMYR ZELENSKY, VLADIMIR PUTIN, INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360