ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഡൽഹിയിലെ ജന്തർ മന്തറിൽ ശക്തമാകുന്നു. രാജി ആവശ്യപ്പെട്ട് ഐസയുടെയും (ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ) എഐഎസ്എഫിന്റെയും നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ കടുത്ത നടപടിയുമായി പൊലീസ് രംഗത്തെത്തി.
കപിൽ സിബൽ, നിത്യ രാമകൃഷ്ണൻ, പല്ലവ് സിസോദിയ, പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ് എന്നിവർ ഐസ ദേശീയ അദ്ധ്യക്ഷ നേഹ ബോറയ്ക്കും മറ്റ് വിദ്യാർഥികളോടുമൊപ്പമാണ് പട്ടേൽ ചൗക്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. ഇന്നലെ നടന്ന പ്രതിഷേധത്തിൽ നൂറുകണക്കിനാളുകളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടവകാശം സംരക്ഷിക്കണമെന്ന ആവശ്യമുന്നയിച്ചുമാണ് പ്രതിഷേധം ശക്തമാക്കുന്നത്.
പട്ടേൽ ചൗക്കിൽ നിന്നും ആരംഭിച്ച മാർച്ച് ജന്തർ മന്തറിലേക്കാണ് നീങ്ങിയത്. എന്നാൽ ജന്തർ മന്തർ പരിസരം പൂർണമായും ബാരിക്കേഡുകൾ ഉയർത്തി ഡൽഹി പൊലീസും കേന്ദ്രസേനയും ഉപരോധിച്ചിരുന്നു. പ്രതിഷേധം കനത്തതോടെ സ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കുകയും മാർച്ച് തടയാൻ വലിയ സന്നാഹങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്.
ഇന്നലെ ജന്തർ മന്തറിലും ഡൽഹിയുടെ വിവിധ ഭാഗങ്ങളിലുമായി നടന്ന പ്രതിഷേധത്തിനിടെ 500ലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകളുണ്ട്. മുൻ ഡൽഹി മുഖ്യമന്ത്രി അതിഷി, ആം ആദ്മി പാർട്ടി ഡൽഹി അദ്ധ്യക്ഷൻ സൗരഭ് ഭരദ്വാജ്, സാമൂഹിക പ്രവർത്തകൻ യോഗേന്ദ്ര യാദവ്, നേഹ ബോറ എന്നിവരെയും ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.
അതേസമയം, ഗ്യാനേഷ് കുമാർ രാജിവച്ചില്ലെങ്കിൽ ഒക്ടോബർ 10ന് ഡൽഹിയിലെ ജന്തർ മന്തറിൽ വീണ്ടും പ്രതിഷേധം ശക്തമാക്കുമെന്ന് കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജീത് ദിപ്കെ വ്യക്തമാക്കിയിട്ടുണ്ട്. ‘ചലോ ഡൽഹി’ എന്ന പേരിലാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സമരം സമാധാനപരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Hundreds were detained in Delhi yesterday during protests demanding Chief Election Commissioner Gyanesh Kumar's resignation and voting rights protection. Student associations and prominent figures led marches towards Jantar Mantar, which police heavily barricaded. Security was intensified as demonstrations continued, with further protests planned for October 10 if demands are unmet.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |