റിയാദ്: സൗദി അറേബ്യയിൽ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം. വിമാനത്താവളത്തിലെ ടെർമിനലിൽ മിസൈൽ പതിച്ചതിനുപിന്നാലെ തീപിടിത്തമുണ്ടായി. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി സൗദി സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു.
ഇക്കഴിഞ്ഞ ശനിയാഴ്‌ച കിംഗ് ഖാലിദ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ 13 പേർ കൊല്ലപ്പെടുകയും 300ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ വിമാനത്താവളത്തിന് നേരെ നാല് പ്രാവശ്യം ആക്രമണം ഉണ്ടായെന്നാണ് റിപ്പോർട്ട്. ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ കിംഗ് ഖാലിദ് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു.
വിമാനത്താവളത്തിന് സമീപം എത്തിയ ക്രൂയിസ് മിസൈൽ സൗദിയുടെ വ്യോമപ്രതിരോധ സംവിധാനം തകർത്തതായും അധികൃതർ അറിയിച്ചു. ശനിയാഴ്‌ച നടന്ന ആക്രമണത്തിൽ പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം സൗദി അറേബ്യ നേരിടുന്ന ഏറ്റവും രൂക്ഷമായ ആക്രമണങ്ങളിലൊന്നാണ് ഇപ്പോഴത്തേത്.
ശനിയാഴ്‌ച നടന്ന ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയുടെ കിഴക്കൻ മേഖലയിലെ ദമാം വിമാനത്താവളത്തിന് നേരെയും ആക്രമണം നടത്തിയതായി ഹൂതി വിമതർ അവകാശപ്പെട്ടു. സൗദിയിലെ ഗതാഗത കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ തുടരുമെന്നും അവർ മുന്നറിയിപ്പ് നൽകി. രാജ്യത്തെ പ്രധാന ഗതാഗത കേന്ദ്രങ്ങൾ തങ്ങളുടെ സൈനിക നീക്കത്തിന്റെ ലക്ഷ്യങ്ങളാണെന്നാണ് ഹൂതികളുടെ പ്രഖ്യാപനം.
സംഘർഷം രൂക്ഷമായതോടെ സൗദി വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി. വിമാനത്താവളത്തിലേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളുടെ എംബസികൾ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Saudi Arabia’s King Khalid International Airport has temporarily suspended operations following repeated Houthi attacks. The latest strike reportedly killed one person and injured 11, while several flights were cancelled.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |