ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധിക്കാനെത്തിയ 7,000ലേറെ പേരെ പൊലീസ് വിട്ടയച്ചു. മുൻ മുഖ്യമന്ത്രിമാരായ മമത ബാനർജി, പിണറായി വിജയൻ, അരവിന്ദ് കെജ്‌രിവാൾ, മണിക് സർക്കാർ എന്നിവരും മോചിതരായി. എന്നാൽ കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) നേതാക്കൾ നിയമനടപടികൾ പൂർത്തിയാകുന്നതുവരെ കസ്റ്റഡിയിൽ തുടരുമെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്.
വോട്ടുകൊള്ള നടന്നെന്ന ആരോപണങ്ങളിൽ പ്രതിഷേധിച്ചും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടും ജന്തർ മന്ദറിൽ നടത്താനിരുന്ന സമരം തടയാൻ ഡൽഹിയിൽ കനത്ത സുരക്ഷാ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. പ്രതിഷേധത്തിൽ പങ്കെടുക്കാൻ ശ്രമിച്ച പ്രതിപക്ഷ നേതാക്കളെയടക്കം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സി.പി.എം എം.പി ജോൺ ബ്രിട്ടാസിനും മുൻ മന്ത്രി കെ.എൻ. ബാലഗോപാലിനുമൊപ്പം മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽനിന്ന് മോചിതനായ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിനും ഡൽഹി പൊലീസിനുമെതിരെ രൂക്ഷ വിമർശനമുന്നയിച്ചു.
ജനാധിപത്യത്തെ അടിച്ചമർത്താനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ നടപടികളാണ് ഡൽഹിയിൽ കാണുന്നതെന്ന് അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിന് പകരം പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുകയാണ് ചെയ്യുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. ബാരിക്കേഡുകൾക്കും കസ്റ്റഡികൾക്കും ജനാധിപത്യത്തിന്റെ മുന്നേറ്റം തടയാനാകില്ലെന്നും ഭരണഘടന സംരക്ഷിക്കാനും ജനാധിപത്യത്തെ പ്രതിരോധിക്കാനുമുള്ള സമരത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജാഫർപൂർ പൊലീസ് സ്റ്റേഷനിൽനിന്നാണ് ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാളിനെ വിട്ടയച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ജനങ്ങൾ ഡൽഹിയിലെത്തണമെന്ന് കെജ്‌രിവാൾ നേരത്തേ ആഹ്വാനം ചെയ്തിരുന്നു. സി.ജെ.പി നേതാക്കളായ അഭിജീത് ദിപ്‌കെ, സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവരെ മുംബയിൽനിന്നുള്ള വിമാനം ഡൽഹിയിലെത്തിയതിന് പിന്നാലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ജന്തർ മന്ദറിൽ പ്രതിഷേധം നടത്താൻ അനുമതിയില്ലെന്നാണ് പൊലീസ് അറിയിച്ചതെന്ന് നേതാക്കൾ പറഞ്ഞു. തങ്ങളോട് കുറ്റവാളികളോടെന്ന പോലെയാണ് പൊലീസ് പെരുമാറിയതെന്നും അഭിജീത് ദിപ്‌കെ ആരോപിച്ചു. കസ്റ്റഡിയിലായതിനുശേഷം പുറത്തുവിട്ട മുൻകൂട്ടി റെക്കോർഡ് ചെയ്ത വീഡിയോ സന്ദേശത്തിൽ, സംഘടനയുടെ ചുമതലക്കാരനായ അജിങ്ക്യ ഷിൻഡെ ജന്തർ മന്ദറിലെ പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. നേതാക്കൾ കസ്റ്റഡിയിലായാലും ഇല്ലെങ്കിലും രാജ്യവ്യാപകമായി പ്രതിഷേധം തുടരുമെന്നാണ് സിജെപിയുടെ നിലപാട്.
കസ്റ്റഡിയിലായിരിക്കെ അഭിജീത് ദീപ്‌കെയുടെ മുത്തശ്ശി സാവിത്രിബായി ശങ്കററാവു ദിപ്‌കെ മരിച്ച വിവരവും പൊലീസ് അദ്ദേഹത്തെ അറിയിച്ചു. മഹാരാഷ്ട്രയിലെ ഹിംഗോളിയിലെ വീട്ടിൽ രാവിലെ 11.30ഓടെയായിരുന്നു അന്ത്യം. ദീർഘനാളായി അസുഖബാധിതയായിരുന്നു. അഭിജീത്തിന് വീട്ടിലേക്ക് പോകാനുള്ള സൗകര്യം ഒരുക്കാമെന്ന് പൊലീസ് അറിയിച്ചതായി കുടുംബവൃത്തങ്ങൾ പറഞ്ഞു. വിദേശത്ത് താമസിക്കുന്ന യൂട്യൂബർ ധ്രുവ് റാത്തിയെയും പ്രതിഷേധത്തിൽ പങ്കെടുക്കാനായി എത്തിയതിനിടെ കസ്റ്റഡിയിലെടുത്തു. ഗുരുഗ്രാമിലെ സെക്ടർ 56ലുള്ള വസതിയിൽനിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
Over 7,000 protesters, including former Chief Ministers Mamata Banerjee, Pinarayi Vijayan, Arvind Kejriwal, and Manik Sarkar, were detained and subsequently released by Delhi police. They had gathered to protest alleged electoral irregularities and demand the Chief Election Commissioner's resignation. Heavy security was deployed in Delhi to prevent the demonstration at Jantar Mantar, though some Cockroach Janatha Party leaders remain in custody for legal procedures.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |