
ന്യൂഡൽഹി: മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ ഡൽഹി ഗോവിന്ദപുരിയിലെ തീപിടിത്തത്തിൽ പതിനേഴുവയസുകാരി ഉൾപ്പെടെ നാലുപേർ പിടിയിൽ. നിരഞ്ജൻ (33), രാജ്കുമാർ (27), സരിത (27) എന്നിവരാണ് പിടിയിലായത്. സാമ്പത്തിക തർക്കം കാരണമുണ്ടായ വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് ഡൽഹി പൊലീസ് പറഞ്ഞു. ഭാരതീയ ന്യായ സംഹിത പ്രകാരം (ബിഎൻഎസ്) ഗൂഢാലോചന, കൊലപാതകശ്രമം, മനഃപൂർവമല്ലാത്ത നരഹത്യ, അതിക്രമിച്ചു കടക്കൽ തുടങ്ങിയ വകുപ്പുകൾ പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയിട്ടുണ്ട്.
ആദ്യം സാധാരണ തീപിടിത്തമെന്ന നിലയിലാണ് കേസെടുത്തതെങ്കിലും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. തീപിടിത്തത്തിന് തൊട്ടുമുമ്പ് ഒരു യുവതി കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പൊലീസ് തിരിച്ചറിഞ്ഞതും കസ്റ്റഡിയിലെടുത്തതും. പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റ് മൂന്ന് പേരെയും അറസ്‌റ്റ് ചെയ്‌തതെന്ന് ഡിസിപി ഹേമന്ത് തിവാരി വ്യക്തമാക്കി.
കെട്ടിടത്തിലെ അഞ്ചാം നിലയിൽ താമസിക്കുന്ന ദീപക് എന്നയാളുമായി ഉണ്ടായ പണമിടപാട് തർക്കത്തെത്തുടർന്ന് പ്രതികളിലൊരാളായ സരിത തീവയ്ക്കാൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രേരിപ്പിക്കുകയായിരുന്നു. ദീപക്കിന്റെ സ്കൂട്ടർ കത്തിക്കാനായി സരിത തന്നെയാണ് പെൺകുട്ടിക്ക് പെട്രോളും തീപ്പെട്ടിയും എത്തിച്ചു നൽകിയതെന്നും പൊലീസ് കണ്ടെത്തി. സ്കൂട്ടറിന് വച്ച തീ പിന്നീട് പാർക്കിംഗ് ഏരിയയിലുണ്ടായിരുന്ന മറ്റു വാഹനങ്ങളിലേക്ക് കെട്ടിടത്തിലേക്കും പടരുകയായിരുന്നു.
തീപിടുത്തത്തിൽ രണ്ടും നാലും നിലകളിൽ താമസിച്ചിരുന്ന പങ്കജ് (28), മുത്തശ്ശി സുശീല ദേവി (70), പങ്കജിന്റെ സഹോദരി സോണി (20) എന്നിവർക്കാണ് ജീവൻ നഷ്‌ടമായത്. പങ്കജിന്റെ അമ്മ ഗുഡ്ഡി ദേവി (50), ഇളയ സഹോദരി മോണി (18) എന്നിവർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. തീപിടിത്തത്തിൽ മൂന്ന് സ്കൂട്ടറുകൾ, രണ്ട് മോട്ടോർ സൈക്കിളുകൾ, ഒരു സൈക്കിൾ എന്നിവയും പൂർണമായും കത്തിനശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |