ദുബായ് : ഫ്ലൈ ദുബായ് വിമാനത്തിലെ ഇന്ത്യൻ പൈലറ്റ് ക്യാപ്‌ടൻ സ്മിത്ത് മച്ചാറിനെ ഇസ്രയേൽ സ്വാതന്ത്ര്യ ദിനത്തിൽ പ്രത്യേക അതിഥിയായി ക്ഷണിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ജെറുസലേമിലെ ഹെർസൽ പർവതത്തിൽ ആഘോഷ ദീപം തെളിക്കാൻ ക്യാപ്ടൻ സ്മിത്തിനെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും നെതന്യാഹു ക്ഷണിച്ചു.
ഇസ്രയേൽ പൗരൻമാർക്ക് മാത്രം ലഭിക്കുന്ന പരമോന്നത അംഗീകാരമാണ് സ്വാതന്ത്ര്യദീപം തെളിക്കൽ. ഇത്തവണ ഈ അംഗീകാരം ക്യാപ്ടൻ സ്മിത്തിന് നൽകുന്നതിൽ ഇസ്രയേൽ അഭിമാനിക്കുന്നുവെന്ന് നെതന്യാഹു പറഞ്ഞു. സ്മിത്തുമായി നേരിട്ടു നടത്തിയ ടെലിഫോൺ സംഭാഷണത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സ്മിത്ത് ഇന്ത്യയുടെ മാത്രമല്ല , ഇസ്രയേലിന്റെയും ലോകത്തിന്റെയും ഹീറോ ആണെന്നും നെതന്യാഹു പറഞ്ഞു. സെപ്തംബർ 30ന് ഫ്ലൈ ദുബായ് വിമാനത്തിൽ സംഭവിച്ച കാര്യങ്ങൾ സ്മിത്ത് നെതന്യാഹുവിനോട് വിവരിച്ചു.
അതേസമയം ടെൽ അവീവിലേക്ക് പോകുകയായിരുന്ന ഫ്‌ളൈദുബായ് വിമാനം മനഃപൂർവം തകർക്കാനായിരുന്നു താൻ ലക്ഷ്യമിട്ടിരുന്നതെന്ന സഹ പൈലറ്റ് ഹമാം അൽ ഹമ്മാമിയുടെ മൊഴി പുറത്തുവന്നു. മരണത്തെ തനിക്ക് ഭയമില്ലെന്നും ഹമ്മാമി പറഞ്ഞതായി അന്വേഷണവുമായി ബന്ധപ്പെട്ട സൗദി ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. തീവ്രവാദ ആശയങ്ങളിലേക്ക് ഇയാൾ എങ്ങനെ എത്തിപ്പെട്ടുവെന്നും നേരത്തെ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ട ഇയാളെ വീണ്ടും കോക്ക്പിറ്റിൽ ജോലിക്ക് പ്രവേശിപ്പിച്ചതെങ്ങനെയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |