SignIn
Kerala Kaumudi Online
Wednesday, 29 July 2026 10.32 AM IST

'ഇന്ത്യയിലുളള പാകിസ്ഥാനികളെ കണ്ടെത്തി പറഞ്ഞയക്കണം'; മുഖ്യമന്ത്രിമാർക്ക് നി‌ർദ്ദേശവുമായി അമിത് ഷാ

READ ENGLISH VERSION
amit-shah

ന്യൂഡൽഹി: പാകിസ്ഥാൻ പൗരൻമാരെ കണ്ടെത്തി നാടുകടത്തണമെന്ന് എല്ലാ സംസ്ഥാനങ്ങളിലുളള മുഖ്യമന്ത്രിമാർക്കും നിർദ്ദേശം നൽകി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. ജമ്മുകാശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക് പൗരൻമാരുടെ വിസ റദ്ദാക്കുമെന്ന് ഇന്ത്യ ബുധനാഴ്ച തീരുമാനിച്ചിരുന്നു. ഏപ്രിൽ 27ന് മുൻപ് പാകിസ്ഥാൻ പൗരൻമാരുടെ വിസ റദ്ദാക്കണമെന്നാണ് നിർദ്ദേശം. മെഡിക്കൽ വിസകൾ ഉളളവരുടെ വിസാ കാലാവധി 48 മണിക്കൂറുകൾ കൂടി നീട്ടിയിട്ടുണ്ട്.

പഹൽഗാമിലെ ആക്രമണം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും പാകിസ്ഥാനാണെന്ന കാര്യത്തിൽ കൃത്യമായ തെളിവുകൾ ഇന്ത്യയുടെ കൈവശമുണ്ട്. അമേരിക്ക, ബ്രിട്ടൻ,ഫ്രാൻസ്, ജർമ്മനി, റഷ്യ, ചൈന എന്നീ രാജ്യങ്ങളിലെ മുതിർന്ന വിദേശ നയതന്ത്രജ്ഞർക്ക് മുൻപിൽ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി തെളിവുകൾ ഹാജരാക്കിയിരുന്നു. പാകിസ്ഥാൻ പൗരൻമാരുടെ വിസ റദ്ദാക്കുമെന്ന തീരുമാനം ഇന്ത്യ സ്വകരിച്ച പ്രധാന നടപടികളിൽ ഒന്നുമാത്രമാണ്. ഇന്ത്യയും പാകിസ്ഥാനും വർഷങ്ങളായി സഹകരിച്ച് നടപ്പിലാക്കിവന്നിരുന്ന സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഇന്ത്യയുടെ ഈ തീരുമാനത്തെ യുദ്ധത്തിന്റെ തുടക്കമായാണ് പാകിസ്ഥാൻ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിനുപകരമായി സിംല കരാർ റദ്ദാക്കുകയാണെന്ന് ഇസ്ലാമാബാദും അറിയിച്ചു. ഇന്ത്യയുടെ ഉടമസ്ഥതയിലുളളതോ നടത്തിക്കുന്നതോ ആയ വിമാനങ്ങൾക്ക് പാകിസ്ഥാൻ വിമാനത്താവളങ്ങളിലേക്കുളള പ്രവേശനവും നിഷേധിച്ചിട്ടുണ്ട്. ജമ്മുകാശ്മീരിലെ പഹൽഗാമിലെ ബൈസരൺ താഴ്‌വരയിൽ നടന്ന ഭീകരാക്രമണത്തിൽ 26 വിനോദസഞ്ചാരികളുടെ ജീവനാണ് പൊലിഞ്ഞത്. ചൊവ്വാഴ്ചയായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. ആയുധവുമായെത്തിയ അഞ്ച് ഭീകരരാണ് വിനോദസഞ്ചാരികൾക്കുനേരെ വെടിയുതിർത്തത്. ഭീകരാക്രമണത്തിൽ ശക്തമായി തിരച്ചടിക്കുമെന്ന് ഇന്ത്യയും അറിയിച്ചിരുന്നു.

അതേസമയം, പഹൽഗാമിൽ ആക്രമണം നടത്തിയത് തീവ്രാദികൾ അല്ലെന്നും അവർ സ്വാതന്ത്ര്യസമര സേനാനികളാണെന്നുമാണ് പാകിസ്ഥാൻ അറിയിച്ചത്. ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇഷാഖ് ദാർ ആണ് തീവ്രവാദികളെ സ്വാതന്ത്ര്യസമര സേനാനികളെന്ന് വാർത്താസമ്മേളനത്തിൽ വിശേഷിപ്പിച്ചത്. ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് പാകിസ്ഥാൻ ആവർത്തിക്കുന്നതിനിടെയാണ് ദാറിന്റെ പരാമർശം എന്നതാണ് ഏറെ ശ്രദ്ധേയം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, INDIA, PAKISTAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360