SignIn
Kerala Kaumudi Online
Monday, 08 June 2026 10.50 PM IST

ഭക്ഷണത്തിൽ ചത്ത പ്രാണി; പരാതിക്കാരന് പത്ത് പ്ലേറ്റ് ബിരിയാണി സൗജന്യമായി നൽകാൻ ഉത്തരവ്

biriyani

പുതുച്ചേരി: ബിരിയാണിയിൽ ചത്തപ്രാണിയെ കണ്ടെന്ന പരാതിയിൽ വേറിട്ട ഉത്തരവുമായി പുതുച്ചേരി ഉപഭോക്തൃ കമ്മീഷൻ. പത്ത് പ്ലേറ്റ്‌ ഹൈദരബാദി ബിരിയാണി പരാതിക്കാരന് സൗജന്യമായി നൽകാനാണ് റെസ്റ്റോറന്റിനോട് ഉത്തരവിട്ടത്. പതിനായിരം രൂപ നഷ്‌ടപരിഹാരത്തിന് പുറമെയാണ് പരാതിക്കാരന് ബിരിയാണി സൗജന്യമായി നൽകേണ്ടത്. കൂടാതെ കോടതി ചെലവിലേയ്‌ക്കായി 3000 രൂപയും റെസ്റ്റോറന്റ് നൽകണം.


പുതുച്ചേരിയിലെ ബിരിയാണി ആന്റ് കോ എന്ന റെസ്റ്റോറന്റിനെതിരെ പി സുന്ദരകുമാര മണികണ്ഠൻ നൽകിയ പരാതിയിലാണ് കമ്മീഷൻ വിധി പറഞ്ഞത്. കഴിഞ്ഞ വർഷം ഡിസംബർ എട്ടാംതീയതി സുഹൃത്തിനൊപ്പം റെസ്റ്ററന്റിൽ ബിരിയാണി കഴിക്കാൻ എത്തിയപ്പോഴാണ് വിളമ്പിയ ഭക്ഷണത്തിൽ ചത്ത പ്രാണിയെ കണ്ടത്. ഉടൻ തന്നെ ഭക്ഷണത്തിന്റെ ചിത്രങ്ങളും വീഡിയോയും പകർത്തി സൂക്ഷിച്ചു. മലിനമായ ഭക്ഷണം കഴിക്കേണ്ടി വന്നതിൽ മാനസിക വിഷമം, ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുമോയെന്ന ഭയം, ഉപഭോക്താവെന്ന നിലയിൽ വിശ്വാസം നഷ്‌ടപ്പെടൽ എന്നിവ‌യ്‌ക്ക് കാരണമായെന്നും ചൂണ്ടിക്കാട്ടിയാണ് സുന്ദരകുമാര മണികണ്ഠൻ പരാതിപ്പെട്ടത്.

1,30,000 രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് പരാതിക്കാരൻ റെസ്റ്റോറന്റിനെതിരെ വക്കീൽ നോട്ടീസ് അയച്ചത്. റെസ്റ്റോറന്റിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണത്തിൽ അസംതൃപ്‌തനായ പരാതിക്കാരൻ ഉപഭോക്തൃ കമ്മീഷനിൽ പരാതിനൽകുകയായിരുന്നു. റെസ്റ്റോറന്റ് അധികൃതർ ആദ്യം പരാതി നിഷേധിച്ചെങ്കിലും മണികണ്‌ഠൻ നൽകിയ ഗൂഗിൾ റിവ്യൂവിൽ അവർ പരസ്യമായി മാപ്പുപറഞ്ഞത് കോടതി തെളിവായി കണക്കാക്കുകയായിരുന്നു. അടുത്ത അഞ്ച് ആഴ്ച‌കളിലെ എല്ലാ ഞായറാഴ്‌ചയും രണ്ട് പ്ലേറ്റ് ബിരിയാണി വീതം പരാതിക്കാരന് സൗജന്യമായി നൽകാനാണ് നിർദേശം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, CONSUMER, COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360