ജിദ്ദ : സൗദി അറേബ്യയിൽ നിരോധിച്ച മരുന്നുകൾ കൈവശം വച്ചെന്നാരോപിച്ച് ജിദ്ദ വിമാനത്താവളത്തിൽ കസ്റ്റഡിയിലെടുത്ത മലയാളി നഴ്സ് ഫിലോമിനയെ അധികൃതർ ഒടുവിൽ വിട്ടയച്ചു. വയനാട് സുൽത്താൻ ബത്തേരി അയ്യങ്കൊല്ലി ആനന്ദ് നിവാസിൽ രവി- ശെൽവി ദമ്പതികളുടെ മകളാണ് ഫിലോമിന. പിടിച്ചെടുത്ത മരുന്നുകൾ ലഹരിമരുന്നിന്റെ ഗണത്തിൽപ്പെടുന്നവയല്ലെന്ന് ലാബ് പരിശോധനയിൽ ശാസ്ത്രീയമായി തെളിഞ്ഞതോടെയാണ് ഫിലോമിനയുടെ മോചനത്തിന് വഴിതെളിഞ്ഞത്.
റിയാദിലെ കിംഗ് ഫഹദ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തുവരികയാണ് ഫിലോമിന. വാർഷികാവധിക്ക് നാട്ടിലെത്തിയ ശേഷം ജോലിയിൽ തിരികെ പ്രവേശിക്കുന്നതിനായി ഈ മാസം 10നാണ് ഇവർ സൗദിയിലേക്ക് തിരിച്ചത്. ബംഗളുരുവിൽ നിന്നുള്ള വിമാനത്തിൽ ജിദ്ദയിലെത്തുകയും അവിടെ നിന്ന് കണക്ഷൻ ഫ്ലൈറ്റ് വഴി റിയാദിലേക്ക് പോകാനുമായിരുന്നു പ്ലാൻ.
ജിദ്ദ വിമാനത്താവളത്തിൽ എത്തിയപ്പോൾ കസ്റ്റംസ് നടത്തിയ ലഗേജ് പരിശോധനയിലാണ് ഫിലോമിനയുടെ ബാഗിൽ നിന്ന് സൗദിയിൽ കർശന നിയന്ത്രണങ്ങളുള്ള ചില മരുന്നുകൾ കണ്ടെത്തിയത്. തുടർന്ന് ജിദ്ദ കസ്റ്റംസ് വിഭാഗം ഇവരെ വിമാനത്താവളത്തിൽ വച്ചുതന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിട്ടിയുടെയും നാർക്കോട്ടിക്സ് കൺട്രോൾ ഡയറക്ടറേറ്റിന്റെയും നേതൃത്വത്തിൽ പിടിച്ചെടുത്ത മരുന്നുകൾ ലാബ് പരിശോധനയ്ക്ക് അയച്ചു. ഫിലോമിനയുടെ പക്കലുണ്ടായിരുന്നത് ലഹരിമരുന്നല്ലെന്നും ചികിത്സാ ആവശ്യങ്ങൾക്കുള്ള സാധാരണ മരു്ന്നുകളാണെന്നും സ്ഥിരീകരിച്ചു. ഇതോടെയാണ് ഫിലോമിനയെ വിട്ടയച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |