അബുദാബി: ഇന്ത്യൻ പ്രവാസികൾ ധാരാളമുള്ള രാജ്യമാണ് യുഎഇ. നമ്മുടെ നാടിനെ അപേക്ഷിച്ച് വിലയിൽ വ്യത്യാസമുള്ളതിനാൽ മലയാളികൾ ഉൾപ്പെടെയുള്ളവർ യുഎഇയിൽ നിന്ന് സ്വർണം വാങ്ങാറുണ്ട്. ഇപ്പോഴിതാ ദീപാവലി ഉൾപ്പെടെയുള്ള ആഘോഷങ്ങൾ വരാൻ പോവുകയാണ്. അതിന് മുന്നോടിയായി പഴയ ആഭരണങ്ങൾ മാറ്റി പുതിയവ വാങ്ങാനുള്ള ഒരുക്കത്തിലായിരിക്കും പലരും. എന്നാൽ, ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ആയിരക്കണക്കിന് ദിർഹത്തിന്റെ നഷ്‌ടം നിങ്ങൾക്ക് ഉണ്ടായേക്കാം. ഈ അബദ്ധങ്ങൾ ഒഴിവാക്കാൻ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
നവംബർ ആറ് വെള്ളിയാഴ്‌ച ധൻതേരസും നവംബർ എട്ട് ഞായറാഴ്‌ച ദീപാവലിയുമാണ്. ഈ ദിവസങ്ങളിൽ സ്വർണം വാങ്ങുന്നത് ശുഭകരമായാണ് കണക്കാക്കപ്പെടുന്നത്. പലരും മതിയായ തയ്യാറെടുപ്പുകളില്ലാതെയാണ് സ്വർണം വിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ സ്വർണത്തിന് അർഹമായ വില ലഭിക്കാതെ പോകാൻ സാദ്ധ്യതയുണ്ട്. അതിനാൽ നിങ്ങൾ ഒഴിവാക്കേണ്ട അഞ്ച് അബദ്ധങ്ങൾ അറിയാം.
കാരറ്റും ഭാരവും - സ്വർണത്തിന്റെ മൂല്യം നിർണയിക്കുന്നത് അതിന്റെ ശുദ്ധതയും ഭാരവും അടിസ്ഥാനമാക്കിയാണ്. തങ്ങളുടെ ആഭരണങ്ങൾ 18, 21, 22 അല്ലെങ്കിൽ 24 എന്നിങ്ങനെ എത്ര കാരറ്റാണെന്നും അവയുടെ കൃത്യമായ ഭാരവും അറിയാതെ വിൽക്കരുത്. വിൽക്കുന്നതിന് മുമ്പ് തന്നെ ഇതെല്ലാം ബോദ്ധ്യപ്പെട്ട് വിപണിയിൽ എത്ര നിരക്ക് ലഭിക്കുമെന്ന് മനസിലാക്കി വയ്‌ക്കുക.
രത്നങ്ങൾ പതിച്ച ആഭരണങ്ങൾ - സാധാരണ ആഭരണങ്ങൾ വിൽക്കുമ്പോൾ സ്വർണത്തിന്റെ അളവിന് മാത്രമേ പണം ലഭിക്കുകയുള്ളു. അതിൽ പതിച്ചിരിക്കുന്ന രത്നങ്ങൾക്ക് പണം ലഭിക്കില്ല. അതിനാൽ, രത്നങ്ങൾ നിറയെ പതിപ്പിച്ച് ഉയർന്ന പണിക്കൂലി കൊടുത്ത് വാങ്ങിയ ആഭരണങ്ങൾക്ക് വിൽക്കുമ്പോൾ അതേ രീതിയിലുള്ള തുക ലഭിക്കുമെന്ന് കരുതരുത്.
വില നിരീക്ഷിക്കുക - സ്വർണമെന്നത് എപ്പോൾ വിറ്റാലും പണം ലഭിക്കുന്ന സമ്പാദ്യമാണ്. അതിനാൽ തിടുക്കപ്പെട്ട് വിൽക്കാൻ നിൽക്കരുത്. ജുവലറികളിലെ ഓഫറുകളും വില വർദ്ധനയും നോക്കി വിൽക്കുക.
ആയിരങ്ങൾ ലാഭിക്കാം - വലിയ അളവിൽ സ്വർണം വിൽക്കുമ്പോൾ കിഴിവുകൾ ലഭിക്കും. ഗ്രാമിന് കിട്ടുന്ന ചെറിയ വ്യത്യാസം പോലും ആയിരക്കണക്കിന് ദിർഹത്തിന്റെ വ്യത്യാസം ഉണ്ടാക്കിയേക്കാം. രണ്ടോ മൂന്നോ ജുവലറികളിൽ നിന്ന് വില ചോദിച്ചറിഞ്ഞ ശേഷം മികച്ച വില ഉറപ്പാക്കുക.
വില വ്യത്യാസം - സ്വർണക്കടകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന നിരക്ക് പുതിയ ആഭരണങ്ങളുടെ റീട്ടെയിൽ വിലയാണ്. പഴയ ആഭരണങ്ങൾ വിറ്റ ശേഷം വാങ്ങുന്നവർക്കുള്ളതല്ല. പഴയ സ്വർണത്തിന് ഇതേ വില ലഭിക്കണമെന്നില്ല. അതിനാൽ ആഭരണങ്ങൾ വിൽക്കുന്നതിന് മുമ്പ് ഇത് അറിഞ്ഞിരിക്കൂ.
Experts warn UAE residents against five common mistakes when selling old gold before Dhanteras and Diwali. Checking gold purity and weight, understanding gemstone deductions, monitoring market prices, comparing offers from multiple jewellers, and distinguishing retail prices from resale rates can help sellers get the best value and avoid financial losses.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |