ന്യൂഡൽഹി: അയോദ്ധ്യ സംഭാവനതട്ടിപ്പ് കേസിലെ പ്രതിയുടെ വീട് ഇടിച്ചുനിരത്താനുള്ള നടപടികളുമായി അയോദ്ധ്യ വികസന അതോറിറ്റി. കേസിലെ പ്രധാനപ്രതിയായ ലവ് കുശ് മിശ്രയുടെ ഒരുകോടി രൂപ വിലമതിക്കുന്ന വീടാണ് ഇടിച്ചുകളയാനൊരുങ്ങുന്നത്. വീടിന്റേത് അനധികൃത നിർമ്മാണമാണെന്ന് ചൂണ്ടിക്കാട്ടി അയോദ്ധ്യ വികസന അതോറിറ്റി ലവ് കുശ് മിശ്രയ്‌ക്ക് നോട്ടീസ് നൽകി.
അയോദ്ധ്യക്ഷേത്രത്തിൽ ജോലി ലഭിച്ചതിനുപിന്നാലെ പ്രതിയുടെ സാമ്പത്തികനിലയിൽ വലിയ പുരോഗതിയാണുണ്ടായത്. ക്ഷേത്രത്തിൽനിന്ന് കവർന്ന പണമാണ് വീട് നിർമ്മിക്കാനായി ഉപയോഗിച്ചതെന്നാണ് കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട് ആകെ എട്ട് പ്രതികളെയാണ് ഇതുവരെ അറസ്റ്റ് ചെയ്‌തിരിക്കുന്നത്.
അതേസമയം, സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവരുന്നതിനിടയിൽ ശ്രീരാമ ജന്മഭൂമി തീർത്ഥാടന ട്രസ്റ്റിന്റെ നിർണായക യോഗം ജൂലായ് ആറിന് ചേരും. ജനറൽ സെക്രട്ടറി ചമ്പത് റായിയുടെയും ട്രസ്റ്റിയായ അനിൽ മിശ്രയുടെയും രാജിയിൽ തീരുമാനമെടുക്കാനാണ് ട്രസ്റ്റ് അടിയന്തരയോഗം വിളിച്ചുചേർത്തിരിക്കുന്നത്.
ജൂൺ 27-നാണ് ഇരുവരും രാജിക്കത്ത് നൽകിയത്. ട്രസ്റ്റിന്റെ ബൈലോ അനുസരിച്ച് ട്രസ്റ്റ് അംഗങ്ങൾ വോട്ട് ചെയ്‌ത് പാസാക്കിയാൽ മാത്രമേ ഈ രാജി അംഗീകരിക്കപ്പെടൂ. ട്രസ്റ്റ് അംഗങ്ങളുടെ മൂന്നിൽ ഭൂരിപക്ഷമുണ്ടെങ്കിലേ രാജി സ്വീകരിക്കുകയുള്ളൂ. പദവികളിൽനിന്ന് രാജിവച്ചാലും ഇവർ ട്രസ്റ്റിലെ അംഗങ്ങളായി തുടരുമെന്നും ബൈലോയിൽ പറയുന്നു. ആകെ 14 അംഗങ്ങളാണ് ട്രസ്റ്റിലുള്ളത്. ഇതിൽ രണ്ട് പേർ രാജി സമർപ്പിച്ച സാഹചര്യത്തിൽ ബാക്കി 12 പേരെ ഉൾക്കൊള്ളിച്ചാകും വോട്ടെടുപ്പ് നടത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |