SignIn
Kerala Kaumudi Online
Thursday, 11 June 2026 6.32 PM IST

'മുന്നറിയിപ്പുണ്ട്, തൊട്ടടുത്ത കപ്പൽ ആക്രമിക്കപ്പെട്ടു': മുന്നോട്ട് പോകുകയാണെന്ന് മകൻ പറഞ്ഞതായി ആദിത്യയുടെ പിതാവ്

READ ENGLISH VERSION
adithya-sharma

ന്യൂഡൽഹി: ഒമാൻ തീരത്ത് യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഡെക്ക് കേഡറ്റ് ആദിത്യ ശർമ അവസാനം വീട്ടുകാരുമായി സംസാരിച്ചപ്പോൾ ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധികളെ കുറിച്ചാണ് സംസാരിച്ചതെന്ന് അദ്ദേഹത്തിന്റെ പിതാവ്. ഇരുപത്തിമൂന്നുകാരനായ ആദിത്യ ശർമയുടെ പിതാവ് രാജേഷ് ശർമയാണ് മകന്റെ അവസാന ഫോൺകോളിനെ കുറിച്ച് വെളിപ്പെടുത്തിയത്.

കഴിഞ്ഞ ദിവസമായിരുന്നു 'എം ടി സെറ്റബെല്ലോ' കപ്പലിന് നേരെ യുഎസ് ആക്രമണം ഉണ്ടായത്. ആദ്യഘട്ടത്തിൽ ആദിത്യ ഉൾപ്പെടെ മൂന്ന് ഇന്ത്യൻ നാവികരെ കാണാനില്ലെന്നായിരുന്നു പുറത്തുവന്ന വിവരം. ഇന്നാണ് കാണാതായ മൂന്നുപേരും കൊല്ലപ്പെട്ടതായുള്ള സ്ഥിരീകരണമുണ്ടായത്. കഴിഞ്ഞ ഞായാറാഴ്ചയാണ് ആദിത്യ പിതാവ് രാജേഷ് ശർമയുമായി അവസാനമായി ഫോണിൽ സംസാരിച്ചത്.

മേഖലയിൽ അമേരിക്കൻ നാവികസേന ഏർപ്പെടുത്തിയ ഉപരോധത്തെത്തുടർന്ന് കപ്പലിലെ സാഹചര്യം അതീവ ഗുരുതരമാണെന്ന് ആദിത്യ വീട്ടുകാരോട് പറഞ്ഞിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അമേരിക്കൻ നാവികസേനയിൽനിന്ന് രണ്ട് തവണ മുന്നറിയിപ്പുകൾ ലഭിച്ചതായും ആദിത്യ പിതാവിനോട് വെളിപ്പെടുത്തിയിരുന്നു. മുന്നറിയിപ്പുകൾ ഉണ്ടെങ്കിലും കപ്പൽ ഹോർമുസ് കടലിടുക്കിലേക്ക് നീങ്ങാൻ ശ്രമിക്കുകയാണെന്ന വിവരവും ആദിത്യ അന്ന് പറഞ്ഞിരുന്നു.

'എം ടി സെറ്റബെല്ലോ'യ്ക്ക് സമീപത്തുണ്ടായിരുന്ന മറ്റൊരു കപ്പൽ ആക്രമിക്കപ്പെട്ടുവെന്നും എന്നാൽ അതിലെ ജീവനക്കാരെ അധികൃതർ സുരക്ഷിതമായി രക്ഷപ്പെടുത്തിയെന്നും ആദിത്യ പറഞ്ഞിരുന്നു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും താൻ സുരക്ഷിതാനാണെന്നും പറഞ്ഞ് ആദിത്യ കുടുംബത്തെ ആശ്വസിപ്പിച്ചിരുന്നതായും പിതാവ് പറഞ്ഞു.

ഹിമാചൽ പ്രദേശിലെ ഹമീർപുർ സ്വദേശിയാണ് ആദിത്യ ശർമ. ചെന്നൈയിലെയും ഗ്ലാസ്‌ഗോയിലെയും പഠനത്തിന് ശേഷം കഴിഞ്ഞ നവംബറിലാണ് ചരക്കുകപ്പലിൽ ജോലിയിൽ പ്രവേശിച്ചത്. കഴിഞ്ഞ മാസത്തിൽ ജോലി പൂർത്തിയാക്കി മടങ്ങാനിരുന്ന മകൻ പിന്നീട് രണ്ട് മാസത്തേക്ക് കൂടി കാലാവധി നീട്ടുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു.

ഇന്ന് രാവിലെയാണ് കപ്പൽ കമ്പനി ആദിത്യയുടെ മരണവാർത്ത കുടുംബത്തെ അറിയിക്കുന്നത്. മുന്നറിയിപ്പ് ഉണ്ടായിട്ടും നാവികരുടെ ജീവൻ അപകടത്തിലാക്കി മുന്നോട്ട് പോകാൻ തീരുമാനമെടുത്ത അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധത്തിലാണ് കുടുംബം.

മരിച്ചവരുടെ കുടുംബാംഗങ്ങൾക്കൊപ്പം കേന്ദ്ര സർക്കാർ ഉറച്ചുനിൽക്കുമെന്നും അവർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും കേന്ദ്ര തുറമുഖ-ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ ഉറപ്പുനൽകി. രക്ഷപ്പെട്ട ക്രൂ അംഗങ്ങളെ എത്രയും വേഗം നാട്ടിലെത്തിക്കാനും മരണപ്പെട്ടവരുടെ ഭൗതികശരീരങ്ങൾ വേഗത്തിൽ നാട്ടിൽ എത്തിക്കാനുമുള്ള നടപടികൾ സ്വീകരിക്കാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, SHIP ATTACK, ADITHYA SHARMA, OMAN, HORMUZ, LAST PHONE CALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360