
തിരിച്ചടിച്ച് സൗദി, മിസൈൽ ലോഞ്ചറുകൾ തകർത്തു
റിയാദ്: സൗദി അറേബ്യയ്ക്കുനേരെ യെമനിലെ ഹൂതി വിമതർ നടത്തുന്ന വ്യോമാക്രമണങ്ങൾ അതിരുകടക്കുന്നു. വ്യാഴാഴ്ച റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഇരട്ട മിസൈലാക്രമണത്തിൽ മൂന്ന് പൗരന്മാർ കൊല്ലപ്പെട്ടെന്ന് സൗദി ഇന്നലെ അറിയിച്ചു. വിദേശികൾ അടക്കം നിരവധി പേർക്ക് പരിക്കേറ്റു.
കൊല്ലപ്പെട്ടവരിൽ സൗദിയ എയർലൈൻസ് വിമാനത്തിന്റെ പൈലറ്രുമുണ്ട്. റൺവേയിൽ നിറുത്തിയിട്ടിരുന്ന വിമാനത്തിൽ മിസൈൽ പതിച്ച് തീപിടിക്കുകയായിരുന്നു. യാത്രക്കാർ ഉണ്ടായിരുന്നില്ല. വിമാനത്താവളത്തിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.
ഇതിനിടെ, മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് റിയാദിൽ നഴ്സറി, മെഡിക്കൽ ക്ലിനിക് കെട്ടിടങ്ങൾക്ക് നാശനഷ്ടം സംഭവിച്ചു. റിയാദിന് സമാന്തരമായി സൗദിയുടെ തെക്കൻ അതിർത്തി പ്രദേശങ്ങളിലും ആക്രമണമുണ്ടായി. അഭ, നജ്രാൻ, കിംഗ് ഖാലിദ് എയർബേസ് (ഖാമിസ് മുഷൈത്ത്) എന്നിവയേയും ലക്ഷ്യമിട്ടു. യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ സർക്കാർ സേനയുമായി ചേർന്ന് ശക്തമായ ബോംബാക്രമണം നടത്തിയാണ് സൗദിയുടെ തിരിച്ചടി. മൂന്ന് ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകൾ സൗദി ഇന്നലെ തകർത്തു.
# വ്യോമപാത ഒഴിവാക്കണം
സൗദി വ്യോമപാത ഒഴിവാക്കണമെന്ന് അന്താരാഷ്ട്ര വിമാനക്കമ്പനികൾക്ക് ഹൂതികൾ മുന്നറിയിപ്പ് നൽകി. എയർ ഇന്ത്യ അടക്കം ഇന്ത്യൻ കമ്പനികൾ റിയാദ് സർവീസുകൾ റദ്ദാക്കിയിരുന്നു. ലുഫ്താൻസ 16 വരെയുള്ള റിയാദ് സർവീസ് നിറുത്തിവച്ചു. ഇന്ത്യയുടേത് അടക്കം വിവിധി എംബസികൾ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശവും നൽകി. റിയാദ് വിമാനത്താവളത്തിലേക്ക് പോകരുതെന്ന് തങ്ങളുടെ ഉദ്യോഗസ്ഥരോട് യു.എസ് നിർദ്ദേശിച്ചു.
# അരാംകോയ്ക്ക് ഭീഷണി
അരാംകോ റിഫൈനറികൾ അടക്കം ഊർജ്ജ കേന്ദ്രങ്ങളാണ് അടുത്ത ലക്ഷ്യമെന്നും ഡ്രോണുകൾ ഇരച്ചെത്തുംമുന്നേ ജീവനക്കാർ ഒഴിയണമെന്നും ഹൂതികൾ അറിയിച്ചു. ബ്രെന്റ് ക്രൂഡ് നിരക്ക് ബാരലിന് 105 ഡോളറിലേക്കെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |